ഋഷ്ടിഷേണപുത്രൻ ദേവാപി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി – മിത്രാദിദേവന്മാരെല്ലാം ദേവത.
ബൃഹസ്പതേ, അവിടുന്ന് എനിയ്ക്കുവേണ്ടി ദേവതകളിൽ ചെന്നാലും: മിത്രനോ, വരുണനോ, പൂഷാവോ, ആദിത്യരോടും വസുക്കളോടുംകൂടിയ മരുത്ത്വാനോ ആണല്ലോ, അങ്ങ്; ആ ഭവാൻ ശന്തനുവിന്നായി പർജ്ജന്യനെക്കൊണ്ടു മഴ പെയ്യിച്ചാലും! 1
‘ദേവാപേ, നടത്തക്കാരായ ജീവസ്സുള്ള ഒരു ദേവൻ നിന്റെ അടുക്കൽനിന്നു ദൂതനായി എന്റെ അടുക്കൽ വരട്ടെ.’ നിന്തിരുവടി നേരേ എങ്കലെയ്ക്കു വരിക: ഞാൻ ഒരു തിളങ്ങുന്ന സ്തോത്രം വായിൽ വെച്ചിരിയ്ക്കുന്നു. 2
ബൃഹസ്പതേ, ഇടറാതെ നടക്കുന്ന ഒരു തിളങ്ങുന്ന സ്തോത്രം ഭവാൻ ഞങ്ങളുടെ വായിൽവെച്ചാലും: എന്നാൽ, നമുക്കിരുവർക്കുംകൂടി, വാനത്തുനിന്നു ശന്തനുവിന്നായി മഴ പെയ്യിയ്ക്കാം; ആ നീർത്തുള്ളി മാധുര്യത്തോടേ ഉൾപ്പൂകുമല്ലോ! 3
നീർത്തുള്ളികൾ മാധുര്യത്തോടേ ഞങ്ങളിൽ ഉൾപ്പൂകട്ടെ! ഇന്ദ്ര, അവിടുന്നു തേരിൽ ഒരായിരം തന്നാലും! ദേവാപേ, നീ ഹോത്രത്തിനിരിയ്ക്കുക: കാലംതോറും യജിയ്ക്കുക – ദേവന്മാരെ ഹവിസ്സുകൊണ്ടു പൂജിയ്ക്കുക. 4
ഋഷിയായ ഋഷ്ടിഷേണപുത്രൻ ദേവാപി ദേവന്മാരെ നന്നായി സ്തുതിച്ചുകൊണ്ടു ഹോത്രത്തിനിരുന്നു: അവൻ മുകളിലെ സമുദ്രത്തിൽനിന്നു താഴത്തേതിലെയ്ക്കു ദിവ്യമായ വർഷജലം വീഴ്ത്തട്ടെ! 5
ഈ സമുദ്രത്തിലെയ്ക്കുള്ള വെള്ളങ്ങൾ മുകളിലേതിൽ ദേവകളാൽ തടയപ്പെട്ടു നില്ക്കുകയായിരുന്നു; കാംക്ഷിതങ്ങളായ അവ ഋഷ്ടിഷേണപുത്രനായ ദേവാസിയാൽ വിടുവിയ്ക്കപ്പെട്ടു, വെടുപ്പുള്ളേടങ്ങളിൽ ഒഴുകി. 6
ദേവാപി ശന്തനുവിന്നു പുരോഹിതനായി, ഹോത്രത്തിന്നു വരിയ്ക്കപ്പെട്ടിട്ടു, ദേവന്മാരോടു മഴ യാചിയ്ക്കുന്ന ബൃഹസ്പതിയെ പ്രാർത്ഥിച്ചു ധ്യാനിച്ചു; തന്തിരുവടി പ്രസാദിച്ച്, അവന്ന് ഒരു ശബ്ദം നല്കി. 7
അഗ്നേ, തിളങ്ങുന്ന ഋഷ്ടിഷേണപുത്രൻ ദേവാപി എന്ന മനുഷ്യൻ അങ്ങയെ ഉജ്ജ്വലിപ്പിച്ചുവല്ലോ; അതിനാൽ അങ്ങ് എല്ലാദ്ദേവന്മരാലും അനുമോദിയ്ക്കപ്പെട്ടു പർജ്ജന്യനെക്കൊണ്ടു മഴ പെയ്യിച്ചാലും ! 8
പുരുഹൂത, പണ്ടേത്തെ ഋഷിമാർ അങ്ങയെ സ്തുതിച്ചു സമീപിച്ചു;(ഇന്നും) എല്ലാവരും അധ്വരങ്ങളിൽ അങ്ങയെ സമീപിയ്ക്കുന്നു. ആയിരമായിരവും തേരുകളും ഞങ്ങൾക്കു കിട്ടട്ടെ: രോഹിദശ്വ, അങ്ങ് ഞങ്ങളുടെ യാഗത്തിൽ എഴുന്നള്ളിയാലും! 9
അഗ്നേ, ഇതാ, തൊണ്ണൂറ്റൊമ്പതിനായിരം ഗോക്കളെയും തേരുകളും ഭവാന്നു സമർപ്പിച്ചു: ശൂര, അവകൊണ്ടു ഭവാൻ വളരെത്തിരുമെയ്യുകൾ തടിപ്പിച്ചാലും; പ്രാർത്ഥിയ്ക്കുന്ന ഞങ്ങൾക്കു വാനിൽനിന്നു മഴ മതിയാവോളം പെയ്താലും! 10
അഗ്നേ, ഈ തൊണ്ണൂറായിരം വൃഷാവായ ഇന്ദ്രന്നു ഭാഗമായി കൊടുത്താലും; ദേവന്മാർ നടക്കുന്ന വഴികളറിയുന്ന ഭവാൻ കാലം തോറും ശന്തനുപുത്രനെയും ദേവന്മാരിലിരുത്തിയാലും! 11
അഗ്നേ, അങ്ങ് ശത്രുക്കളെയും ദുഷ്പ്രാപങ്ങളെയും ഉടച്ചാലും; രോഗത്തെയും രക്ഷസ്സുകളെയും തട്ടിനീക്കിയലും; ഈ വലിയ സമുദ്രമായ അന്തരിക്ഷത്തിൽനിന്നു, ഞങ്ങൾക്കു – ഞങ്ങൾക്കു – ധാരാളം – വെള്ളം ഇവിടെ പൊഴിച്ചാലും! 12
[1] ആദിത്യർ – അരുണാദികളായ പന്തിരണ്ടുപേർ. വസുക്കൾ – ധരാദികളായ എട്ടുപേർ. മരുത്ത്വാൻ = മരുത്സഹിതൻ. ശന്തനു – ശന്തനു എന്ന രാജാവ്.
[2] ആദ്യവാക്യം തന്നോട്: ഒരു ദേവൻ – ബൃഹസ്പതി. രണ്ടുമുതൽ വാക്യങ്ങൾ ബൃഹസ്പതിയോടു്: വായിൽവെച്ചിരിയ്ക്കുന്നു – ചൊല്ലാൻതുടങ്ങുന്നു.
[3] ആ നീർത്തുള്ളി – അങ്ങയാൽ അയയ്ക്കപ്പെട്ട ജലശീകരം മധുരവും ഹൃദയംഗവുമായിരിയ്ക്കുമല്ലോ.
[4] ഇന്ദ്ര – ഹേ ബൃഹസ്പതേ. ഒരായിരം – ധനം. ദേവാപേ എന്നാദിയായ വാക്യം തന്നോടുതന്നേ പറയുന്നതാണു്.
[5] മുകളിലെസ്സമുദ്രം – അന്തരിക്ഷം. താഴത്തേതിലെയ്ക്കുഭൂമിയിലെ സമുദ്രത്തിലെയ്ക്ക്.
[6] മുകളിലേതിൽ – മുകളിലെ സമുദ്രത്തിൽ, അന്തരിക്ഷത്തിൽ. കാംക്ഷിതങ്ങൾ – ആളുകളാൽ ആഗ്രഹിയ്ക്കപ്പെട്ടവ.
[7] ദേവാപി – ഞാൻ. അവന്ന് – ദേവാപിയ്ക്ക്. ഒരു ശബ്ദം നല്കി – ഒരഗ്നിസ്തോത്രം ഉപദേശിച്ചു. ആ സ്തോത്രമാണു്, അടുത്ത ഋക്കുകൾ.
[8] തിളങ്ങുന്ന – സ്തോത്രംകൊണ്ടു ജ്വലിയ്ക്കുന്ന.
[9] പുരുഹൂത – ബഹുസ്തുത. ആയിരമായിരവും – വളരെഗ്ഗോക്കളും. കിട്ടട്ടെ – ശന്തനുവിങ്കൽനിന്നു ദക്ഷിണയായി ലഭിയ്ക്കട്ടെ.
[10] ഗോക്കളും തേരുകളും – ശന്തനുവിങ്കൽനിന്നു ദക്ഷിണയായി കിട്ടിയവ.
[11] തൊണ്ണൂറായിരം – ഗോക്കളെ.
[12] ദുഷ്പ്രാപങ്ങൾ – കടക്കാൻവയ്യാത്ത ശത്രുപുരങ്ങൾ.