ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അപാംനപാത്ത് ദേവത.
അന്നത്തിന്നുവേണ്ടി ഞാന്‍ ഈ സ്തോത്രം ചൊല്ലുന്നു: ജല സംബന്ധിയും ജവഗാമിയുമായ അപാംനപാത്ത് സ്തോതാവായ എനിയ്ക്ക് അന്നം വളരെത്തരട്ടെ; ഞങ്ങളെ സുരൂപരുമാക്കട്ടെ! അവിടുന്നു സ്തോത്രതല്‍പരനാണല്ലോ. 1
ഹൃദയംകൊണ്ടു വഴിപോലെ നിർമ്മിച്ച ഈ സ്തോത്രം നാം ചൊല്ലുക; അദ്ദേഹം ഇതു ധാരാളം അറിയട്ടെ. സ്വാമിയായ അപാംനപാത്താണല്ലോ, ബലത്തിന്റെ മഹിമാവാല്‍ ഭുവനമെല്ലാം ഉല്‍പാദിപ്പിച്ചത്! 2
വന്നുചേരുന്നവയും നില്ക്കുന്നവയുമായ ജലങ്ങൾ ഒന്നിച്ചു നദികളായിട്ടു, ബഡബാഗ്നിയെ പ്രീതിപ്പെടുത്തുന്നു – പരിശുദ്ധങ്ങളായ അവ ആ വിളങ്ങിത്തിളങ്ങുന്ന അപാംനപാത്തിനെത്തന്നെയാണ്, പര്യുപാസിയ്ക്കുന്നത്! 3
യുവതികൾ വണക്കത്തോടേ ഒരു യുവാവിനെ എന്നപോലെ, തണ്ണീരുകൾ അദ്ദേഹത്തെ തുലോം അലംകരിച്ചുകൊണ്ടു പരിചരിയ്ക്കുന്നു; ആ ദീപ്തരൂപൻ വെള്ളത്തില്‍, വിറകുകൂടാതെ, നമുക്കു ധനമുണ്ടായിവരുമാറു, സ്വച്ഛമായ സ്വതേജസ്സുകൊണ്ട് ഉജ്ജ്വലിയ്ക്കുന്നു! 4
ഈ സുഖിതനായ ദേവന്നു നായികമാരായ മൂന്നു ദേവിമാര്‍ അന്നം ഒരുക്കിവെയ്ക്കുന്നു; ജലത്തില്‍ ജനിപ്പിയ്ക്കപ്പെട്ടവര്‍പോലെ പ്രസരിയ്ക്കുന്നു. അതിനാല്‍, പ്രഥമസൃഷ്ടത്തിന്റെ സത്ത് അദ്ദേഹം നുകരുന്നു! 5
അദ്ദേഹത്തില്‍നിന്നാണ്, അശ്വത്തിന്റെ – പോരാ സര്‍വജഗത്തിന്റെയും – ഉല്‍പത്തി. ഭവാന്‍ സ്തോതാക്കളെ കവർച്ചക്കാരന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിച്ചാലും. അപക്വജലങ്ങൾക്കപ്പുറം വർത്തിയ്ക്കുന്ന ആ അധൃഷ്യങ്കല്‍ മാറ്റലരും ചെല്ലില്ല, മായകളും ചെല്ലില്ല! 6
ആര്‍ സ്വഗൃഹത്തില്‍ വർത്തിയ്ക്കുന്നുവോ, ആരുടെ പയ്യു സുഖേന കറക്കാവുന്നതോ, ആര്‍ സ്വധയെ വർദ്ധിപ്പിയ്ക്കുകയും നല്ല അന്നം ഭക്ഷിയ്ക്കുകയും ചെയ്യുന്നുവോ; ആ അപാംനപാത്ത് ജലമധ്യ ത്തില്‍ ബലംപൂണ്ടു, പരിചാരകന്നു ധനം നല്കാനായി പ്രശോഭിയ്ക്കുന്നു! 7
ആ സത്യവാനും നിത്യനുമായ മഹാന്‍ ജലങ്ങളില്‍ ദിവ്യതേജസ്സോടേ വിളങ്ങുന്നു; അദ്ദേഹത്തിന്റെ മററു ശാഖകളത്രേ, ഭുവനങ്ങൾ; (അദ്ദേഹത്തില്‍ നിന്നുതന്നെയാണു്) ഓഷധികളൂം മക്കളും ജനിയ്ക്കുന്നതു് ! 8
അപാംനപാത്ത് വെള്ളത്തില്‍ ഊർദ്ധ്വം ജ്വലിച്ചു, മേഘത്താല്‍ ഉടുപ്പിട്ട്, അന്തരിക്ഷത്തിലിരിയ്ക്കുകയാണല്ലോ; അദ്ദേഹത്തിന്റെ മുതിർന്ന മാഹാത്മ്യത്തെ വഹിച്ചുകൊണ്ടു, വമ്പിച്ച നദികൾ ചുററും ഒഴുകുന്നു! 9
ആ ഹിരണ്യരൂപനും ഹിരണ്യേന്ദ്രിയനും ഹിരണ്യവർണ്ണനുമായ അപാംനപാത്ത് ഹിരണ്യസ്ഥാനത്തിന്നു മുകളില്‍ ഇരുന്നരുളുന്നു; അവിടെയ്ക്കു ഹിരണ്യദാതാക്കൾ അന്നം സമർപ്പിയ്ക്കുന്നു! 10
ഈ അപാംനപാത്തിന്റെ അഴകൊത്ത രൂപവും നാമവും മറവില്‍ വർദ്ധിയ്ക്കുന്നു; ഈ ഹിരണ്യവർണ്ണനെ അവിടെ യുവതികൾ വഴിപോലെ വളർത്തുന്നു; വെള്ളമാണ്, അവിടെയ്ക്കാഹാരം! 11
വളരെപ്പേരില്‍ ഒന്നാമനായ ഈ സഖാവിനെ നാം നമസ്സുകൊണ്ടും യജ്ഞ ഹവിസ്സുകൊണ്ടും പരിചരിയ്ക്കുക: ഞാന്‍ മുകൾബ്ഭാഗം തുടയ്ക്കാം ഞാന്‍ വിറകു പൂട്ടാം; ഞാൻ അന്നം നിവേദിയ്ക്കാം; ഞാൻ ഋക്കു് ചൊല്ലി സ്തുതിയ്ക്കാം. 12
ഈ അപാംനപാത്ത് വൃഷാവായി അവയില്‍ ഗർഭമുണ്ടാക്കുന്നു; കിടാവായി കുടിയ്ക്കുന്നു; അവ മുകരുന്നു. ഇവിടെ അദ്ദേഹം നിറം മങ്ങാതെ, മറ്റഗ്നിയുടെ ദേഹംകൊണ്ടുതന്നെ വ്യാപിയ്ക്കുന്നു! 13
ആ ഉല്‍കൃഷ്ടസ്ഥാനത്തിരുന്നു നിത്യം ജ്വലിയ്ക്കുന്ന തേജസ്വിയുടെ ചുററും, വമ്പിച്ച തണ്ണീരുകൾ നപ്താവിന്നു ജലമാകുന്ന അന്നം വഹിച്ചുകൊണ്ടു സ്വയം നില്ക്കാതെ പായുന്നു! 14
അഗ്നേ, ഞാന്‍ ആളുകൾക്കുവേണ്ടി ശോഭനനിവാസനായ ഭവാങ്കല്‍ അണയുന്നു; ഹവിർദ്ധനന്മാർക്കുവേണ്ടി വെടുപ്പില്‍ സ്തുതിയ്ക്കുന്നു. ദേവന്മാരുടെപക്കലുള്ള എല്ലാ നന്മയും (ഞങ്ങൾക്കു കിട്ടട്ടെ!). ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 15
[1] ജലസംബന്ധി – മേഘസ്ഥജലസംബന്ധി.
[2] ബലത്തിന്റെ മഹിമാവാല്‍ – മഴ പെയ്യിച്ച്.
[3] വന്നുചേരുന്നവ – വർഷംകൊണ്ട്. നില്ക്കുന്നവ – മുമ്പുതന്നെ ഉള്ളവ. ബഡബാഗ്നി – സമുദ്രത്തിന്റെ അടിയിലിരിയ്ക്കുന്ന ഔർവാഗ്നി.
[5] മൂന്നു ദേവിമാര്‍ – ഇളയും സരസ്വതിയും ഭാരതിയും. പ്രഥമസൃഷ്ടം – ജലം.
[6] അശ്വം – ഉച്ചൈശ്ശ്രവസ്സ്. ഭവാൻ എന്നു തുടങ്ങുന്ന ഒരു വാക്യം പ്രത്യക്ഷകഥനം.
[7] സ്വധ – വർഷജലം. അന്നം – മഴകൊണ്ടുണ്ടായ ഹവിസ്സ്. പരിചാരകന്‍ – പരിചരിയ്ക്കുന്ന യജമാനന്‍.
[8] മക്കൾ – പുഷ്പഫലാദികൾ.
[9] നദീപ്രവാഹങ്ങൾ അപാംനപാത്തിന്റെ മഹിമയെ വെളിപ്പെടുത്തുന്നു.
[10] ഹിരണ്യം = സ്വർണ്ണം. ഹിരണ്യദാതാക്കൾ ദക്ഷിണയായി സ്വർണ്ണം കൊടുക്കുന്ന യജമാനന്മാര്‍.
[11] മറവില്‍ – മേഘങ്ങളുടെ. യുവതികൾ – തണ്ണീരുകൾ.
[12] വളരെപ്പേരില്‍ – വളരെ ദേവന്മാരുടെ ഇടയില്‍.
[13] അവയില്‍ – മേഘജലങ്ങളില്‍. ഗർഭമുണ്ടാക്കുന്നു – താൻതന്നെ ഗർഭമായിത്തീരുന്നു. കുടിയ്ക്കുന്നു – മുലപ്പാലിന്നൊത്ത മേഘജലം നുകരുന്നു. മുകരുന്നു – കിടാവിനെ ചുംബിയ്ക്കുന്നതുപോലെ. മറ്റഗ്നി – ഭൌമാഗ്നി.
[14] നപ്താവ് = അപാംനപാത്ത്.
[15] ശോഭനനിവാസൻ = നല്ല പാർപ്പിടത്തോടുകൂടിയവന്‍. ഹവിർദ്ധനന്മാര്‍ – യജമാനന്മാര്‍.