ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സോമനം പൂഷാവും അദിതിയും ദേവത.
സോമാപൂഷാക്കളേ, നിങ്ങൾ ധനത്തെ ഉൽപാദിപ്പിച്ചു, ദ്യോവിനെ ഉൽപാദിപ്പിച്ചു, ഭൂവിനെ ഉല്‍പാദിപ്പിച്ചു; ജനിച്ചപ്പോൾത്തന്നെ നിങ്ങളെ ദേവന്മാർ സമസ്തജഗദ്രക്ഷകരും അമൃതപ്രദരുമാക്കിവെച്ചു. 1
ഈ ദേവന്മാര്‍ ജനിച്ചപ്പോൾത്തന്നേ സേവിതരായി. കൊള്ളരുതാത്ത തമസ്സിനെ ഇവര്‍ കഴിച്ചുമൂടുന്നു. ഈ സോമാപൂഷാക്കളോടൊന്നിച്ചത്രേ, ഇന്ദ്രന്‍ തരുണികളായ പൈക്കളുടെ അകിട്ടില്‍ പക്വമായ പാല്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. 2
വൃഷാക്കളായ സോമാപൂഷാക്കളേ, ലോകത്തെ അളക്കുന്നതും, ആർക്കും അളന്നുകൂടാത്തതും, ഏഴു ചക്രവും അഞ്ചു കടിഞാണുമുള്ളതും, നീളെ ചുററിനടക്കുന്നതും, മനസ്സുകൊണ്ടു പൂട്ടുന്നതുമായ ആ പളളിത്തേര്‍ നിങ്ങൾ ഇങ്ങോട്ടു തെളിച്ചാലും! 3
ഒരാൾ ഉയർന്ന വാനത്തും, മററാൾ ഭൂമ്യന്തരിക്ഷങ്ങളിലും പാർപ്പുറപ്പിച്ചു; അവര്‍ ഞങ്ങൾക്കനുഭവിപ്പാൻ, ബഹുവരേണ്യവും ബഹുയശസ്കവുമായ ‘ധനപോഷം’ ഞങ്ങൾക്കു തന്നരുളട്ടെ! 4
ഒരാൾ ഉലകെല്ലാം ഉല്‍പാദിപ്പിച്ചു; മാറ്റൾ എല്ലാററിനെയും നോക്കിക്കൊണ്ടു വന്നണയുന്നു. അങ്ങനെയുള്ള സോമാപൂഷാക്കളേ, നിങ്ങൾ എന്റെ കർമ്മത്തെ രക്ഷിയ്ക്കുവിന്‍; നിങ്ങളുടെ തുണയാല്‍ ഞങ്ങൾ പറ്റലർപ്പടകളെയെല്ലാം വെല്ലുമാറാകണം! 5
വിശ്വപ്രീതിദനായ പൂഷാവു കർമ്മം പൂർത്തിപ്പെടുത്തട്ടെ; ധനേശനായ സോമന്‍ ധനം തരട്ടെ; ആനുകൂല്യം വിടാത്ത അദിതിദേവി രക്ഷിച്ചരുളട്ടെ! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 6