ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.
വളരെയാളുകളാൽ ആഹ്വാതവ്യരായ നിങ്ങളിരുവരും കവിണക്കല്ലുകൾപോലെ പരിപന്ഥിയെ പരിക്കേല്പിയ്ക്കുന്നു; കഴുകർവൃക്ഷത്തെയെന്നപോലെ ഹവിർദ്ധനനെ പ്രാപിയ്ക്കുന്നു; ഉക്ഥം ചൊല്ലുന്ന ബ്രാഹ്മണർപോലെ യജ്ഞത്തിലും, ദൂതർപോലെ നാട്ടുപുറങ്ങളിലും പെരുമാറുന്നു.1
രാവിലെത്തന്നെ പോകുന്നവരും, രഥികൾപോലെ വീരരും, ആടുകൾപോലെ ഇണയും, സ്ത്രീകൾപോലെ സുന്ദരാംഗരും ദമ്പതിമാർപോലെ സംയുക്തരും, നാട്ടുപുറങ്ങളിൽ കർമ്മജ്ഞരുമായ നിങ്ങൾ ഭക്തങ്കൽ ചെല്ലുന്നു. 2
കൊമ്പുകൾപോലെ മുമ്പരും, കുളമ്പുകൾപോലെ തുലോം ശീഘ്രഗാമികളുമായ നിങ്ങൾ ഞങ്ങളുടെ അടുക്കലെയ്ക്കു വന്നാലും; രഥികൾപോലെ രിപുക്കളെ ആട്ടിക്കളയുന്ന ശക്തന്മാരായ നിങ്ങൾ, ചക്രവാകങ്ങൾ പകലിലെയ്ക്കെന്നപോലെ, ഇങ്ങോട്ടെഴുന്നള്ളിയാലും! 3
നിങ്ങൾ തോണിപോലെ ഞങ്ങളെ അപ്പുറത്താക്കണം – നുകംപോലെയും ചക്രകൂടംപോലെയും അതിന്റെ പലകപോലെയും, ബാഹ്യവലയംപോലെയും ഞങ്ങളെ അപ്പുറത്താക്കണം; നായ്ക്കൾപോലെ ഞങ്ങളുടെ ദേഹരക്ഷകരാകണം; ചട്ടപോലെ, ഞങ്ങളെ ജരയിൽ നിന്നു രക്ഷിയ്ക്കണം! 4
കാറ്റുപോലെ നിർത്താവതല്ലാത്തവരും, നദിപോലെ ശീഘ്രഗാമികളുമായ നിങ്ങൾ കണ്ണുകൾപോലെ നോക്കി, ഇങ്ങോട്ടുവന്നാലും; കൈകൾപോലെയും കാലുകൾപോലെയും ദേഹത്തിന്നു സുഖമുളവാക്കുന്ന നിങ്ങൾ ഞങ്ങൾക്കു മികച്ച ധനം കൊണ്ടുവന്നാലും ! 5
നിങ്ങൾ ചുണ്ടുകൾപോലെ വായ് മധുരിയ്ക്കുന്ന വാക്കുച്ചരിച്ചു, സ്തനങ്ങൾപോലെ, ജീവിപ്പാൻ ഞങ്ങളെ പുഷ്ടിപ്പെടുത്തുവിൻ; മൂക്കുകൾപോലെ ഞങ്ങളുടെ ദേഹത്തെ രക്ഷിയ്ക്കുവിൻ; ചെവികൾ പോലെ ഞങ്ങൾക്കു സുശ്രവണരാകുവിൻ! 6
അശ്വികളേ, നിങ്ങൾ, കൈകൾപോലെ ഞങ്ങൾക്കു ത്രാണിയുണ്ടാക്കുവിൻ; വാനൂഴികൾപോലെ ഞങ്ങൾക്കു വെള്ളം കിട്ടിയ്ക്കുവിൻ; നിങ്ങളെക്കുറിച്ചുളള ഈ സ്തുതികൾക്കു, കത്തിയ്ക്കു ചാണ എന്നപോലെ മൂർച്ച വരുത്തുവിൻ! 7
അശ്വികളേ, ഇങ്ങനെ നിങ്ങളെ വളർത്തുന്ന മന്ത്രവും സ്തോത്രവും ഗൃത്സമദന്മാര്‍ നിർമ്മിച്ചിരിയ്ക്കുന്നു; നേതാക്കളായ നിങ്ങൾ ഇവയില്‍ പ്രീതിപൂണ്ടു വന്നുചേർന്നാലും! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 8
[1]ദൂതർ – രാജാവയച്ച ദൂതർ.
[2]പോകുന്നവർ – യജ്ഞത്തിന്ന്. സംയുക്തർ = ചേർന്നിരിയ്ക്കുന്നവർ.
[3]കൊമ്പുകൾ – വൃഷാദികളുടെ, മുമ്പർ – പ്രധാനർ. കുളമ്പുകൾ – അശ്വാദികളുടെ. ചക്രവാകങ്ങൾക്കു രാത്രിയിൽ വിരഹദുഃഖം പ്രസിദ്ധമാണല്ലോ.
[4]അപ്പുറത്ത് – ദുർഗ്ഗമങ്ങളുടെ മറുകരയിൽ. നുകവും മറ്റും തേരിന്റെ അവയവങ്ങളാകയാൽ തേർപോലെ എന്നർത്ഥം. ചട്ടപോലെ – കവചം ആയുധങ്ങളിൽനിന്നു രക്ഷിയ്ക്കുന്നതുപോലെ.
[6] സ്തനങ്ങൾ – അമ്മയുടെ മുലകൾ. മൂക്കുകൾപോലെ – നാസാരന്ധ്രങ്ങൾ ശ്വാസോച്ഛ ്വാസങ്ങൾകൊണ്ടെന്നപോലെ.
[7] കൈകള്‍പോലെ – കൈകളാണല്ലോ, ജോലിചെയ്യുക.