വിശ്വാമിത്രന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; വൈശ്വാനരാദികൾ ദേവത.
സത്യപ്രതിജ്ഞനും സ്വർഗ്ഗജ്ഞനും സുദാതാവും തേരിലെഴുന്നള്ളുന്നവനുമായ വൈശ്വാനരനെന്ന അഗ്നിദേവനെ, ഹവിസ്സൊരുക്കിയ കുശികഗോത്രക്കാരായ ഞങ്ങൾ മനസ്സുകൊണ്ടെറിഞ്ഞു, ധനത്തിന്നുവേണ്ടി, സ്തുതികളാല്‍ ആഹ്വാനംചെയ്യുന്നു. 1
തിളങ്ങുന്ന, അന്തരിക്ഷസ്ഥനായ, സ്തുത്യനായ, ബൃഹസ്പതിയായ, മേധാവിയായ, ശ്രോതാവായ, അതിഥിയായ, ക്ഷിപ്രഗാമിയായ ആ വൈശ്വാനരാഗ്നിയെ ഞങ്ങൾ രക്ഷയ്ക്കും മനുഷ്യന്റെ ദേവയജനത്തിന്നുമായി വിളിച്ചുകൊള്ളുന്നു. 2
ആരെ കുശികഗോത്രക്കാര്‍, നിലവിളിയ്ക്കുന്ന കുതിരക്കുട്ടിയെ തള്ളമാര്‍പോലെ പ്രതിദിനം വളർത്തിപ്പോരുന്നുവോ; അമർത്ത്യരില്‍ ഉണർന്നിരിയ്ക്കുന്ന ആ വൈശ്വാനരാഗ്നി ഞങ്ങൾക്കു നല്ല മക്കളോടും നല്ല കുതിരകളോടും കൂടിയ ശ്രേഷ്ഠധനം തന്നരുളട്ടെ! 3
വേഗമേറിയ അഗ്നികൾ ചെന്നു, ജലത്തില്‍ കരുത്തരായ മരുത്തുക്കളോടു ചേരട്ടെ; ആ അദമ്യരായ വിശ്വവേദസ്സുകൾ പുള്ളിമാനുകളെപ്പൂട്ടി, മേഘങ്ങളെ, ധാരാളം മഴ പെയ്യുമാറ് ഇളക്കിവിടും! 4
അഗ്നിയോടു ചേർന്ന, ഉലകത്തെ ചാഞ്ചാടിയ്ക്കുന്ന മരുത്തുക്കളുടെ തിളങ്ങുന്ന ബലവത്തായ രക്ഷയെ ഞങ്ങള്‍ യാചിയ്ക്കുന്നു: അലറുന്ന സിംഹങ്ങൾപോലെ ഇരമ്പുന്ന ആ വർഷണശീലരായ രുദ്രപുത്രന്മാര്‍ നല്ലതു തരുന്നവരാണല്ലോ! 5
അഗ്നിയെ ജ്വലിപ്പിയ്ക്കുന്ന മരുത്തുക്കളുടെ തേജസ്സിനെ ഞങ്ങൾ കൂട്ടത്തില്‍ കൂട്ടത്തില്‍ – ഗണത്തില്‍ ഗണത്തില്‍ – മന്ത്രം ജപിച്ചു യാചിയ്ക്കുന്നു: യജ്ഞങ്ങളില്‍ ഹവിസ്സിന്നു ചെല്ലുന്നവരാണല്ലോ, ആ അക്ഷയധനരും ധിരരുമായ പൃഷദശ്വന്മാര്‍! 6
“ജനിച്ചപ്പോൾത്തന്നെ ജാതവേദസ്സാണു്, അഗ്നിയായ ഞാന്‍. നെയ്യ് എന്റെ കണ്ണാകുന്നു; അമൃതം എന്റെ വായിലുണ്ട്. മൂന്നായി സ്ഥിതിചെയ്യുന്ന പ്രാണനും, അന്തരിക്ഷമളന്നവനും ഇടവിടാതെ ചൂടുളവാക്കുന്നവനും ഞാനാകുന്നു; ഹവിസ്സെന്നതും ഞാൻതന്നെ.” 7
താന്‍ മനംകൊണ്ടു മനനീയമായ തേജസ്സിനെ അറികയാല്‍, മൂന്നു പരിശുദ്ധന്മാർക്കും പൂജനീയനായിത്തീർന്നുവല്ലോ; അങ്ങനെ, ആ വിശ്വംഭരന്മാർക്കും സ്പൃഹണീയമായ ശ്രേഷ്ഠത നേടിയ അഗ്നി വാനൂഴികളെയെല്ലാം സ്വാത്മതയാ ദർശിച്ചു! 8
നൂറൊഴുക്കുള്ള നീരുറവുപോലെ അക്ഷയനും, വിദ്വാനും, അച്ഛനും, വക്തവ്യങ്ങളെ ഒരുമിപ്പിയ്ക്കുന്നവനും, അച്ഛനമ്മമാരുടെ അരികില്‍ ആഹ്ലാദിയ്ക്കുന്നവനുമായ ആ സത്യഭാഷിയെ, ദ്യാവാപൃഥിവികളേ, നിങ്ങൾ സംതൃപ്തനാക്കുവിൻ! 9
[2] ബൃഹസ്പതി – യജ്ഞപാലകൻ. ശ്രോതാവു് – സ്തോത്രാദികൾ കേൾക്കുന്നവന്‍.
[3] തള്ളമാര്‍ – പെണ്‍കുതിരകൾ.
[4] വിശ്വവേദസ്സുകൾ – പ്രാണികളുടെ കർമ്മമെല്ലാം അറിയുന്നവര്‍, മരുത്തുക്കൾ.
[7] താൻ സ്വാത്മകനാണെന്ന ജ്ഞാനമുദിച്ച അഗ്നി പറയുന്നു: അമൃതം – കർമ്മഫലം. എന്റെ വായിലുണ്ട് – ഞാന്‍ അനുഭവിച്ചുപോരുന്നു. മൂന്നായി – പ്രാണാപാനവ്യാനരൂപേണ. അന്തരിക്ഷമളന്നവൻ – വായു. ചൂടുളവാക്കുന്നവന്‍ – സൂര്യന്‍.
[8] താൻ – അഗ്നി. തേജസ്സ് – പരബ്രഹ്മം. മൂന്നു പരിശുദ്ധന്മാര്‍ – അഗ്നി, വായു, സൂര്യൻ. സ്വാത്മതയാട = സ്വസ്വരൂപേണ.
[9] വിശ്വാമിത്രന്‍, തന്റെ അധ്യാത്മഗുരുവിനെ സ്തുതിയ്ക്കുന്നു: അക്ഷയന്‍ – അവിച്ഛിന്നവാക്പ്രവാഹന്‍. അച്ഛന്‍ – ശിഷ്യരെ പുത്രരെയെന്നപോലെ രക്ഷിയ്ക്കുന്നവന്‍.