ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ദ്രവിണോദസ്സും അശ്വികളും അഗ്നിയും ദേവത.
ദ്രവിണോദസ്സേ, ഭവാൻ ഹോതൃയാഗത്തില്‍നിന്ന് അന്നത്താല്‍ സന്തുഷ്ടനായി തൃപ്തിപൂണ്ടാലും: അധ്വര്യുക്കളേ, അദ്ദേഹം പുർണ്ണാഹുതിയെ ഇച്ഛിയ്ക്കുന്നു; അദ്ദേഹത്തിന്നു് അതു കൊണ്ടുവരുവിന്‍. അതു കൈക്കൊണ്ട് അദ്ദേഹം (ഇഷ്ടഫലം) തരും. ഭവാന്‍ ഋതുക്കളോടുകൂടി ഹോതൃയാഗത്തില്‍നിന്നു സോമം കുടിച്ചാലും! 1
ദ്രവിണോദസ്സേ, ഞാൻ ആരെ മുമ്പു വിളിച്ചുവോ, ആ അങ്ങയെത്തന്നെ ഇപ്പോൾ വിളിയ്ക്കുന്നു. അദ്ദേഹം ആഹ്വാതവ്യനും ദാതാവും കഴിവുള്ളവനുമാകുന്നു; അദ്ദേഹത്തിന്ന് അധ്വര്യുക്കൾ സോമമധുകൊണ്ടുവന്നിരിയ്ക്കുന്നു. അങ്ങ് ഋതുക്കളോടുകൂടി പോതൃയാഗത്തില്‍ നിന്നു സോമം കുടിച്ചാലും! 2
ദ്രവിണോദസ്സേ, അങ്ങയെ കൊണ്ടുനടക്കുന്ന വാഹനങ്ങൾ തൃപ്തിയടയട്ടെ. വനസ്പതേ, അങ്ങ് ഉപദ്രവിയ്ക്കാതെ ഉറച്ചുനില്ക്കുക. ധർഷക, അങ്ങു വന്നു, മുതിർന്ന് ഋതുക്കളോടു കൂടി നേഷ്ട്രുയാഗത്തില്‍ നിന്നു സോമം കടിച്ചാലും! 3
ആര്‍ ഹോത്രത്തില്‍നിന്നു കുടിച്ചുവോ, ആര്‍ പോത്രത്തില്‍ നിന്നു മത്തുകൊണ്ടുവോ, ആര്‍ നേഷ്ട്രത്തില്‍നിന്നു ഹിതമായ അന്നം ഭുജിച്ചുവോ; ഹവിർദ്ദാതാക്കൾക്കനുകൂലനായ ആ ദ്രവിണോദസ്സ് അരിച്ച മരണനിവാരകമായ നാലാമത്തെപ്പാത്രം കുടിച്ചരുളട്ടെ! 4
ഇന്നു നിങ്ങളിരുവരെയും കൊണ്ടു പോന്ന് ഇവിടെ വിടാൻ നിങ്ങളുടെ പള്ളിത്തേര്‍ പൂട്ടുവിൻ; വരുവിൻ; ഹവസ്സില്‍ തേന്‍ പകരുവിന്‍; വാജിനീവസുക്കളേ, എന്നിട്ടു സോമം കുടിയ്ക്കുവിൻ! 5
അഗ്നേ, അവിടുന്നു ചമത കൈക്കൊള്ളുക, ആഹുതി കൈക്കൊള്ളുക, ജനഹിതമായ ‘ശസ്ത്രം’ കൈക്കൊള്ളുക, നല്ല സ്തുതി കൈക്കൊള്ളുക; വസോ, ഇച്ഛിയ്ക്കുന്ന ഭവാന്‍ ഇച്ഛിയ്ക്കുന്ന ദേവന്മാരെയെല്ലാം, ഋതുവോടും എല്ലാവരോടും കൂടി, ഹവിസ്സു കുടിപ്പിച്ചാലും! 6