ഋഷിച്ഛന്ദോദേവതകള്‍ മുമ്പേത്തവ.
ഇന്ദ്ര, ശരിയ്ക്കറിഞ്ഞാലും: സ്തുതിയ്ക്കുന്നവരും, മനീഷയാല്‍ ശോഭിയ്ക്കുന്നവരും, അങ്ങയെപ്പോലുള്ള നേതാക്കളോടു സുഖം യാചിയ്ക്കുന്നവരുമായ ഞങ്ങൾ, കൊററു തേടുന്നവന്‍ വണ്ടിയെന്നപോലെ, അങ്ങയ്ക്ക് അന്നം ഒരുക്കിയിരിയ്ക്കുന്നു. 1
ഇന്ദ്ര, അങ്ങ്, അങ്ങയുടെ രക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും: അങ്ങയെ സേവിയ്ക്കുന്ന ജനങ്ങളെ എതിരാളികളില്‍നിന്നു രക്ഷിയ്ക്കുന്നവനാണല്ലോ, അങ്ങ്; ഹവിസ്സേകുന്നവന്ന് ഈശ്വരന്‍, പീഡാനിവാരകൻ – അങ്ങയെ പരിചരിയ്ക്കുന്നവന്ന് ഇങ്ങനെയൊക്കെയുള്ളവനാണല്ലോ, അങ്ങ്! 2
യുവാവും ആഹ്വാതവ്യനും സഖാവും സുഖദനുമായ ആ ഇന്ദ്രൻ കർമ്മനേതാക്കളായ നമ്മെ രക്ഷിച്ചരുളട്ടെ: ശസ്ത്രം ചൊല്ലുന്നവനെയും, ക്രിയകൾ ചെയ്യുന്നവനെയും; പചിയ്ക്കുന്നവനെയും, സാമം പാടുന്നവനെയും രക്ഷിച്ചു മറുകരയിലെത്തിയ്ക്കുമല്ലോ, അവിടുന്ന്! 3
ആരാല്‍ പണ്ടുള്ളവര്‍ വളരുകയും വൈരികളെ വധിയ്ക്കുകയും ചെയ്തുവോ, ആ ഇന്ദ്രനെ ഞാൻ സ്തുതിയ്ക്കുന്നു; അദ്ദേഹത്തെ ഞാന്‍ വർണ്ണിയ്ക്കുന്നു. യാചിയ്ക്കപ്പെടുന്ന അവിടുന്നു സ്തുതിപ്പാൻനോക്കുന്ന പുതിയ മനുഷ്യന്റെ ധനാഭിലാഷത്തെ നിറവേറ്റട്ടെ! 4
അംഗിരസ്സുകളുടെ ഉകു്ഥങ്ങൾ ശ്രവിച്ച ആ ഇന്ദ്രന്‍ വഴിയരുളി, സ്തോത്രം വർദ്ധിപ്പിച്ചു; സ്തുതിയ്ക്കപ്പെടുന്ന അവിടുന്നു സൂര്യനെക്കൊണ്ട് ഉഷസ്സിനെ പിന്മാററിച്ചു; അശ്നന്റെ പുരാതനനഗരങ്ങൾ തകർത്തു! 5
ആ പുകൾപ്പെട്ട അതിദർശനീയനായ ഇന്ദ്രദേവന്‍ മനുവിങ്കല്‍ ഉന്മുഖനായി; ആ അമർത്തുന ബലവാൻ ദ്രോഹിയായ ദാസന്റെ പ്രിയപ്പെട്ട തല താഴെ വീഴ്ത്തി! 6
വൃത്രനെക്കൊന്ന ആ പുരന്ദരനായ ഇന്ദ്രൻ നികൃഷ്ടജാതികളായ ദാസസേനകളെ മുച്ചൂടും മുടിച്ചു; മനുവിന്നുവേണ്ടി ഭൂമിയെയും ജലത്തെയും ഉല്‍പാദിപ്പിച്ചു; യജമാനന്റെ മഹത്തായ അഭിലാഷം നിറവേററി! 7
സ്തോതാക്കളാല്‍ വെള്ളം കിട്ടാന്‍വേണ്ടി, ആ ഇന്ദ്രന്നു നാൾ തോറും ബലവർദ്ധകം യഥാക്രമം നല്കപ്പെട്ടു; വജ്രം തൃക്കയ്യില്‍ ധരിപ്പിയ്ക്കപ്പെട്ട അവിടുന്നു ദസ്യുക്കളെക്കൊന്ന്, ഇരിമ്പുനഗരങ്ങൾ തരിപ്പണമാക്കി! 8
(മാകന്ദമഞ്ജരി)
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
[1] വണ്ടിയെന്ന പോലെ – വണ്ടിയ്ക്കു കിട്ടുന്ന കൂലികൊണ്ടു കൊററ് (ആഹാരം) സാധിയ്ക്കാമല്ലോ. അന്നം – സോമം.
[3] പചിയ്ക്കുക – പുരോഡാശാദികൾ വേവിയ്ക്കുക. മറുകര – കർമ്മാവസാനം.
[5] വഴി – പണികളെന്ന അസുരരുടെ ഉപദ്രവം നീക്കാന്‍. സ്തോത്രം വർദ്ധിപ്പിച്ചു – അവരുടെ സ്തുതിയെ അഭീഷ്ടദാനത്താല്‍ സഫലമാക്കി. പിന്മാററിച്ചു – ഉഷസ്സ് സൂര്യോദയത്തിൽ അപ്രത്യക്ഷമാകുമല്ലോ. അശ്നൻ – ഒരസുരന്‍.
[6] ഉന്മുഖനായി – അഭീഷ്ടം നല്കാനൊരുങ്ങി. അമർത്തുന്ന – ശത്രുക്കളെ. ദാസന്‍ – ഒരസുരന്‍.
[7] ദാസസേനകൾ – ദാസാസുരന്റെ പടകൾ.
[8] ബലവർദ്ധകം – ഹവിസ്സ്.