ഗൃത്സമദന്‍ ഋഷി; ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സ്;ദ്യാവാപൃഥിവ്യാദികൾ ദേവത.
ദ്യാവാപൃഥിവികളേ, നിങ്ങൾ യജ്ഞേച്ഛുവും സേവനേച്ഛുവുമായി സ്തുതിയ്ക്കുന്ന ഈ എന്നെ രക്ഷിയ്ക്കണം: നിങ്ങളില്‍നിന്നാണല്ലോ, അത്യുല്‍കൃഷ്ടമായ അന്നം; ആ സ്തുതിയ്ക്കപ്പെട്ട നിങ്ങളെ ഞാന്‍ ഇപ്പോൾ മഹത്തായ (സ്തോത്രംകൊണ്ടു) പുരസ്കരിച്ചുകൊള്ളുന്നു. 1
മനുഷ്യന്റെ മറിമായങ്ങൾ അഹസ്സിലും അല്ലിലും ഞങ്ങളെ ഹനിയ്ക്കരുത്; ഞങ്ങളെ ഈ പറ്റലര്‍പ്പടയ്ക്കു കീഴ്പെടുത്തരുത്; ഞങ്ങളുടെ സഖ്യം ഭവാന്‍ വേര്‍പെടുത്തരുത്; അതു ഞങ്ങൾക്കു സുഖം തരാനിച്ഛിയ്ക്കുന്ന തിരുവുള്ളംകൊണ്ടറിയണം. ആ അങ്ങയോടു ഞങ്ങൾ യാചിയ്ക്കുന്നു. 2
പുരുഹൂത, തടിച്ച് അസക്താംഗിയായി സുഖകരിയായ ഒരു കറവുപയ്യിനെ അങ്ങ് അരിശമുൾക്കൊള്ളാതെ കൊണ്ടുവന്നാലും; കാല്‍നടകളിലും വാക്കിലും വേഗവാനായ ഭവാനെ ഞാൻ നിത്യം സ്തുതിയ്ക്കും. 3
വിളിയ്ക്കപ്പെടേണ്ടുന്ന രാകയെ ഞാൻ വിളിയ്ക്കുന്നു; ഞങ്ങളുടെ വിളി കേട്ട് ആ സൌഭാഗ്യവതി സ്വയം അറിയട്ടെ; കർമ്മത്തെ മുറിയാത്ത തൂശികൊണ്ടു തുന്നട്ടെ; സമ്പത്തേറിയ ഒരു സ്തുത്യനായ പുത്രനെ തരട്ടെ! 4
രാകേ, ഭവതിയുടെ അഴകൊത്ത സദ്വിചാരങ്ങൾ എവയോ; ഭവതി ഹവിർദ്ദാതാവിന്നു ധനങ്ങൾ നല്കുന്നതെവകൊണ്ടോ; സുഭഗേ, അവയോടുകൂടി, ഇപ്പോൾ മനംതെളിഞ്ഞ്, ആയിരക്കണക്കില്‍ തരാൻ വന്നുചേർന്നാലും! 5
സിനീവാലി, പൃഥുജഘനേ, ദേവന്മാരുടെ പെങ്ങളാണല്ലോ, ഭവതി: ഹോമിയ്ക്കപ്പെട്ട ഹവിസ്സു കൈക്കൊണ്ടാലും; ദേവി, ഞങ്ങൾക്കു സന്താനത്തെ തന്നാലും! 6
നല്ല കൈകളും നല്ല വിരലുകളുമുള്ള, സുപ്രസവയും ബഹുപ്രസവയുമായ, പ്രജാപാലികയായ സിനീവാലിയ്ക്കു നിങ്ങൾ ഹവിസ്സു ഹോമിയ്ക്കുവിന്‍. 7
കുഹു, സിനീവാലി, രാക, സരസ്വതി എന്നിവരെയും, രക്ഷയ്ക്ക് ഇന്ദ്രാണിയെയും, സ്വസ്തിയ്ക്കു വരുണാനിയെയും ഞാന്‍ വിളിയ്ക്കുന്നു. 8
[2] മനുഷ്യന്റെ – ശത്രുഭൂതന്റെ. ഭവാന്‍ – ഇതിന്ദ്രനോടു പറയുന്നതാണു്.
[3] അസക്താംഗി – വിഭക്താവയവ.
[4] രാക = പൌർണ്ണമാസി. അറിയട്ടെ – ഞങ്ങളുടെ ഉള്ള്. തൂശി – അനുഗ്രഹബുദ്ധി.
[5] ആയിരക്കണക്കില്‍ – ധനം.
[6] സിനീവാലി – ചന്ദ്രന്‍ കാണുമാറാകുന്ന അമാവാസ്യ.
[7] ഋത്വിക്കുകളോടു പറയുന്നത്: പ്രജാപാലിക = പ്രജകളെ രക്ഷിയ്ക്കുന്നവൾ.
[8] സ്വസ്തി = നാശമില്ലായ്മ. വരുണാനി = വരുണപത്നി. മുഴുത്ത (ചന്ദ്രനെ തീരെ കാണാത്ത) കറുത്ത വാവാണ്, കുഹു.