ഗൃത്സമദന്‍ ഋഷി; അഷ്ടിയും അതിശക്വരിയും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ഈ പൂജനീയനായ ബലിഷ്ഠന്‍ ആഭിപ്ലവികദിവസങ്ങളില്‍ പിഴിഞ്ഞു യവമലര്‍പ്പൊടിയിട്ടതു വിഷ്ണുവൊന്നിച്ചു യഥേഷ്ടം മതിയാവോളം പാനംചെയ്തു; അതു് ഈ വലിയ മഹാനെ മഹാകർമ്മം ചെയ്യാൻ മത്തുപിടിപ്പിച്ചു – ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 1
പിന്നീട്, ഈ തേജസ്വി ഓജസ്സുകൊണ്ടു ക്രിവിയെ പൊരുതിത്തോല്പിച്ചു; അവന്റെ രക്തക്കുഴമ്പുകൊണ്ടു വാനൂഴികൾ നിറച്ചു, വളർന്നരുളി. ഒരു ഭാഗം തിരുവയറ്റിലാക്കി; മറേറബ്ഭാഗം വിട്ടുകൊടുത്തു. ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 2
അങ്ങു കർമ്മത്തോടുകൂടി ജനിച്ച്, ഓജസ്സോടുകൂടി ഭരിപ്പാൻതുടങ്ങി: വീര്യത്തോടുകൂടി വളർന്നു, ഹിംസകരെ അമർത്തുന്നു; വേര്‍തിരിച്ചു കാണുന്നു; സ്തുതിയ്ക്കുന്നവന്നു പൊറുക്കാന്‍ സ്പൃഹണീയമായ ധനം നല്കുന്നു. ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 3
ഇന്ദ്ര, നൃത്തംവെപ്പിയ്ക്കുന്നവനേ, സ്വർഗ്ഗത്തില്‍ ശ്ലാഘിയ്ക്കത്തക്കതാകുന്നു, മനുഷ്യഹിതവും മഹത്തരവുമായി ഭവാന്‍ പണ്ടു ചെയ്ത കര്‍മ്മം: അങ്ങു ബലംകൊണ്ട് അസുരന്റെ അസു പോക്കി, ജലമൊഴുക്കിയല്ലോ. ശതക്രതു വ്യാപ്തനായ അസുരനെ കരുത്തുകൊണ്ടമർത്തട്ടെ; കെല്പു നേടട്ടെ; അന്നം നേടട്ടെ! 4
[1] ഇട്ടത് – ഇട്ട സോമനീര്‍.
[2] ഒരു ഭാഗം – സോമത്തിന്റെ ഒരംശം. വിട്ടുകൊടുത്തു – ദേവന്മാർക്കു്.
[3] വേര്‍തിരിച്ചു – സദസജ്ജനങ്ങളെ.
[4] നൃത്തംവെപ്പിയ്ക്കുന്നവന്‍ – എല്ലാരെയും ചേഷ്ടിപ്പിയ്ക്കുന്നവന്‍. അസുരൻ – വൃത്രൻ. അസു = പ്രാണന്‍. ജലമൊഴുക്കി – മഴ പെയ്യിച്ചു. അടുത്ത വാക്യം പരോക്ഷം.