ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ഇന്ദ്രാദികൾ ദേവത.
മഴ പെയ്യിയ്ക്കുന്ന ദേവനായ സവിതാവിന്നും വൃത്രനെക്കൊന്ന ഇന്ദ്രന്നും ജലങ്ങൾ വിരമിയ്ക്കാറില്ല; അവ നാൾതോറും പ്രവഹിയ്ക്കുക തന്നെ ചെയ്യുന്നു. എന്നായിരിയ്ക്കാം, ഇവ സൃഷ്ടിയ്ക്കപ്പെട്ടത്? 1
ഒരുവന്‍ വൃത്രന്ന് ഇവിടെ അന്നം പചിപ്പാൻതുടങ്ങി; അത് അമ്മ അഭിജ്ഞനെ അറിയിച്ചു. അവിടുത്തെ ഇഷ്ടമനുസരിച്ചത്രേ, നാൾതോറും നദികൾ വഴി തോണ്ടിക്കൊണ്ടു പ്രാപ്യസ്ഥാനത്തെയ്ക്കുപോകുന്നതു്. 2
വൃത്രന്‍ അന്തരിക്ഷത്തില്‍ ഉയർന്നുനില്‍ക്കുകയായിരുന്നുവല്ലോ; അതിനാലാണു്, ഇന്ദ്രന്‍ വജ്രമെടുത്തതു്. അവന്‍ മഴക്കാറിനെ മറച്ച്, ഇദ്ദേഹത്തെ ചെറുത്തു; അപ്പോൾ ഈ തീക്ഷ്ണായുധന്‍ ശത്രുവിനെ ജയിച്ചു! 3
ബൃഹസ്പതേ, പഴുതടച്ചുനിന്ന അസുരന്റെ വീരന്മാരില്‍ ഭവാന്‍ വജ്രം, ഇടിവാൾപോലെ ചാട്ടുക. ഇന്ദ്ര, അവിടുന്നു പണ്ടും വജ്രംകൊണ്ടു വധിച്ചുവല്ലോ; അതുപോലെ, ഞങ്ങളുടെ ശത്രുവിനെ കൊല്ലുക! 4
ഇന്ദ്ര, സ്തൂയമാനനായ ഭവാന്‍ ശത്രുവിനെ ഹനിച്ചതു യാതൊന്നുകൊണ്ടോ, ആ കല്ലു മുകളില്‍ ആകാശത്തുനിന്നു കീഴ്പോട്ടെറിയുക. പുത്രനും ഭർത്തവ്യനായ പൌത്രനും ഗോക്കളും ഉണ്ടായിവരുമാറു, ഞങ്ങൾക്കു സമൃദ്ധിയരുളുക! 5
ഇന്ദ്രാസോമന്മാരേ, നിങ്ങൾ ഹന്തവ്യനായ വിദ്വേഷിയെ വേരറുക്കുന്നു; പൂജിയ്ക്കുന്ന യജമാനനെ പ്രേരിപ്പിയ്ക്കുകയുംചെയ്യുന്നു. നിങ്ങൾ ഞങ്ങളെ രക്ഷിയ്ക്കണം; ഈ യുദ്ധത്തില്‍ ലോകത്തിന്റെ ഭയം നീക്കണം! 6
ആര്‍ എന്നെ പൂർണ്ണകാമനാക്കുമോ, ആര്‍ തരുമോ, ആര്‍ അറിയുമോ, ആര്‍ സോമം പിഴിയുന്ന എന്റെ അടുക്കല്‍ ഗോക്കളെയും കൊണ്ടു വരുമോ; അദ്ദേഹം എന്നെ തളർത്തരുത്, വലയ്ക്കുരുത്, മടിപിടിപ്പിയ്ക്കരുതു്; സോമം പിഴിയരുതെന്നു ഞങ്ങൾ പറഞ്ഞുപോകരുത്! 7
സരസ്വതി, ഭവതി ഞങ്ങളെ രക്ഷിച്ചാലും: മരുത്സഹിതയായി ആക്രമിച്ചു ശത്രുക്കളെ ജയിച്ചാലും. എന്തും താങ്ങുന്ന ബലിഷ്ഠനും, ശണ്ഡവംശ്യരില്‍ മുഖ്യനുമായ അവനെയും ഇന്ദ്രന്‍ കൊന്നിരിയ്ക്കുന്നു! 8
ബൃഹസ്പതേ, ഞങ്ങളെ തട്ടിപ്പറിയ്ക്കാനോ കൊല്ലാനോ തുടങ്ങുന്നവനെ അങ്ങു കണ്ടുപിടിച്ചു, തീക്ഷ്ണായുധംകൊണ്ടു വധിച്ചാലും! തമ്പുരാനേ, വൈരികളെ ആയുധങ്ങൾകൊണ്ടു ജയിച്ചാലും! ദ്രോഹിയ്ക്കുന്നവങ്കല്‍ വജ്രം ചുഴറ്റിയെറിഞ്ഞാലും! 9
ശൂര, ഞങ്ങളുടെ കരുത്തുള്ള ശൂരരെക്കൊണ്ടു ചെയ്യിച്ചാല്‍ മതി, അവിടുന്നു ചെയ്യേണ്ടുന്ന വീരകർമ്മങ്ങൾ: വളരെക്കാലമായി കരൾ പുകയുന്നവരെ കൊന്ന് അവരുടെ മുതല്‍ ഞങ്ങൾക്കു കൊണ്ടു വന്നാലും! 10
മരുത്തുക്കളേ, ഇന്ദ്രനോടു ചേർന്നു വെളിപ്പെട്ടതായ നിങ്ങളുടെ ബലത്തെ ഞാന്‍ സുഖാർത്ഥം വണങ്ങി സ്തുതിയ്ക്കുന്നു: എല്ലാ വീരരോടും മക്കളോടും കൂടിയ ശ്ലാഘ്യമായ ധനം ഞങ്ങൾക്കു നാളില്‍ നാളില്‍ കൈവരുമാറാകണം! 11