വിശ്വാമിത്രന്‍ ഋഷി; അനുഷ്ടുപ്പും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.
ഇതാ, അരണിമേല്‍ വെയ്ക്കാനുള്ളത്; ദർഭക്കെട്ടും ഉണ്ടാക്കിയിരിയ്ക്കുന്നു. ഈ പ്രജാപാലികയെ കൊണ്ടുവരൂ: നമുക്കു മുമ്പേത്തെപ്പോലെ കടയാം. 1
ഗർഭിണികളില്‍ ഗർഭമെന്നപോലെ, ജാതവേദസ്സ് അരണികളില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു; ആ അഗ്നി ഹവിസ്സൊരുക്കിയ ജാഗരൂകരായ മനുഷ്യരാല്‍ നാളില്‍ നാളില്‍ സ്തുത്യനാകുന്നു! 2
അറിവുള്ള ഭവാന്‍ മലർന്നതിന്മേല്‍ കമിഴ്ത്തുക: ഉടനടി രേതസ്സൊഴുക്കി വൃഷാവിനെ ഉൽപാദിപ്പിയ്ക്കട്ടെ. ഇരുട്ടകററുന്ന ഒരു തേജസ്സ് – അങ്ങനെ ഉജ്ജ്വലിച്ചുയർന്ന തന്തിരുവടി – ഇളയുടെ മകനായി യോനിസ്ഥാനത്തു പിറന്നു! 3
അഗ്നേ, ജാതവേദസ്സേ, ഹവിസ്സുകൾ വഹിപ്പാനായി അങ്ങയെ ഞങ്ങൾ പൃഥിവീമധ്യത്തില്‍ – ഇളാപദത്തില്‍ – പ്രതിഷ്ഠിയ്ക്കട്ടെ! 4
നേതാക്കളേ, രണ്ടില്ലാത്തവനും കവിയും പ്രചേതസ്സും അമരണനുമായ ആ സുന്ദരാംഗനെ നിങ്ങൾ കടഞ്ഞുണ്ടാക്കുവിൻ – നേതാക്കളേ, യജ്ഞത്തിന്റെ കൊടിമരമായ, മുമ്പനായ, നല്ല സുഖിയായ അഗ്നിയെ നിങ്ങൾ മുമ്പേ ഉല്‍പാദിപ്പിയ്ക്കുവിൻ! 5
കൈകൾകൊണ്ടു കടഞ്ഞാല്‍ വെളിപ്പെടുന്ന ആ വേഗവാൻ വനങ്ങളില്‍ ഒരു കുതിരപോലെയും അശ്വികളുടെ പായുന്ന വിചിത്രരഥംപോലെയും മിന്നിത്തിളങ്ങും; തടവെന്ന്യേ കല്ലും പുല്ലും ചുട്ടെരിച്ചിട്ട് അവിടം വിടുകയുംചെയ്യും! 6
ഉല്‍പന്നാനായ അഗ്നി അഭിജ്ഞനും വേഗവാനും കർമ്മകുശലനും കവിസ്തുതനും നല്ല ദാതാവുമായി പരിശോഭിയ്ക്കുന്നു; ഈ സ്തുത്യനായ വിശ്വവേദസ്സിനെ ദേവകൾ യാഗങ്ങളില്‍ ഹവ്യവാഹനാക്കിവെച്ചു! 7
ഹോതാവേ, അങ്ങു സ്വസ്ഥാനത്ത് ഇരുന്നരുളുക; അഭിജ്ഞനായ ഭവാൻ യഷ്ടാവിനെ പുണ്യലോകത്തിരുത്തിയാലും. ദേവരക്ഷകനായ അവിടുന്നു ദേവന്മാരെ ഹവിസ്സുകൊണ്ടു യജിയ്ക്കുക; അഗ്നേ, യജമാനന്നു ധാരാളം അന്നവും നല്കുക! 8
സഖാക്കളേ, നിങ്ങൾ വൃഷാവായ അഗ്നിയെ ഉല്‍പാദിപ്പിയ്ക്കുവിൻ – നിർത്താതെ നേരിട്ടു മല്ലടിയ്ക്കുവിൻ. പോരിന്നു പോന്നവനാണു്, ഈ അഗ്നി: ഈ സുവീരനെക്കൊണ്ടാണത്രേ, ദേവകൾ ദസ്യുക്കളെ അമർത്തിയത് ! 9
അഗ്നേ, ഭവാന്‍ പിറന്നു വിളങ്ങിയതു യാതൊന്നില്‍നിന്നോ; ഇതാ, അങ്ങയുടെ ആ ഉല്‍പത്തിസ്ഥാനം. ഇതറിഞ്ഞ്, അതിലിരുന്നുകൊള്ളുക; എന്നിട്ടു, ഞങ്ങളുടെ സ്തുതികളെ വളർത്തിയാലും! 10
അസുരഘ്നൻ ഗർഭത്തിലിരിയ്ക്കുമ്പോൾ തനൂനപാത്തെന്നു പറയപ്പെടുന്നു; ജനിച്ചാല്‍, നരാശംസനായി; മാതാവിങ്കല്‍ വിളങ്ങുമ്പോള്‍ മാതരിശ്വാവാകും. അദ്ദേഹത്തിന്റെ ശീഘ്രഗമനത്താലാണ് വായു പുറപ്പെടുന്നത്. 11
അഗ്നേ, കവിയായ ഭവാൻ നല്ല മഥനംകൊണ്ടു തുലോം മഥിതനായി; നല്ല നിധാനംകൊണ്ടു നിഹിതനുമായി. അങ്ങു യജ്ഞങ്ങളെ നന്നാക്കുക; ദേവകാമന്നുവേണ്ടി ദേവകളെ യജിയ്ക്കക! 12
മൃതിയും ക്ഷതിയുമില്ലാത്ത, പല്ലുറപ്പുള്ള താരയിതാവിനെ മനുഷ്യർ ഉല്‍പാദിപ്പിച്ചു; ആണ്‍കുട്ടി പിറന്നതു കണ്ടിട്ടു, പണിയെടുത്ത പത്തുവിരലുകൾ ഒന്നിച്ചുകൂടി ഘോഷം കൂട്ടി! 13
സനാതനൻ സപ്തഹോതാക്കളോടൊന്നിച്ചു സമുജ്ജ്വലിച്ചു: അമ്മയുടെ മടിയില്‍ – അകിട്ടില്‍ – ശോഭിച്ച ആ ശോഭനസ്വനൻ ഒരു നാളിലും കണ്ണടയ്ക്കുകയില്ല; മരത്തിന്റെ വയറഠില്‍നിന്നാണല്ലോ, തന്റെ ജനനം! 14
മരുൽസൈന്യങ്ങൾപോലെ എതിരാളികളോടു പൊരുതുന്നവരും, ബ്രഹ്മാവിങ്കല്‍നിന്ന് ഒന്നാമതു ജനിച്ചവരും, വിശ്വവേത്താക്കളുമായ കുശികഗോത്രക്കാര്‍ ഹവിസ്സും സ്തോത്രവും അയയ്ക്കുന്നു; ഓരോരുത്തനും അഗ്നിയെ ഗൃഹത്തില്‍ ജ്വലിപ്പിയ്ക്കുന്നു. 15
അറിവുറ്റ ഹോതാവേ, ഇന്നു തുടങ്ങിയ ഈ യജ്ഞത്തില്‍ ഞങ്ങൾ അങ്ങയെ വരിച്ചിരിയ്ക്കുന്നുവല്ലോ; അങ്ങു ഹവിസ്സു കൊണ്ടുപോയി ശാന്തനാക്കപ്പെട്ടാലും. പിന്നീട്, അറിവുറ്റ വിദ്വാനായ ഭവാൻ സോമത്തിന്നു വന്നാലും! 16
[1] യജമാനന്‍ അധ്വര്യാദികളോടു പറയുന്നു: പ്രജാപാലിക – പ്രജകളെ സ്വര്‍ഗ്ഗാദിഫലസമ്പാദനംകൊണ്ടു രക്ഷിയ്ക്കുന്ന അരണി.
[3] ഒരധ്വര്യുവോട്: മലർന്നതിന്മേല്‍ – അടിയിലെ അരണിമേല്‍ മുകളിലെ അരണി കമിഴ്ത്തുക. രേതസ്സ് – വൃക്ഷത്തിന്റെ നീര്.
[4] ഇളാപദം – ഉത്തരവേദി.
[5] രണ്ട് – മനസ്സിലൊന്ന്, വാക്കില്‍ മറെറാന്ന്, എന്ന മട്ട്.
[6] ഭാവാഗ്നിയെപ്പററി:
[8] ഹോതാവേ – അഗ്നേ.
[9] മല്ലടിയ്ക്കുവിന്‍ – മഥനംചെയ്യുവിന്‍. പോന്നവന്‍ – ത്രാണിയുള്ളവന്‍.
[10] ഉല്‍പത്തിസ്ഥാനം – അരണി. വളർത്തിയാലും – അങ്ങു കേട്ടരുളിയാലേ സ്തുതികൾ വളരു.
[11] അസുരഘ്നൻ – അഗ്നി. ഗർഭം – അരണ്യന്തർഭാഗം. മാതാവ് – അന്തരിക്ഷം.
[12] നിഹിതന്‍ – സ്ഥാപിതന്‍. നന്നാക്കുക – നിര്‍ബാധങ്ങളാക്കുക. ദേവകാമന്‍ – യജമാനൻ.
[13] ക്ഷതി = ക്ഷയം. പല്ല് – ജ്വാല. താരയിതാവ് – പാപങ്ങളെ കടത്തിവിടുന്ന അഗ്നി. പണി – മഥനക്രിയ. ഘോഷം കൂട്ടി – കർമ്മികൾ ആഹ്ലാദിച്ചു കൈകൊട്ടി.
[14] അകിട് – ഉത്തരവേദി.
[15] മരുത്സൈന്യങ്ങൾ = മരുത്തുക്കളുടെ സേനകൾ. വിശ്വവേത്താക്കൾ = ലോകജ്ഞര്‍.
[16] അഗ്നിയോട്: ശാന്തനാക്കപ്പെട്ടാലും – ഹവിസ്സു ഭക്ഷിച്ചു തൃപ്തരായ ദേവന്മാരാല്‍ വിശ്രമിപ്പിയ്ക്കപ്പെട്ടാലും.