images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 30.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്. ഇന്ദ്രന്‍ ദേവത. (കാകളി)

നിന്നെയിച്ഛിച്ചു സഖാക്കളാം സോമാർഹ-
രന്നം വഹിപ്പൂ, പിഴിയുന്നു സോമവും;
പോരാ, സഹിപ്പൂ, ജനദ്രോഹമിന്ദ്ര; മ-
ററാരുള്ളു, നീയൊഴിഞ്ഞിത്ര പേര്‍കേട്ടവൻ? 1
ദൂരസ്ഥലവുമകലെയല്ല,ങ്ങയ്ക്കു-
പാരാതണകി,ങ്ങു ഹര്യശ്വ, സാശ്വനായ്:
തെയ്യാര്‍, സവനം വൃഷാവാം സ്ഥിരന്നിതാ;
തിയ്യു കത്തുന്നൂ; മുതിർന്നിതമ്മിക്കുഴ! 2
ഇന്ദ്രൻ മഘവാവ,നേകകൃത്യൻ, മരു-
ദവൃന്ദവാൻ, താരകൻ, നല്‍ത്തൊപ്പിയിട്ടവൻ;
സൊല്ലയേറ്റു,ഗ്രഹന്താവു നീ മാറ്റരില്‍-
ക്കൊള്ളിച്ച വീര്യങ്ങളെങ്ങിന്നു വർഷക? 3
ഒറ്റയ്ക്കു, വീഴാത്തവയെയും വീഴ്ത്തിയും,
കുറ്റമകറ്റിയുമല്ലോ, വസിച്ചു നീ;
നിന്നരുൾപ്പാടിന്നനങ്ങാതെ നില്ക്കുന്നു,
മന്നുമാകാശവും മാമലക്കൂട്ടവും! 4
പ്രൌഢിയാലേകനായ് വൃത്രനെക്കൊന്നിട്ടു,
‘പേടിയായ്കെ’ ന്നു നീ ചൊന്നതു നേരുതാൻ!
ഇമ്മഹാവാനൂഴിയേയുമൊതുക്കി, ഹാ,
നിന്മുഷ്ടിയിന്ദ്ര, പുരുഹുത, ഭൂതിമൻ! 5
ഇന്ദ്ര, നിൻഹര്യശ്വമോടിയിറങ്ങട്ടെ;-
യൊന്നായ് വധിയ്ക്ക, നിൻവജ്രം രിപുക്കളെ;
മുൻപിൻപരെക്കൊല്ക നീ പായുവോരെയും;
സമ്പത്തി ചേർക്ക ജഗത്തി; – ലസ്തു ശുഭം! 6
ഇന്ദ്ര നീ ഭൂതിമാനാരില്‍ വെയ്ക്കും കരു-
ത്ത,ന്നരൻ നേടുമപൂർവധനങ്ങളും;
ഭദ്രം, ഹവിസ്സെടുക്കും നിന്മനോഗുണം:
പത്തുനൂറേകും, പുരുഹൂത, നിൻതിറം! 7
പാണികൾ വെട്ടിപ്പൊതുക്കൂ, പുരുഹൂത,
ദാനവിയൊത്ത വിദ്രോഹി കുണാരുവെ:
കൊന്നുവല്ലോ, കാല്‍മുറിച്ചിന്ദ്ര, ഹിംസ്രനാം
കുന്നിച്ച വൃത്രനെയിന്ദ്ര ബലേന നീ! 8
ഇന്ദ്ര, ചലിയ്ക്കുമപാരമഹോർവിയെ
നന്നായ് നിരത്തി, നിജാസ്പദേ നിർത്തി നീ;
ദ്യോവന്തരിക്ഷമുറപ്പിച്ചു; വർഷി നീ-
യേവമയച്ച നീരിങ്ങു വിഴേണമേ! 9
ത്വദ്വജ്രഭീത്യാ പൊളിഞ്ഞുപോയ്, നീര്‍ക്കനം
മെത്തിയ ഗോവിന്‍ തൊഴുത്താം മുകില്‍ പുരാ;
തീർത്തു, തണ്ണീരുകൾക്കിന്ദ്ര, നല്‍പ്പാത നീ;
പ്രാർത്ഥിതാംഭസ്സിലിരമ്പി വീണിതവ! 10
ഇന്ദ്രന്‍ തനിച്ചേ നിറച്ചാനി,ണങ്ങിനി-
ല്ക്കുന്ന സമ്പന്നമാം വാനൂഴി രണ്ടുമേ.
ശൂര, തെളിയ്ക്ക, നഭസ്സില്‍നിന്നെങ്ങൾതന്‍
ചാരേ വരാൻ സാശ്വമായ തേരബ്ഭവാന്‍! 11
ഇന്ദ്രൻ കുറിച്ച ഹരിത്തുക്കളെത്തിരു-
ത്തുന്നതില്ലാ,ദിത്യനേതൊരുനാളിലും;
അധ്വാവു പിന്നിട്ടണഞ്ഞാലഴിയ്ക്കു,മ-
ങ്ങശ്വബന്ധത്തെ – യതെല്ലാമിവന്റെതാൻ! 12
വിട്ടുപോം രാവിന്‍ പുലരി തിരിയ്ക്കവേ
പുഷ്ടചിത്രാഭയെപ്പാർക്കുന്നു സർവരും:
ശിഷ്ടബോധം വരും, തല്‍പ്രാപ്തിയിലവ-
ര്‍ക്കൊ – ട്ടല്ലി,വണ്ണമിന്ദ്രന്റെ നല്‍ച്ചെയ്തികൾ! 13
നിർത്തി, വൻതണ്ണീര്‍ നദികളില്‍; – പ്പക്വമാം
ദുഗ്ദ്ധമേന്തുന്നു, കടിഞ്ഞൂല്‍പ്പശുക്കളും;
വെള്ളത്തില്‍നിന്നെടുത്തല്ലോ, രസാഢ്യമി-
തെല്ലാമവന്‍ വെച്ചു, ഗോവിങ്കലൂണിനായ്! 14
കെല്പു, കൊൾകു,ണ്ടിന്ദ്ര, മാർഗ്ഗം മുടക്കുവോ;-
രർപ്പിയ്ക്ക, വാഴ്ത്തും മഖിയ്ക്കു,മിഷ്ടർക്കുമേ;
ദുർന്നടപ്പൊത്ത ദുശ്ശസ്ത്രര്‍ നിഷംഗികൾ
കൊന്നിടും വൈരികൾ കൊല്ലപ്പെടേണമേ! 15
കേൾക്കുന്നതുണ്ടാർപ്പ,ടുത്തുള്ള മാറ്റർതൻ
നേർക്കു പൊള്ളിയ്ക്കുമിടിവാളയയ്ക്ക നീ:
ഏല്ക്കുക, നോവിയ്ക്ക, കൊയ്യുകി,വററിനെ;-
ത്തീർക്കുക,രക്കനെ;പ്പൂർത്തി ചേർക്കൂ ഹരേ! 16
ഇന്ദ്ര വേരോടേ പറിയ്ക്കുകരക്കനെ;-
തന്നടു വെട്ടുക; കൊല്ക, നേർത്തെത്തുകില്‍;
എത്രയെന്നില്ലാതകറ്റുക, പാഞ്ഞോനെ;-
വിദ്യുദസ്ത്രം വിടൂ, ബ്രഹ്മവിദ്വേഷിയിൽ! 17
ശ്രേയസ്സു നല്ക, ഹയങ്ങളെയും പ്രഭോ;
നീയിങ്ങിരിയ്ക്കുകിലെങ്ങൾ ധനങ്ങളും
ഭൂരിമഹാന്നവും നേടിത്തഴയ്ക്കുമേ –
ചേരട്ടെ, ഞങ്ങളില്‍ ദ്രവ്യവും മക്കളും! 18
ഞങ്ങൾക്കു കൊണ്ടുവരിക, മിന്നും ധനം:
ഞങ്ങളിലാകാവു, നിൻപ്രദാനം ഹരേ!
കത്തുന്നി,തൌർവാഗ്നിപോലെങ്ങൾതന്‍ കൊതി;-
യുത്തമാർത്ഥേശ, നിറയ്ക്കുകി,തിനെ നീ! 19
ഇക്കൊതി ഗോവാജിദീപ്തധനങ്ങൾകൊ-
ണ്ടൊക്കെ നിറവേററി വായ്പിയ്ക്ക, ഞങ്ങളെ;
ഇന്ദ്രനാമങ്ങയ്ക്കു തീർത്താര്‍, മനുസ്തോത്ര-
മൊന്നറിവേറും കുശികര്‍ നാകൈഷികൾ. 20
കാര്‍ പിളർത്തെങ്ങൾക്കു നീര്‍ നല്ക, ഗോപതേ:
കാമ്യങ്ങളന്നങ്ങളെത്തട്ടെ, ഞങ്ങളില്‍!
വിണ്ണാളുവോൻ, വൃഷാവ,വ്യാജശക്തി നീ;
നണ്ണുകെ,ങ്ങൾക്കു ഗോദായി നീ ഭൂതിമന്‍. 21
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 22
കുറിപ്പുകൾ: സൂക്തം 30.

[1] സോമാര്‍ഹര്‍ – യജ്ഞാധികാരികൾ. അന്നം – മറ്റു ഹവിസ്സുകൾ. വഹിപ്പൂ – എടുത്തൊരുക്കിവെയ്ക്കുന്നു. പോരാ – അത്രതന്നെയല്ല. ജനദ്രോഹം – ശത്രുപീഡ.

[2] സാശ്വൻ = അശ്വസഹിതൻ. സ്ഥിരന്‍ – ഫലം കൊടുക്കുന്നതില്‍ ദൃഢചിത്തൻ. മുതിർന്നിതു – സോമലത ചതയ്ക്കാൻ.

[3] താരകൻ – ദേവന്മാരെ ശത്രുക്കൾക്കരയിലെത്തിയ്ക്കുന്നവന്‍. സൊല്ല – അസുരബാധ. തൊല്ല എന്നും പറയും; ഉപദ്രവമെന്നർത്ഥം, ഉഗ്രഹന്താവ് = ഉഗ്രനായ ഹന്താവ്; ശത്രുഹിംസകന്‍. എങ്ങിന്നു – ഇപ്പോൾ എവിടെപ്പോയി.

[4] വീഴാത്തവ – മുരടുറപ്പുള്ളവ; രക്ഷസ്സുകളും മറ്റും. കുററം – പാപങ്ങൾ. അരുൾപ്പാടിന്ന് – ആജ്ഞയെ കാത്ത്.

[5] ചൊന്നതു – ദേവന്മാരോടു പറഞ്ഞത്. വമ്പിച്ച വാനൂഴികളും അങ്ങയുടെ മുഷ്ടി(കൈപ്പിടി)യില്‍ ഒതുങ്ങിയിരിയ്ക്കുന്നു, ഹാ! ഭൂതിമന്‍ = മഘവാവേ, ധനവാനേ.

[6] ഹര്യശ്വം – ഹരികളെന്ന അശ്വങ്ങളോടുകൂടിയ രഥം. നീ മുന്‍പിൻപരെ (മുന്നില്‍ വന്ന ശത്രുക്കളെയും പിന്നില്‍ വന്നവരെയും) കൊല്ലുക; പായുവോരെയും (പേടിച്ചോടുന്ന ശത്രുക്കളെയും) കൊല്ലുക. സമ്പത്തി – കർമ്മസമൃദ്ധി. അസ്തുശുഭം – അങ്ങയുടെ ഇത്തരം മിടുക്കു ശുഭമായി നില്ക്കട്ടെ.

[7] ആരില്‍ വെയ്ക്കും കരുത്ത് – ആരെ ബലവാനാക്കും. ഹവിസ്സു സ്വീകരിയ്ക്കുന്നതായ നിന്റെ മനോഗുണം (സൌമനസ്യം) ഭദ്രം (മംഗളകരം) ആകുന്നു. പത്തുനൂറ് – ആയിരം; അപരിമിതമായ ധനത്തെ. തിറം – ത്രാണി, ദാനശക്തി.

[8] കുണാരു – ഒരസുരന്‍. ദാനവി – വൃത്രന്റെ അമ്മ. ഇന്ദ്രശബ്ദാവൃത്തി ആദരാതിശയത്തെ ദ്യോതിപ്പിയ്ക്കുന്നു.

[9] അപാരമഹോർവി = അതിവിശാലമായ വലിയ ഭൂമി. നിജാസ്പദേ – അതിന്റെ സ്ഥാനത്ത്. ദ്യോവന്തരിക്ഷം = സ്വർഗ്ഗവും അന്തരിക്ഷവും. ഏവം – വാനൂഴികളെ ഉറപ്പിച്ച്. നീര – വര്‍ഷജലം. ഇങ്ങു = ഭൂമിയില്‍.

[10] ഗോവിന്‍ തൊഴുത്താം – വെള്ളത്തിന്റെ (പയ്യിന്റെ എന്നും) പാർപ്പിടമായ. പുരാ – വജ്രമേല്ക്കുന്നതിന്നുമുമ്പ്. നല്‍പ്പാത – നല്ല പ്രവാഹമാർഗ്ഗം. പ്രാർത്ഥിതാംഭസ്സ് = പ്രകർഷേണ (വളരെയാളുകളാല്‍) അർത്ഥിയ്ക്കപ്പെട്ട (അപേക്ഷിതമായ) അംഭസ്സ്; ഭൂമിയിലെ വെള്ളം.

[11] സമ്പന്നം = ധനയുക്തം. വാനൂഴികളെ സമ്പത്തുകൊണ്ടു നിറച്ചു. ഉത്തരാർദ്ധം പ്രത്യക്ഷവചനം: നഭസ്സ് – അന്തരിക്ഷം.

[12] കുറിച്ച – സൂര്യഗമനത്തിന്നു നിർദ്ദേശിച്ച. ഹരിത്തുക്കൾ = കിഴക്കു മുതലായ ദിക്കുകൾ. തിരുത്തുന്നില്ല – ശരിവെച്ച്, അവയിലൂടേ പോകുന്നതേ ഉള്ളു. അധ്വാവ് = വഴി. അണഞ്ഞാല്‍ – പ്രാപ്യസ്ഥാനത്തെത്തിയാല്‍. അങ്ങ് (അവിടെ) അശ്വബന്ധത്തെ അഴിയ്ക്കും; തേര്‍ക്കുതിരകളെ അഴിച്ചുവിടും. അതെല്ലാമിവന്റെതാന്‍ – അതൊക്കെ ഇന്ദ്രന്റെതന്നെ, നിശ്ചയമാണ്.

[13] വിട്ടുപോം – അവസാനിയ്ക്കുന്ന രാത്രിയുടേതാണല്ലോ, ഉഷസ്സ്. ആഭ – സൂര്യന്റെ ശോഭ. തല്‍പ്രാപ്തിയില്‍ (സൂര്യശോഭ വന്നാല്‍) അവർക്കു (പാർക്കുന്ന സർവർക്കും) ശിഷ്ടബോധം (കർത്തവ്യജ്ഞാനം) വരും.

[14] കടിഞ്ഞൂല്‍പ്പശുക്കൾ – നവപ്രസ്തുതകളായ പൈക്കൾ. രസാഢ്യമിതെല്ലാം (സ്വാദേറിയ പാലും മറ്റും) വെള്ളത്തില്‍നിന്നു സംഭരിച്ചാണ്, ഊണിനായ് (മനുഷ്യരുടെ ഭക്ഷണത്തിന്നായി) ഗോവിങ്കല്‍ നിക്ഷേപിച്ചത്. ജലത്തിന്റെ സത്തത്രേ, ഗോരസം.

[15] കെല്പു കൊൾക – മാർഗ്ഗം മുടക്കുന്നവരെ വധിപ്പാൻ അവിടുന്ന് ഉറച്ചുനില്ക്കുക. അർപ്പിയ്ക്ക – വാഴ്ത്തുന്ന മഖിയ്ക്കും (യഷ്ടാവിന്നും) ഇഷ്ടർക്കും (സഖാക്കൾക്കും) അഭീഷ്ടഫലം കൊടുത്താലും. ദുശ്ശസ്ത്രർ – ദുഷ്ടങ്ങളായ ആയുധങ്ങൾ പ്രയോഗിയ്ക്കുന്നവര്‍. നിഷംഗികൾ = ആവനാഴിയുള്ളവര്‍. കൊല്ലപ്പെടേണമേ – ഭവാനാൽ.

[16] ഏല്ക്കുക – ആക്രമിച്ചാലും. നോവിയ്ക്ക – പരിക്കേല്പിച്ചാലും. കൊയ്യുക – വെട്ടിയാലും. അരക്കനെ (കർമ്മം മുടക്കുന്ന രക്ഷസ്സുകളെ) തീർക്കുക, നശിപ്പിച്ചാലും. പൂർത്തി ചേര്‍ക്കൂ – യാഗത്തിന്നു പൂർത്തി വരുത്തുക. ഹരേ = ഹേ ഇന്ദ്ര.

[17] തന്നടു = അവന്റെ മധ്യം, അര. നേത്തെത്തിയാല്‍ (വന്നെതിർത്താല്‍) കൊന്നേയ്ക്കുക; പാഞ്ഞാല്‍, അതിദൂരത്തകറ്റുക. ബ്രഹ്മവിദ്വേഷിയില്‍ (വേദദ്വേഷിയുടെ നേരെ) വിദ്യുദസ്ത്രം (മിന്നൽപോലെയുള്ള, പൊള്ളിയ്ക്കുന്ന ആയുധം) വിടൂ, പ്രയോഗിച്ചാലും.

[18] പ്രഭോ – ജഗന്നിവർഹണശക്ത. ഭൂരിമഹാന്നം – ബഹുവും മഹത്തുമായ അന്നം. ദ്രവ്യം = സമ്പത്ത്.

[19] മിന്നും – കനകരത്നാദികൾകൊണ്ടു വിളങ്ങുന്ന. പ്രദാനം – ധനദാനം. ഔർവാഗ്നി = ബഡവാഗ്നി. ഉത്തമാർത്ഥേശ = മികച്ച ധനങ്ങളുടെ അധിപതേ. ഇതിനെ (കൊതിയെ, ധനകാമത്തെ) നിറയ്ക്കുക – പൂരിപ്പിച്ചാലും, സഫലീകരിച്ചാലും.

[20] വായ്പിയ്ക്ക = വളർത്തിയാലും. മനുസ്തോത്രമൊന്ന് = ഒരു മന്ത്രസ്തവം. നാകൈഷികൾ = സ്വർഗ്ഗകാമർ.

[21] ഗോപതി = സ്വര്‍ഗ്ഗാധിപതി. എങ്ങൾക്കു ഗോദാധി (ഗോക്കളെ തരുന്നവൻ) ഭവാനാണെന്നു, ഭവാന്‍ നണ്ണുക = വിചാരിയ്ക്കുക, അറിയുക.

[22] കൊറേറകും രണേ – പടയാളികൾക്കു ഭക്ഷണം നല്കപ്പെടുമല്ലോ. വായ്ക്കും – ഉത്സാഹംകൊണ്ടു വളരുന്ന. സ്വത്ത് – ശത്രുകളുടെ. ത്രാണാർത്ഥം = രക്ഷയ്ക്ക്. പോരില്‍ വൃത്രഘ്നനെ – പൊരുതി വൃത്രനെ ഹനിച്ചവനെ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.