ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; രുദ്രന്‍ ദേവത
മരുല്‍പിതാവേ, അങ്ങയുടെ സുഖം വന്നുചേരട്ടെ. അങ്ങു ഞങ്ങളെ സൂര്യപ്രകാശത്തില്‍നിന്നകറ്റരുത്. ശത്രുവിനെ ഞങ്ങളുടെ വീരന്‍ അമർത്തട്ടെ. രുദ്ര, ഞങ്ങൾ സന്താനങ്ങളാല്‍ വർദ്ധിയ്ക്കുമാറാകേണമേ! 1
രുദ്ര, അങ്ങു തരുന്ന അതിസുഖദങ്ങളായ മരുന്നുകൾകൊണ്ടു ഞാന്‍ നൂറുകൊല്ലം ജീവിച്ചിരിയ്ക്കണം; ശത്രുക്കളെയും പാപത്തെയും രോഗങ്ങളെയും വിഷൂചികളെയും ഭവാന്‍ ഞങ്ങളില്‍നിന്നു തുലോം അകററുക! 2
രുദ്ര, ഐശ്വര്യംകൊണ്ടു ലോകത്തില്‍വെച്ചു ശ്രേഷ്ഠനാണ,വിടുന്ന്; വജ്രബാഹോ, വളർന്നവരില്‍വെച്ചു വളർന്നവനുമാണ്. അവിടുന്നു ഞങ്ങളെ സുഖേന പാപങ്ങളുടെ മറുകരയിലണച്ചാലും; എല്ലാപാപത്തിന്റെയും വരവു തടുത്താലും! 3
രുദ്ര, ഞങ്ങളുടെ നമസ്സോ ചീത്തസ്തുതിയോ സഹാഹ്വാനമോ അങ്ങയെ അരിശംകൊള്ളിയ്ക്കരുതു്. വർഷിതാവേ, ഞങ്ങളുടെ വീരന്മാർക്കു മരുന്നുകൾ വേണ്ടുവോളം കൊടുക്കുക: അങ്ങു വൈദ്യന്മാരില്‍ വെച്ചു വലിയ വൈദ്യനാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്! 4
ആര്‍ ഹവിസ്സഹിതങ്ങളായ സ്തുതികൾകൊണ്ടു വിളിയ്ക്കപ്പെടുന്നുവോ, ആ രുദ്രനെ ഞാന്‍ സ്തോത്രങ്ങൾകൊണ്ടു കനിയിയ്ക്കുമാറാകണം. ആ മൃദൂദരൻ, ശുഭാഹ്വാനൻ, ഭരിയ്ക്കുന്നവൻ, ശോഭനഹനു ഞങ്ങളെ ഈ ഹിംസാബുദ്ധിയ്ക്കു വിട്ടുകൊടുക്കരുതേ! 5
വർഷിതാവായ മരുത്ത്വാന്‍ യാചിയ്ക്കുന്ന എനിയ്ക്കു തിളങ്ങുന്ന അന്നം ധാരാളം തന്നരുളട്ടെ. വെയിലേറ്റവന്‍ തണലിനെ എന്ന പോലെ, ഞാന്‍ പാപരഹിതനായിട്ടു രുദ്രന്റെ സുഖത്തെ പ്രാപിയ്ക്കുമാറാകണം – അതിന്നു പരിചരിയ്ക്കുമാറാകണം! 6
രുദ്ര, അങ്ങയുടെ ആ സുഖകരമായ – സ്വാസ്ഥ്യം നല്കാന്‍ മരുന്നുണ്ടാക്കുന്ന – തൃക്കയ്യെവിടെ? വർഷിതാവേ, ദേവകൃതമായ പാപം നശിപ്പിച്ച്, എനിയ്ക്കു വേഗത്തില്‍ മാപ്പു തരിക! 7
ഭരിയ്ക്കുന്ന വർഷിതാവായ ശുഭ്രവര്‍ണ്ണന്നായി ഞാന്‍ വലുതിലും വലിയ ശോഭനസ്തുതി ചൊല്ലുന്നു. ഭവാന്‍ തേജോമയനെ നമസ്സുകൊണ്ടു പുജിയ്ക്കു; ഞങ്ങൾ രുദ്രന്റെ തിളങ്ങുന്ന തിരുനാമം കീർത്തിയ്ക്കാം. 8
ദൃഢഗാത്രനും ബഹുസ്വരൂപനും ഭരണകർത്താവുമായ ഉഗ്രൻ സ്വച്ഛങ്ങളായ സ്വർണ്ണാഭരണങ്ങളാല്‍ വിളങ്ങുന്നു; ഈ ഭുവനം ഭരിയ്ക്കുന്ന ഈശാനനായ രുദ്രങ്കല്‍നിന്നു വിട്ടുപോകാറില്ല, ബലം! 9
രുദ്ര, അങ്ങു് അർഹനായിത്തന്നേ അമ്പുകളും, അർഹനായിത്തന്നേ വില്ലും, അർഹനായിത്തന്നേ പൂജിയ്ക്കേണ്ടുന്ന വിശ്വരൂപമായ പതക്കവും ധരിയ്ക്കുന്നു; അർഹനായിത്തന്നേ ഈ വിശാലമായ വിശ്വത്തെ ഭരിയ്ക്കുന്നു. അങ്ങല്ലാതെ ഒരു വലിയ ബലം ഇല്ലതന്നെ! 10
പ്രസിദ്ധനും രഥസ്ഥനും യുവാവും സിംഹത്തെപ്പോലെ ഭയങ്കരനും നിഹന്താവുമായ ഉഗ്രനെ ഭവാൻ സ്തുതിയ്ക്കുക. രുദ്ര, സ്തൂയമാനനായ അവിടുന്നു സ്തോതാവിനെ സുഖിപ്പിച്ചാലും. അങ്ങയുടെ സേനകൾ ഞങ്ങളില്‍നിന്നന്യനെ കൊന്നുകൊള്ളട്ടെ! 11
രുദ്ര, അനുഗ്രഹിയ്ക്കുന്ന അച്ഛനെ മകനെന്നപോലെ, സമീപത്തു വന്ന ഭവാനെ ഞാന്‍ നമസ്കരിയ്ക്കുന്നു; വളരെ കൊടുക്കുന്ന സല്‍പതിയായ ഭവാനെ സ്തുതിയ്ക്കുകയും ചെയ്യുന്നു. സ്തുതനായ ഭവാന്‍ ഞങ്ങൾക്കു മരുന്നുകൾ തന്നാലും! 12
മരുത്തുക്കളേ, നിങ്ങളുടെ വിശുദ്ധങ്ങളായ മരുന്നുകൾ എവയോ, തുലോം സ്വാസ്ഥ്യപ്രദങ്ങൾ എവയോ, വൃഷാക്കളേ, സുഖകരങ്ങൾ എവയോ, ഞങ്ങളുടെ അച്ഛന്‍ വാങ്ങിയതെവയോ; അവയും, രുദ്രന്റെ സുഖവും, ശമവും എനിയ്ക്കു തന്നാല്‍ക്കൊള്ളാം! 13
തിളങ്ങുന്ന രദ്രന്റെ ആയുധങ്ങൾ ഞങ്ങളില്‍ പതിയ്ക്കരുതു്; മഹത്തായ മുഷിച്ചിലും മറെറാരേടത്തു പോകട്ടെ! വൃഷാവേ, പള്ളിവില്ലുകൾ യജമാനന്മാർക്കുവേണ്ടി കുലയ്ക്കുക. ഞങ്ങളുടെ പുത്രപൌത്രന്മാർക്കു സുഖം നല്കിയാലും! 14
ഭരിയ്ക്കുന്നവനേ, വൃഷാവേ, സർവജ്ഞ, രദ്രദേവ, അവിടുന്ന് അരിശംകൊള്ളാതെ, ഹനിയ്ക്കാതെ, ഇവിടെ ഞങ്ങളുടെ വിളി കേട്ടറിഞ്ഞാലും! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 15
[1] മരുല്‍പിതാവ് = മരുത്തുക്കളുടെ അച്ഛൻ. അങ്ങയുടെ സുഖം – ഞങ്ങൾക്കു തരാന്‍ അങ്ങു കയ്യില്‍ വെച്ചിരിയ്ക്കുന്ന സുഖം. വന്നുചേരട്ടെ – ഞങ്ങളിലെത്തട്ടെ. വീരന്‍ = പുത്രന്‍.
[2] വിഷൂചികൾ – പകരുന്ന രോഗങ്ങൾ.
[4] നമസ്സ് – വേണ്ടുംവണ്ണമല്ലാതായ നമസ്കാരം. സഹാഹ്വാനം ഇതരദേവന്മാരോടുകൂടി വിളിയ്ക്കല്‍.
[5] ശുഭാഹ്വാനൻ – രുദ്രനെ വിളിയ്ക്കുന്നതു ശ്രേയസ്കരമാണെന്നർത്ഥം. ഹിംസാബുദ്ധിയ്ക്കു് – ഞങ്ങൾക്കു ഹിംസാതാല്‍പര്യമുണ്ടാകരുത്.
[6] മരുത്ത്വാന്‍ – പുത്രരായ മരുത്തുക്കളോടുകൂടിയ രുദ്രൻ. പരിചരിയ്ക്കു മാറാകണം – രുദ്രനെ സേവിയ്ക്കുമാറാകണം.
[8] ഭവാന്‍ – സ്തോതാവിനോടു പറയുന്നതാണ്. നമസ്സ് = നമസ്കാരം, ഹവിസ്സ്.
[9] ബഹുസ്വരൂപന്‍ – അഷ്ടമൂർത്തി. വിട്ടുപോകാറില്ല – അവിടുന്ന് എന്നെന്നും ബലവാൻതന്നെ.
[11] സ്തോതാവിനോട്: നിഹന്താവ് – ശത്രുഘാതി. ഞങ്ങളില്‍നിന്നന്യനെ – ഞങ്ങളെ കൊല്ലരുതു്.
[13] ഞങ്ങളുടെ അച്ഛന്‍ – മനു. ശമം – രോഗശാന്തി.
[14] മറെറാരേടത്തു പോകട്ടെ – ഞങ്ങളില്‍ മുഷിയരുത്. വൃഷാവേ ഇത്യാദി പ്രത്യക്ഷവചനം.