ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രാദികൾ ദേവത.
ഇന്ദ്ര, അങ്ങയ്ക്കായി ഒരുക്കുന്ന സോമം ഗോരസങ്ങളോടും ജലത്തോടും ചേർന്നു; ഇതിനെ നേതാക്കൾ ആട്ടിൻരോമങ്ങൾകൊണ്ടും അമ്മിക്കുഴകൾകൊണ്ടും അരിച്ചു. സ്വാഹാഹുതവും വഷട്കൃതവുമായ ഇതു ഹോതൃയാഗത്തില്‍നിന്ന് അവിടുന്നു മുമ്പേ കുടിച്ചാലും: അവിടുന്നാണല്ലോ, ഈശ്വരൻ! 1
യജ്ഞസംയുക്തരും, പുള്ളിമാൻപേടത്തേരില്‍ കേറിയവരും, ചുരികയാല്‍ ശോഭിയ്ക്കുന്നവരും, ആഭരണപ്രിയന്മാരും, അന്തരിക്ഷനേതാക്കളുമായ രദ്രപുത്രന്മാരേ, നിങ്ങൾ ദർഭയിലിരുന്നു പോതൃയാഗത്തില്‍നിന്നു സോമം കുടിയ്ക്കുവിൻ! 2
ശോഭനാഹ്വാനന്മാരേ, നിങ്ങൾ ഒന്നിച്ചുതന്നെ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍, ദർഭയിലിരിയ്ക്കുവിൻ, വിളയാടുവിന്‍! ത്വഷ്ടാവേ, ദേവന്മാരും ദേവപത്നിമാരുമാകുന്ന നല്ല ഗണത്തോടുകൂടിയ ഭവാന്‍ അന്നം ഭുജിച്ചു സംതൃപ്തി പൂണ്ടാലും! 3
മേധാവിൻ, ഭവാന്‍ ദേവന്മാരെ ഇവിടെ കൊണ്ടുവന്നു യജിയ്ക്കുക; ഹോതാവേ, ഇച്ഛയോടേ മൂന്നിടങ്ങളില്‍ ഇരിയ്ക്കുക; ആനീതമായ സോമമധു സകൌതുകം അഗ്നീധ്രയാഗത്തില്‍നിന്നു കുടിയ്ക്കുക; അങ്ങയുടെ പങ്കുകൊണ്ടു സംതൃപ്തനാകുക! 4
മഘവാവേ, ഇതാ, തിരുമേനിയ്ക്കു ബലം വർദ്ധിപ്പിച്ച സോമം: ഇതു പണ്ടേ തൃക്കൈകൾക്കു കെല്പും മിടുക്കും ഉളവാക്കിയതാണല്ലോ; അങ്ങയ്ക്കായി പിഴിഞ്ഞു കൊണ്ടുവന്ന ഇതു ഭവാന്‍ ബ്രാഹ്മണാച്ഛംസിയാഗത്തില്‍നിന്നു മതിയാവോളം കുടിച്ചാലും! 5
തമ്പുരാക്കന്മാരേ, നിങ്ങളിരുവരും എന്റെ യാഗത്തില്‍ എഴുന്നള്ളുവിൻ: വിളി കേൾക്കുവിൻ. ഹോതാവ് ഇരുന്നു പഴയ ‘ശസ്ത്ര’ങ്ങൾ ചൊല്ലുന്നു. ഇതാ, അന്നം തിരുമുമ്പില്‍ എത്തിയ്ക്കപ്പെട്ടിരിയ്ക്കന്നു; നിങ്ങൾ ഈ സോമമധു പ്രശാസ്തൃയാഗത്തില്‍നിന്നു പാനംചെയ്താലും! 6