ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ചന്ദസ്സ്; ഇന്ദ്രൻ ദേവത.
വിശ്വജിത്തും, ധനജിത്തും, സ്വർഗ്ഗജിത്തും, സത്രാജിത്തും, നായകജിത്തും, ഉർവരാജിത്തും, അശ്വജിത്തും, ഗോജിത്തും, ജലജിത്തും, യഷ്ടവ്യനുമായ ഇന്ദ്രന്നു ഭവാന്‍ കമനീയമായ സോമം ഒരുക്കുക. 1
അമർത്തുന്നവനും, അമർത്തപ്പെടാത്തവനും, ഹിംസിയ്ക്കുന്നവനും, ഹിംസിയ്ക്കുപ്പെടാത്തവനും, അടക്കുന്നവനും, സദാ ചെറുക്കുന്നവനും, സർവംസഹനും, സവിതാവും, കഴുത്തു തടിച്ചവനും, വോഢാവുമായ ഇന്ദ്രന്നു നിങ്ങൾ നമസ്സു ചൊല്ലുവിന്‍! 2
സദാ ചെറുക്കുന്നവൻ, കരുത്തരെ ചെറുക്കുന്നവൻ, ജനങ്ങളില്‍ ചെല്ലുന്നവന്‍, ഭ്രംശിപ്പിയ്ക്കുന്നവൻ, യോദ്ധാവ്, പ്രീതിപ്പെടുവോളം സോമസിക്തന്‍, അഭീഷ്ടസമ്പാദകൻ, അമർത്തുന്നവൻ, പ്രജാരക്ഷകൻ – ഇപ്രകാരമുള്ള ഇന്ദ്രന്‍ കാണിച്ച വീര്യങ്ങൾ ഞാന്‍ വർണ്ണിയ്ക്കാം: 3
അദ്വിതീയനായ ദാതാവ്, ശ്രേഷ്ഠൻ, ഹിംസകരെ ഹിംസിയ്ക്കുന്നവൻ, ഗംഭീരന്‍, മഹാന്‍, ദുസ്സാധകർമ്മാവ് സമ്പന്നപ്രേരകൻ, മെലിയിയ്ക്കുന്നവന്‍, ദൃഢഗാത്രൻ, തടിച്ചവൻ, സുയജ്ഞൻ – ഇപ്രകാരമുള്ള ഇന്ദ്രൻ ഉഷസ്സിനെയും സൂര്യനെയും ഉൽപ്പാദിപ്പിച്ചു. 4
മഴ പെയ്യിയ്ക്കുന്ന ഇന്ദ്രനെ സ്തുതിച്ചു, തല്‍പരരായ മനീഷികൾ തപസ്സുകൊണ്ടു വഴിയറിഞ്ഞു; ഉടനേ, രക്ഷയ്ക്കായി ഉറക്കെ സ്തുതിച്ചു സമീപിച്ചു ധനത്തെ വീണ്ടെടുത്തു. 5
ഇന്ദ്ര, അങ്ങു ഞങ്ങൾക്ക് ഉത്തമധനങ്ങളും, കർമ്മകൌശലഖ്യാതിയും, സൌഭാഗ്യവും, ഞങ്ങളുടെ സമ്പത്തിന്നഭിവൃദ്ധിയും ദേഹത്തിന്നാരോഗ്യവും, വാക്കിന്നു മാധുര്യവും, പകലുകൾക്കു സുദിനത്വവും തന്നരുളുക! 6
[1] വിശ്വജിത്ത് –.എല്ലാററിനെയും ജയിച്ചവൻ; ഇതിന്റെ വിവരണമാണ്, ജലജിത്ത് എന്നതുവരെ. സത്രാജിത്ത് = സതതവിജയി. ഉർവര = എല്ലാസ്സസ്യങ്ങളുമുള്ള ഭൂമി. ഭവാന്‍ – അധ്വര്യുയുവിനോടു പറയുന്നതാണിത്.
[2] സ്തോതാക്കളോടു പറയുന്നു: സവിതാവ് = സ്രഷ്ടാവു്. നമസ്സ് – നമസ്കാരത്തോടുകൂടിയ സ്തോത്രം.
[3] ജനങ്ങളില്‍ ചെല്ലുന്നവന്‍ – അഭീഷ്ടം നല്കാന്‍. ഭ്രംശിപ്പിയ്ക്കുന്നവന്‍ – ശത്രുക്കളെ. സോമസിക്തന്‍ – സോമനീര്‍ തളിയ്ക്കപ്പെട്ടവന്‍.
[4] സമ്പന്നപ്രേരകന്‍ – ധനാഢ്യരെ യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കുന്നവന്‍. മെലിയിയ്ക്കുന്നവന്‍ – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്നവന്‍.
[5] തൽപരര്‍ – ഇന്ദ്രകാമന്മാര്‍. മനീഷികൾ – അംഗിരസ്സുകൾ. വഴി – ഗോക്കൾ പോയ വഴി. സമീപിച്ച് – ഇന്ദ്രന്റെ അടുക്കൽ ചെന്ന്. ധനത്തെ – ഗോവൃന്ദത്തെ.
[6] പകലുകൾക്കു സുദിനത്വം – എല്ലാദ്ദിവസങ്ങളും ഞങ്ങൾക്കു സുദിനങ്ങളായിബ്ഭവിയ്ക്കുട്ടെ!