ഗൃത്സമദൻ ഋഷി; ത്രിഷ്ടൂപ്പ് ഛന്ദസ്സ്; സവിതാവ് ദേവത.
ആ ഭാരവാഹിയായ സവിതൃദേവന്‍ പ്രസവത്തിന്നനുജ്ഞ നല്കാൻ പ്രതിദിനം എഴുനേല്ക്കുന്നു: ഇതത്രേ, തന്റെ ജോലി. അവിടുന്ന് ഇപ്പോൾ സ്തോതാക്കൾക്കു രത്നം നല്കും; ശോഭനയജ്ഞന്നു ക്ഷേമവും വരുത്തും! 1
ആ കൈപ്പടം പരന്ന ദേവന്‍ ലോകസുഖത്തിന്നായി ഉദ്ഗമിച്ചു കൈകൾ നീട്ടുന്നു: അദ്ദേഹത്തിന്റെ കർമ്മത്തില്‍, പരിപാവനങ്ങളായ ജലങ്ങളും ഒഴുകുന്നു; ഈ വായുവും അന്തരിക്ഷത്തില്‍ വിഹരിയ്ക്കുന്നു. 2
പോകുന്ന സവിതാവു രശ്മികളോടു വേര്‍പിരിയുന്നു; സതതസഞ്ചാരികളുടെപോലും യാത്ര നിർത്തിയ്ക്കുന്നു, വൈരികളെ ചെറുക്കാൻ പോകുന്നവരുടെയും ഗമനേച്ഛ അടക്കിയ്ക്കുന്നു. സവിതാവിന്റെ ജോലി കഴിഞ്ഞാല്‍, രാത്രി വരികയായി. 3
വീണ്ടും, ഒരു നെയ്ത്തുകാരിപോലെ (രാത്രി) വെളിച്ചം നെയ്യുന്നു. ധീരൻപോലും സാധ്യമായ ജോലി ഇടയ്ക്കുവെച്ചു നിർത്തുന്നു; വീണ്ടും ശയ്യ വിട്ടെഴുനേല്ക്കുന്നു. നിർത്തലില്ലാത്ത ദേവന്‍ സവിതാവു വരുന്നു; ഋതുക്കളെ ചീന്തിവെയ്ക്കുന്നു. 4
അഗ്നിയുടെ വളർന്ന ഗൃഹ്യതേജസ്സു വിവിധസ്ഥാനങ്ങളിലും എല്ലാ അന്നത്തിലും സ്ഥിതിചെയ്യുന്നു; അവന്റെ അടയാളമായി സവിതാവിനാല്‍ അയയ്ക്കപ്പെട്ട പ്രഥമഭാഗം അമ്മ മകന്നായി വെയ്ക്കുന്നു! 5
ജയത്തിന്നായി പുറപ്പെട്ടവൻ തിരിച്ചുപോരുന്നു; സകലജംഗമങ്ങളുടെയും ഗൃഹത്തിൽ കാമൻ ആവിർഭവിയ്ക്കുന്നു. തൊഴിലാളി പകുതി ചെയ്ത വേല നിർത്തി, മടങ്ങുന്നു. ദിവ്യനായ സവിതാവിന്റെ പണിത്തരമാണിത്!6
അങ്ങയാൽ അന്തരിക്ഷത്തിൽ വെയ്ക്കപ്പെട്ട ജലാംശത്തെ തിരഞ്ഞുകൊണ്ടു മൃഗങ്ങൾ മരുഭൂമിയിൽ മരുവുന്നു; പക്ഷികൾ വൃക്ഷങ്ങളിൽ പാർക്കുന്നു. ഈ സവിതൃദേവന്റെ ആ ചേഷ്ടിതങ്ങൾ ആരും മുടക്കുന്നില്ല! 7
സവിതാവു മറയുമ്പോൾ, വരുണൻ വഴിപോക്കർക്കു സേവ്യവും പ്രാപ്യവും സുഖകരവുമായ താവളം നല്കുന്നു; പറക്കുന്ന എല്ലാ പക്ഷിയും തിരിയ്ക്കുന്നു; പശു തൊഴുത്തിൽ കേറുന്നു. സവിതാവു പ്രാണികളെ സ്വസ്ഥാനങ്ങളിലെയ്ക്കു വേർതിരിയ്ക്കുന്നു! 8
അദ്ദേഹത്തിന്റെ ജോലി ഇന്ദ്രനോ വരുണനോ മിത്രനോ അര്യമാവോ രുദ്രനോ മുടക്കില്ല;വൈരികളും മുടക്കില്ല. ആ സവിതൃദേവനെ ഞാൻ ക്ഷേമത്തിന്നായി, ഹവിസ്സൊരുക്കി വിളിയ്ക്കുന്നു. 9
സേവ്യനും ധ്യേയനുമായ ബഹുപ്രജ്ഞനെ കീർത്തിയ്ക്കുന്ന ഞങ്ങളെ ആ നരസ്തുത്യനായ ഛന്ദസ്പതി രക്ഷിയ്ക്കട്ടെ; ധനവും പശുക്കളും വരാനും ചേർന്നുനില്ക്കാനും ഞങ്ങളിൽ സവിതൃദേവൻ പ്രസാദിയ്ക്കട്ടെ! 10
അങ്ങു നല്കിയ ആ കമനീയമായ ധനം ഞങ്ങൾക്കു സ്വർഗ്ഗത്തിൽനിന്നും അന്തരിക്ഷത്തിൽനിന്നും ഭൂമിയിൽനിന്നും കൈവരട്ടെ; സവിതാവേ, സ്തോതാക്കളുടെ ബന്ധുവിന്നു സുഖകരം യാതൊന്നോ, അതു, വളരെ സ്തുതിയ്ക്കുന്ന സ്തോതാവിന്നു തന്നാലും! 11
[1] ഭാരവാഹി – ഭുവനഭാരം വഹിയ്ക്കുന്നവന്‍. പ്രസവം = സന്തത്യുൽപാദനം. ഇതു് – ലോകത്തില്‍ സന്തത്യുൽപാദനം നടത്തിയ്ക്കല്‍. എഴുനേല്ക്കുന്നു – ഒരുങ്ങുന്നു.
[4] വീണ്ടും – തലേന്നാളത്തെപ്പോലേ, നിർത്തുന്നു – വൈകുന്നേരം പണി നിർത്തുമല്ലോ. വീണ്ടും – പുലര്‍കാലത്ത്. ശയ്യ വിട്ടെഴുനേൽക്കുന്നു – ഉറക്കമുണർന്നു വേല തുടരുന്നു. സവിതാവു വരുന്നു – സൂര്യന്‍ ഉദിയ്ക്കുന്നു. ചീന്തിവെയ്ക്കുന്നു – വേര്‍തിരിയ്ക്കുന്നു.
[6] പ്രഥമഭാഗം – അഗ്നിഹോത്രം. അമ്മ – ഉഷസ്സ്. മകന്‍ – അഗ്നി.
[10]ഛന്ദസ്പതി = ഛന്ദസ്സുകളുടെ അധിപതി, സവിതാവ്.
[11]അതു – ധനം.