ഭൃഗുഗോത്രന്‍ സോമാഹുതി ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്. അഗ്നി ദേവത.
യാതൊരു ജാതവേദസ്സായ ദേവന്‍ ദേവന്മാര്‍വരെയുള്ളവരെ ഒരു സുഹൃത്തെന്നപോലെ താങ്ങിപ്പോരുന്നുവോ; ആ അഗ്നിയെ; തുലോം തിളങ്ങുന്നവനെ, തുലോം നിഷ്പാപനെ, മനുഷ്യർക്ക് അതിഥിയെ, ശോഭനാന്നനെ നിങ്ങൾക്കുവേണ്ടി ഞാന്‍ വിളിയ്ക്കാം. 1
ഭൃഗുക്കളത്രേ, ഈ അഗ്നിയെ പരിചരിച്ചു രണ്ടിടങ്ങളില്‍ – അന്തരിക്ഷത്തിലും മനുഷ്യപ്രജകളിലും – പ്രതിഷ്ഠിച്ചതു്. ദേവകളില്‍ വെച്ചു ശീഘ്രഗമനനും ജവനാശ്വനുമായ അവിടുന്നു വിരോധികളെയെല്ലാം തീരെ കീഴമർത്തട്ടെ! 2
ദേവകൾ പോകുമ്പോൾ യാതൊരുവനെയാണോ, മനുഷ്യപ്രജകളില്‍ ഒരു പ്രിയസുഹൃത്തിനെയെന്നപോലെ നിർത്തിയതു്; ഹവിർദ്ദാതാവിന്റെ ഗൃഹത്തില്‍ യാവനൊരുത്തൻ ആധാനംചെയ്യപ്പെടുന്നുവോ; ആ സമ്പല്‍കരനായ അഗ്നി കാമിനികളായ യാമിനികളില്‍ മിന്നിത്തിളങ്ങുന്നു! 3
ഇദ്ദേഹത്തിന്റെ പുഷ്ടി, സ്വന്തം പുഷ്ടിപോലെ സന്തോഷകരമാണ്; വളർന്നു ചുട്ടെരിപ്പാൻതുടങ്ങുന്ന ഇദ്ദേഹത്തെ കാണുന്നതും സന്തോഷകരംതന്നെ. ഇദ്ദേഹം മരങ്ങൾക്കിടയില്‍, ഒരു തേര്‍ക്കുതിര വാലാട്ടുന്നതുപോലെ, നാവിളക്കും! 4
ആരുടെ മഹത്ത്വം എന്റെ ആളുകൾ സ്തുതിയ്ക്കുന്നുവോ, അദ്ദേഹം സ്വന്തം രൂപം ഋത്വിക്കുകളെ കാണിയ്ക്കും. അവിടുന്നു ഹവ്യങ്ങളില്‍ വിചിത്രശോഭകൊണ്ടു തിരിച്ചറിയപ്പെടുന്നു. അവിടുന്നു കിഴവനായിട്ടു, വീണ്ടും വീണ്ടും യുവാവായിച്ചമയുന്നു! 5
അവിടുന്നു വനങ്ങളില്‍, ദാഹംപൂണ്ടവന്‍പോലെ ഉജ്ജ്വലിയ്ക്കുന്നു; വെള്ളംപോലെ ഒഴുകുന്നു; തേര്‍ക്കുതിരപോലെ മുരളുന്നു; ആ പൊള്ളിയ്ക്കുന്ന കൃഷ്ണവര്‍ത്മാവു നക്ഷത്രങ്ങളാല്‍ പുഞ്ചിരിയിടുന്ന നഭസ്സുപോലെ പ്രകാശിയ്ക്കുന്നു. 6
ആ തേജസ്വിയായ അഗ്നി നാനാരൂപനായി സ്ഥിതിചെയ്യുന്നു; ഭൂമിയിലെങ്ങും വളരുന്നു; വരണ്ടവയെ എരിച്ചും, നോവിയ്ക്കുന്നവയെ കരിച്ചും, ധാരാളം കുടിയ്ക്കുന്നപോലെയായും, ഇടയനില്ലാത്ത ഒരു നാല്ക്കാലിപോലെ സ്വയം മേഞ്ഞുനടക്കുന്നു! 7
അഗ്നേ, അങ്ങയുടെ മുമ്പേത്തെ അഭീഷ്ടദാനം സ്മരിച്ചു (ഞങ്ങൾ) ഇപ്പോൾ മൂന്നാം യാഗത്തിലും (അങ്ങയെ) സ്തുതിച്ചുകൊള്ളുന്നു. അങ്ങു ഞങ്ങൾക്കു, വീരരെ അടക്കുന്നതും മഹത്തും കേൾവിപ്പെട്ടതുമായ അന്നത്തെയും സത്സന്താനത്തെയും ധനത്തെയും തന്നരുളുക! 8
അഗ്നേ, ഗൃത്സമദന്മാര്‍ അങ്ങയുടെ തുണയാല്‍, ഗുഹയില്‍ക്കിടക്കുന്ന രമണീയങ്ങളെ കീഴടക്കണം, നല്ല വീരന്മാരെ നേടണം, ആക്രമണം താങ്ങണം; അതിന്നു തക്ക അന്നം അവിടുന്നു മേധാവികൾക്കും സ്തോതാക്കൾക്കും നല്കിയാലും! 9
[1] ദേവന്മാര്‍വരെയുള്ളവരെ – മനുഷ്യർമുതല്‍ ദേവകൾവരെയുള്ള ജനങ്ങളെ.
[2] ജവനാശ്വന്‍ = വേഗമേറിയ കുതിരകളുള്ളവന്‍.
[3] പോകുമ്പോൾ – സ്വർഗ്ഗത്തിലെയ്ക്കു തിരിയ്ക്കുമ്പോൾ. പ്രിയസുഹൃത്തിനെയെന്നപോലെ – വിദേശത്തെയ്ക്കു പോകുന്നവർ സ്വഗൃഹരക്ഷയ്ക്ക് ഒരു സ്നേഹിതനെ വെയ്ക്കുന്നതുപോലെ. കാമിനികൾ – അഗ്നിയെ കാമിയ്ക്കുന്നവര്‍. യാമിനികൾ = രാത്രികൾ.
[4] ഒരാൾക്കു സ്വന്തം പുഷ്ടി എപ്രകാരമോ, അപ്രകാരം സന്തോഷകരമാണ്, അഗ്നിയുടെ പുഷ്ടി (തടിയ്ക്കല്‍, കത്തിപ്പടരുക). നാവ് – ജ്വാല.
[5] അദ്ദേഹം – അഗ്നി. ഋത്വിക്കുകളെ കാണിയ്ക്കും – അവരുടെ മുമ്പില്‍ ഉജ്ജ്വലിയ്ക്കും. വിചിത്രശോഭ – ഓരോന്നു ഹോമിയ്ക്കുമ്പോൾ ഓരോ നിറം കാണുമല്ലോ. കിഴവനായിട്ടു – കെടാൻ തുടങ്ങിയിട്ടു. യുവാവായിത്തീരുന്നു – നെയ്യും മറ്റും വീഴ്ത്തുകയാല്‍ കത്തിയാളുന്നു.
[6] ദാഹം പൂണ്ടവൻ – വെള്ളം കുടിപ്പാൻ വെമ്പുന്നവൻ. കൃഷ്ണവര്‍ത്മാവ് = അഗ്നി; അഗ്നിയുടെ വഴി പുകകൊണ്ടു കുറുക്കുമല്ലോ.
[7] വരണ്ടവ – മരവും കുററിക്കാടും മറ്റും. നോവിയ്ക്കുന്നവ – മുള്ളം മറ്റും. കുടിയ്ക്കുന്നതു – വൃക്ഷാദികളുടെ നീരിനെ.
[8] മഹത്ത് – വളരെപ്പേരെ പുലർത്താന്‍ മതിയാവുന്നത്.
[9] ഗുഹയില്‍ക്കിടക്കുന്ന രമണീയങ്ങൾ – ഭൂഗര്‍ഭത്തിലുള്ള നിധികൾ. ആക്രമണം – ശത്രുക്കളുടെ. മേധാവികൾ – യജമാനന്മാര്‍.