ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അഗ്നേ, ഭവാന്‍ ഇവിടെ വരാന്‍ കനിഞ്ഞു, തോഴന്‍ തോഴന്നും, അച്ഛനമ്മമാര്‍ മകന്നുമെന്നപോലെ ഞങ്ങൾക്കു കാര്യസാധകനായിബ്ഭവിച്ചാലും: മനുഷ്യര്‍ മനുഷ്യരെ തുലോം ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുമല്ലോ; നേരിടുന്ന വൈരികളെ അങ്ങു ചുട്ടെരിയ്ക്കണം! 1
അഗ്നേ, ആക്രമിയ്ക്കുന്ന ശത്രുക്കളെ തപിപ്പിയ്ക്കുകു; ഹവിസ്സർപ്പിയ്ക്കാത്ത എതിരാളിയുടെ ആശ തപിപ്പിയ്ക്കുക; വസോ, അറിവുള്ള ഭവാൻ സല്‍ക്കർമ്മവിമുഖരെ തപിപ്പിയ്ക്കുക. അങ്ങനെ, അങ്ങയുടെ രശ്മികൾ തടവില്ലാത്തവയാകട്ടെ! 2
അഗ്നേ, ധനകാമനായ ഞാന്‍ ഭവാനു ദ്രുതഗതിയ്ക്കും ബലത്തിന്നുമായി, ചമതയോടും നെയ്യോടും കൂടി ഹവിസ്സു ഹോമിയ്ക്കുന്നു; ആവുന്നേടത്തോളം സ്തോത്രം ചൊല്ലി വന്ദിയ്ക്കുന്നു. അങ്ങ് ഈ സ്തുതിയെ, നൂറുനൂറായിക്കിട്ടുമാറു വിളങ്ങിച്ചാലും! 3
ബലത്തിന്റെ മകനേ, അവിടുന്നു കത്തിജ്ജ്വലിയ്ക്കുക: അഗ്നേ, സ്തുതിയ്ക്കപ്പെട്ട ഭവാൻ പുകഴ്ത്തുന്ന വിശ്വാമിത്രഗോത്രക്കാർക്കു വളരെ അന്നവും ധനവും രോഗശമവും ഭയശാന്തിയും കല്പിച്ചരുളുക; കർത്താവേ, ഞങ്ങൾ അങ്ങയുടെ തിരുമൈ വളരെത്തവണ കഴുകാം! 4
നല്ല ദാതാവായ അഗ്നേ, അവിടുന്നു കത്തിജ്ജ്വലിയ്ക്കുമ്പോൾത്തന്നെ, ധനങ്ങളില്‍വെച്ചു മികച്ചതു തന്നരുളിയാലും: സുഭഗനായ സ്തോതാവിന്റെ ഗൃഹത്തില്‍, ധനമുണ്ടാകുമാറു പെരുമാറുന്നവയാണല്ലോ, ഇരുതൃക്കൈകളും തിരുവുടലും! 5