ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ആര്‍ ജനിച്ചപ്പോൾത്തന്നേ പ്രധാനനും അതിമനസ്വിയും ദേവനുമായിട്ടു, കർമ്മംകൊണ്ടു ദേവന്മാർക്കു മേലാളായിച്ചമഞ്ഞുവോ; ആരുടെ ബലത്താല്‍ വാനൂഴികൾ പേടിച്ചുപോയോ; ആളുകളേ, ഒരു വമ്പിച്ച സൈന്യവുമുള്ള അദ്ദേഹമാണ്, ഇന്ദ്രൻ! 1
ആര്‍ ഭൂമിയുടെ ഇളക്കം മാറ്റിയോ; ആര്‍ ചീറിപ്പറന്നിരുന്ന പർവതങ്ങളെ അടക്കിനിർത്തിയോ; ആര്‍ അന്തരിക്ഷത്തിന്നു വീതി കൂട്ടിയോ; ആര്‍ വാനിനെ ഉറപ്പിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 2
ആര്‍ മേഘത്തെ പിളർത്തു, സപ്തനദികളെ പ്രവഹിപ്പിച്ചുവോ; വലന്‍ തടഞ്ഞുനിർത്തിയ ഗോക്കളെ ആര്‍ വിടുവിച്ചുവോ; ആര്‍ ഇരുമേഘങ്ങളുടെഇടയില്‍ അഗ്നിയെ ഉല്‍പാദിപ്പിച്ചുവോ ആളുകളേ, യുദ്ധങ്ങളില്‍ വധിയ്ക്കുന്ന അദ്ദേഹമാണ്, ഇന്ദ്രന്‍! 3
ആര്‍ ഈ ഭുവനങ്ങളെ വീഴാതാക്കിയോ; ആര്‍ താന്ന മുടിയന്മാരെ കുഴിയില്‍ മൂടിയോ; ലക്ഷ്യത്തെ വെല്ലുന്നവനായ ആര്‍ ശത്രുവിന്റെ സമൃദ്ധിയെ, ഒരു വേടനെന്നപോലെ കൈക്കലാക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 4
ആ ഘോരനെ ആളുകൾ ചോദിയ്ക്കും, ‘അയാളെവിടെ?’ എന്ന് അല്ലെങ്കില്‍ അദ്ദേഹത്തെപ്പറ്റി പറയും, ‘അയാളില്ലെ’ന്നു്. എന്നാല്‍, അദ്ദേഹം പേടിപ്പിച്ചുതന്നേ മുടിയ്ക്കും, ശത്രുവിന്റെ മുതല്‍. ആളുകളേ, അദ്ദേഹത്തെ വിശ്വസിപ്പിൻ: അദ്ദേഹമാണ്, ഇന്ദ്രന്‍! 5
ആര്‍ സമ്പന്നന്നും, ആര്‍ ദരിദ്രന്നും. ആര്‍ യാചിച്ചു സ്തുതിക്കുന്ന ബ്രഹ്മജ്ഞന്നും ധനം അയച്ചുകൊടുക്കുന്നുവോ; അഴകൊത്ത ശിരസ്സുള്ള ആര്‍ സോമം അമ്മിക്കുഴകൊണ്ടു ചതച്ചു പിഴിഞ്ഞവനെ രക്ഷിച്ചരുളുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 6
അശ്വങ്ങൾ ആരുടെ, ഗോക്കൾ ആരുടെ, ഗ്രാമങ്ങൾ ആരുടെ, എല്ലാ രഥങ്ങളും ആരുടെ ചൊല്ക്കീഴില്‍ നില്ക്കുന്നുവോ; സൂര്യനെ ആര്‍, ഉഷസ്സിനെ ആര്‍ ജനിപ്പിച്ചുവോ; വെള്ളം ആര്‍ വർഷിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 7
ചേർന്നുനില്ക്കുന്ന വാനൂഴികളും, ഉത്തമര്‍ അധമര്‍ എന്ന രണ്ടു തരം ശത്രുക്കളും ആരെ ആഹ്വാനംചെയ്യുന്നുവോ; ഒരേ തേരിലിരിയ്ക്കുന്ന ഇരുവര്‍ ആരെ നാനാപ്രകാരേണ വിളിയ്ക്കുന്നുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ! 8
ആളുകൾ ആരെക്കൂടാതെ ജയം നേടില്ലയോ; പൊരുതുന്നവര്‍ രക്ഷയ്ക്ക് ആരെ വിളിയ്ക്കുന്നുവോ; സർവലോകത്തിന്നും പ്രതിനിധി ആരോ; ആര്‍ വീഴാത്തവയേയും വീഴിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ! 9
തന്നെത്താനറിയാത്ത വളരെ മഹാപാപികളെ ആര്‍ വജ്രംകൊണ്ടു വധിച്ചുവോ; ആര്‍ ഉങ്കുകാരന്ന് ഉത്തമകർമ്മം കൊടുക്കില്ലയോ; ആര്‍ മുടിയനെ മുടിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 10
ആര്‍ മലകളിലൊളിച്ച ശംബരനെ നാല്പതാംസംവത്സരത്തില്‍ കണ്ടുപിടിച്ചുവോ; കെല്പെടുത്തു പൊരുതിയ ആ ദാനവനെ ആര്‍ കൊന്നുവീഴ്ത്തിയോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 11
സപ്തരശ്മിയും വർഷിതാവും ബലവാനുമായ ആര്‍ സപ്തനദികളെ ഒഴുകിച്ചുവോ; സ്വർഗ്ഗത്തിലെയ്ക്കു കേറുന്ന രൌഹിണനെ ആര്‍ വജ്രമെടുത്തു വധിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 12
വാനൂഴികൾ ആരെ വണങ്ങുന്നുവോ; പർവതങ്ങൾ ആരുടെ ബലത്തെ പേടിയ്ക്കുന്നുവോ സോമപനും, ദൃഢഗാത്രനും, വജ്രതുല്യബാഹുവും വജ്രപാണിയും ആരോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ!13
ആര്‍ സോമം പിഴിയുന്നവനെ, ആര്‍ പചിയ്ക്കുന്നവനെ, ആര്‍ രക്ഷയ്ക്കു ‘ശസ്ത്ര’ങ്ങൾ ചൊല്ലുന്നവനെ, ആർ സ്തുതിയ്ക്കുന്നവനെ രക്ഷിയ്ക്കുമോ; ആരെ ഉല്‍കൃഷ്ടസ്തോത്രം, ആരെ സോമം, ആരെ ഈ അന്നം വർദ്ധിപ്പിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 14
പിഴിയുന്നവന്ന്, പചിയ്ക്കുന്നവന്ന് അന്നമെത്തിച്ചുകൊടുക്കുന്ന ഭവാന്‍ ദുര്‍ജ്ഞേ യനെങ്കിലും സത്യൻതന്നെ. ഇന്ദ്ര, ഞങ്ങൾ അങ്ങയ്ക്കു പ്രിയപ്പെട്ടവരും ശോഭനവീരാന്വിതരുമായിട്ടു, നാൾതോറും സ്തോത്രം ചൊല്ലുമാറാകണം! 15
[1] ഗൃത്സമദന്റെ യജ്ഞത്തില്‍ ചെന്ന ഇന്ദ്രൻ ഏകാകിയാണെന്നറിഞ്ഞിട്ട്, അദ്ദേഹത്തെ അസുരന്മാർ വളഞ്ഞു. അപ്പോൾ ഇന്ദ്രന്‍ ഗൃത്സമദന്റെ വേഷത്തിൽ യാഗശാലയില്‍നിന്നു പുറത്തെയ്ക്കിറിങ്ങി, സ്വർഗ്ഗത്തിലെയ്ക്കു പോയി. അസുരന്മാരാകട്ടേ, ‘ഇന്ദ്രൻ വരാൻ വൈകിയ്ക്കയാണെ’ന്നു കരുതി അകത്തു കടന്നു. അവിടെ ഗൃത്സമദൻമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ‘ഗൃത്സമദന്‍ പോയല്ലോ; ഇയ്യാൾ നമ്മെപ്പേടിച്ചു ഗൃത്സമദരൂപം ധരിച്ചിരിയ്ക്കുന്ന ഇന്ദ്രനാണെ’ന്നു നിശ്ചയിച്ച്, അസുരന്മാർ അദ്ദേഹത്തെ കടന്നുപിടിച്ചു. അപ്പോൾ അദ്ദേഹം, ‘ഞാനല്ല ഇന്ദ്രന്‍’ എന്നു് അവരോടു പറയുന്നു: (ഈ ഇതിഹാസം വേറേ രണ്ടുമൂന്നുവിധത്തിലുമുണ്ട്; മഹാഭാരതത്തിലേതാണ് ഇവിടെ കാണിച്ചത്.) അദ്ദേഹമാണ്, ഇന്ദ്രന്‍ – തുച്ഛനായ ഞാനല്ല.
[3] അഗ്നി – വൈദ്യുതാഗ്നി.
[4] വീഴാതാക്കുക – ഉറപ്പില്‍ നിർത്തുക. താന്ന മുടിയന്മാര്‍ – നികൃഷ്ടരായ വിധ്വംസകന്മാർ, അസുരന്മാര്‍. കുഴിയില്‍ മൂടുക – കൊല്ലുക, അഥവാ നരകത്തില്‍ വീഴ്ത്തുക. ലക്ഷ്യത്തെ വെല്ലുന്നവന്‍ – എതിരാളികളെ ജയിയ്ക്കുന്നവന്‍. ഒരു വേടനെന്നപോലെ – വേടന്‍ ഉദ്ദേശിച്ച മൃഗത്തെ പിടിയ്ക്കുന്നതുപോലെ.
[5] ഘോരന്‍ – ശത്രുഘാതകനായ ഇന്ദ്രന്‍.
[6] പിഴിഞ്ഞവനെ – യജമാനനെ.
[7] ജനിപ്പിയ്ക്കുക – മൂടല്‍ നീക്കി വെളിപ്പെടുത്തുക.
[8] രണ്ടുതരം ശത്രുക്കളും – സ്വസ്വവിജയത്തിന്നായി.
[9] വീഴാത്തവ – പർവതാദികൾ.
[10] ഉങ്കുകാരൻ – അഹങ്കാരി.
[12] സപ്തരശ്മി – വരാഹു, സ്വതപസ്സ്, വിദ്യുന്മഹസ്സ്, ധൂപി, ശ്വാപി, ഗൃഹമേധം, അശിമിവിദ്വിട്ട് എന്നീ ഏഴു പർജ്ജന്യ(വർഷക)രശ്മികളോടുകൂടിയവന്‍. രൌഹിണന്‍ – ഒരസുരൻ.
[14] ഈ അന്നം – ഞങ്ങളുടെ പുരോഡാശവും മറ്റും.
[15] ഇന്ദ്രനോടു നേരിട്ടു പറയുന്നു: സത്യന്‍ – എളുപ്പത്തിൽ അറിയപ്പെടാവുന്നവനല്ലെങ്കിലും യഥാർത്ഥഭൂതൻ.