ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത.
മിത്രാവരുണന്മാരേ, ഞങ്ങളുടെ തേരുകൾ മറുനാട്ടില്‍, ഇമ്പത്തോടേ ഇരതേടുന്ന കാട്ടുപക്ഷികൾപോലെ പറക്കുമ്പോൾ, അവയെ ആദിത്യരുദ്രവസുസമേതരായ നിങ്ങൾ രക്ഷിച്ചരുളണം! 1
ഒപ്പം പ്രീതിപ്പെടുന്ന ദേവന്മാരേ, കുതിരകൾ നടകളാല്‍ വഴി കടന്ന്, ഉയർന്ന സ്ഥലത്തെയ്ക്കു മുൻകാലുകളാൽ പറക്കുമ്പോൾ, ഞങ്ങളുടെ ചോറ്റുതേരിനെ നിങ്ങൾ നാട്ടുപുറങ്ങളില്‍ നേരേ ഉദ്ഗമിപ്പിയ്ക്കുവിൻ! 2
വിശ്വദ്രഷ്ടാവും മരുദ്ബലസമേതനും ശോഭനകർമ്മാവുമായ ആ ഇന്ദ്രന്‍ നിര്‍ബാധങ്ങളായ രക്ഷകളോടേ സ്വർഗ്ഗത്തില്‍നിന്നു വന്ന്, ഇപ്പോൾ വമ്പിച്ച ധനവും അന്നവും ലഭിയ്ക്കുമാറു ഞങ്ങളുടെ തേരില്‍ ഇരുന്നരുളട്ടെ! 3
ഭുവനസേവ്യനായ, ദേവപത്നികളോടൊപ്പം പ്രീതിപ്പെടുന്ന, ആ ത്വഷ്ടൃദേവന്‍, ഇള, തേജസ്സേറിയ ഭഗന്‍, ദ്യാവാപൃഥിവികൾ, ബുദ്ധിമാനായ പൂഷാവ്, ഭർത്താക്കന്മാരായ അശ്വികൾ എന്നിവരും (ഞങ്ങളുടെ) തേർ നടത്തട്ടെ! 4
തങ്ങളില്‍ നോക്കുന്ന സുഭഗമാരായ ആ അഹോരാത്രികളാകുന്ന ദേവിമാരും ജംഗമങ്ങളെ നടത്തുന്നവരാണല്ലോ. പൃഥിവി, നിങ്ങളിരുവരെയും ഞാൻ അതിനൂതനമായ വാക്കുകൊണ്ടു സ്തുതിയ്ക്കുന്നു; മൂന്നന്നങ്ങളോടുകൂടിയ ഞാൻ സ്ഥാവരത്തിന്റേതായ അന്നം ഉപസ്തരിയ്ക്കുകയുംചെയ്യുന്നു. 5
ഇപ്പോൾ, താല്‍പര്യമുള്ള നിങ്ങളെ സ്തുതിപ്പാൻ ഞങ്ങൾ ആഗ്രഹിയ്ക്കുന്നു: അഹിര്‍ബുധ്ന്യന്‍, അജനായ ഏകപാത്ത്, അങ്ങേഅറ്റത്തരുളുന്ന ഇന്ദ്രന്‍, സവിതാവ് എന്നിവര്‍ ഞങ്ങള്‍ക്ക് അന്നം നല്കട്ടെ; ജവേന ഗമിയ്ക്കുന്ന ജലപൌത്രനും സ്തുതിയാല്‍ പ്രസാദിയ്ക്കട്ടെ! 6
യജനീയരേ, എനിയ്ക്കു നിങ്ങളെ ഇങ്ങനെ സ്തുതിയ്ക്കേണമെന്നുണ്ട്. മനുഷ്യര്‍ യശസ്സിന്നും അന്നത്തിന്നുംവേണ്ടി സ്തോത്രങ്ങൾ വെടുപ്പിൽ ചമച്ചിരിയ്ക്കുന്നു; (നിങ്ങളുടെ സംഘം) ഒരു തേര്‍ക്കുതിരപോലെ കർമ്മത്തില്‍ വന്നെത്തട്ടെ! 7
[2] ചോറ്റുതേർ – ഭക്ഷ്യവസ്തുക്കളെ കേറ്റുന്ന വണ്ടി.
[5] നിങ്ങളിരുവരെയും – ഭവതിയെയും ദ്യോവിനെയും. മൂന്നന്നങ്ങൾ – സസ്യവും പശുവും സോമവും. സ്ഥാവരത്തിന്റേതായ അന്നം – നെല്ലു മുതലായവയുടെ അന്നം (ചരുപുരോഡാശാദി).
[6] താല്‍പര്യമുള്ള – ഞങ്ങളുടെ സ്തുതിയിൽ ആഗ്രഹമുള്ള. അഹിര്‍ബുധ്ന്യൻ – അന്തരിക്ഷത്തിലെ അഹി എന്ന ദേവൻ. ഏകപാത്ത് – തന്നാമകനായ സൂര്യന്‍. അങ്ങേഅററം – പരമോന്നതസ്ഥാനം. ജലപൌത്രൻ – അഗ്നി.