വിശ്വാമിത്രപുത്രൻ കതന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
ധർമ്മങ്ങളില്‍ മുമ്പേ ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നവനും, ഏവർക്കും വരണീയനും, ശോചിഷ്കേശനും, നെയ്യുരുക്കുന്നവനും, ശുദ്ധി വരുത്തുന്നവനും, സുയജ്ഞനുമായ അഗ്നിയില്‍, ദേവകളെ യജിപ്പാൻവേണ്ടി നെയ്യും മറ്റും തൂകുന്നു. 1
അഗ്നേ, ജാതവേദസ്സേ, കർമ്മജ്ഞനായ ഭവാന്‍ ഭൂവിന്റെയും ദ്യോവിന്റെയും ഹോതാവായല്ലോ; അപ്രകാരം ഈ ഹവിസ്സുകൊണ്ടു ദേവന്മാരെ യജിച്ചാലും; ഇന്ന് ഈ യജ്ഞത്തെ, മനുവിന്റേതിനെപ്പോലെ മറുകരയിലെത്തിയ്ക്കുകയും ചെയ്താലും! 2
ജാതവേദസ്സേ, അങ്ങയ്ക്ക് അന്നങ്ങൾ മൂന്നുണ്ട്; അഗ്നേ, മൂന്നുഷസ്സുകൾ അങ്ങയുടെ അനുജത്തിമാരാകുന്നു. അവരോടുകൂടിയ വിദ്വാനായ ഭവാന്‍ അന്നം ദേവന്മാരിലെത്തിച്ചാലും; യജമാനന്നു സുഖവും വരുത്തുക! 3
ജാതവേദസ്സേ, നല്ല തേജസ്സും നല്ല കാഴ്ചയുമുള്ള സ്തുത്യനായ അഗ്നിയെ – നിന്തിരുവടിയെ – ഞങ്ങൾ സ്തുതിച്ചു പൂജിയ്ക്കുന്നു: നിസ്സംഗനും അമൃതിന്റെ ഇരിപ്പിടവുമായ നിന്തിരുവടിയെ ദേവന്മാര്‍ ഹവിസ്സു വഹിയ്ക്കുന്ന ദൂതനാക്കിവെച്ചു! 4
അഗ്നേ, അങ്ങയെക്കാൾ മുമ്പേ ഒരു അതിയഷ്ടാവായ ഹോതാവു സ്വധയോടുകൂടി രണ്ടിടത്തുമിരുന്നു സുഖമുളവാക്കിയല്ലോ; വിദ്വൻ, അദ്ദേഹത്തിന്റെ ധർമ്മം നോക്കി ഭവാന്‍ യജിച്ചാലും. അങ്ങനെ ഞങ്ങളുടെ യാഗം ദേവകൾക്കു പ്രീതികരമാക്കിയാലും! 5