images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 31.

വിശ്രാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

ശാസിച്ച വോഢാവു ദൌഹിത്രലബ്ധിയ്ക്കു
വിശ്വസിച്ചാദരിയ്ക്കുന്നൂ, സുവീര്യനെ;
എന്നാല്‍, മകളില്‍ മണാളന്‍ സുഖാർത്ഥിയായ്-
ച്ചെന്നാണനുഷ്ഠിപ്പത,ശ്ശുക്ലസേചനം! 1
ആത്മജന്‍ പെങ്ങൾക്കു നല്കവേണ്ടാ, ധനം:
ആയവൾ വേട്ടവന്നാസേകഭാജനം.
ആണ്‍പെണ്‍കിടാങ്ങളെത്തായമാര്‍ പെറ്റിടു;-
മാണതില്‍സ്സല്‍ക്കർമ്മി; പെണ്ണോ, ചമയുവാൻ! 2
ലാലസിപ്പോനെ യജിപ്പാൻ ജനിപ്പിച്ചു,
നാളങ്ങളാല്‍ത്തത്തുമഗ്നി വന്‍പുത്രരെ;
ഗർഭം മഹത്തായ്, മഹത്തായി പേറി,ന്ദ്ര-
തർപ്പണത്താല്‍ മഹത്തായി, തച്ചെയ്തിയും! 3
സ്ഫാരതേജസ്സിന്നൊഴിഞ്ഞൂ തമസ്സെന്നു
തേറിനാര്‍, പോരിലണഞ്ഞ വിജയികൾ;
എന്നതറിഞ്ഞങ്ങണഞ്ഞാ,രുഷസ്സുക;-
ളിന്ദ്രനൊരാളായി, രശ്മികൾക്കീശ്വരൻ! 4
അദ്രിസ്ഥഗോക്കളില്‍ മന്ദിച്ച ധീരരാം
സപ്തമേധാവികൾ വാഴ്ത്തി വളർത്തിനാര്‍;
കണ്ടെത്തിനാരാ മഖാധ്വത്തുണകളെ;
മണ്ടിയണഞ്ഞാനറിഞ്ഞു പണിഞ്ഞിവന്‍. 5
ഗഹ്വരം കണ്ടുപിടിച്ച സരമയ്ക്കു
ബഹ്വന്നവും കോപ്പുമേറ്റപോലേകിനാൻ;
മുല്പാടൊലി കേട്ടു ചെന്നവളാകയാല്‍-
സ്സല്‍പ്പാദ ശാശ്വതീപാർശ്വത്തിലെത്തിനാൾ. 6
സഖ്യമിച്ഛിച്ചെഴുന്നള്ളീ, സുമേധസ്സു;
സല്‍ക്കർമ്മവാന്നായ് പ്രസവിച്ചു പർവതം;
വീണ്ടേകി, ഗോധനം കൊല്‍വോൻ യുവാന്വിതൻ;
വേണ്ടപോലർച്ചിച്ചിതംഗിരസ്സപ്പൊഴേ. 7
സത്തിന്റെ സത്തിന്റെയെല്ലാം പ്രതിനിധി,
സർവജ്ഞനാം കവി ശുഷ്ണഘ്ന,ഗ്രഗൻ,
വിണ്ണില്‍നിന്നെത്തിസ്സഖാവു സഖാക്കളാം
നമ്മെ നിർദ്ദോഷരാക്കട്ടെ, ഗോദന്‍ മുദാ! 8
ഗോവാഞ്ഛയാല്‍ സ്തുതിചെയ്തിരുന്നീടിനാര്‍,
ദേവത്വലബ്ധിയ്ക്കു മാർഗ്ഗം ചമച്ചവർ;
സത്യേന മാസങ്ങൾ നോക്കുമവരുടെ-
യിസ്ഥിതിയുത്തമംതന്നെയല്ലോ, തുലോം! 9
സ്വന്തമേതേതെന്നു പാർത്തറിഞ്ഞിട്ടു പാല്‍
സന്തതികൾക്കായ്ക്കറന്നാർ, സഹർഷരായ്;
വാനൂഴിയില്‍ത്തിങ്ങി, തല്‍സ്വനം; മുന്മട്ടില്‍
വാണാര്‍ പശുക്കളില്‍ശ്ശൂരരെ വെച്ചവര്‍. 10
കൊന്നൂ തുണക്കാരൊടൊത്തവൻ വൃത്രനെ;
വന്ദ്യരാം യാജ്യരൊത്തർപ്പിച്ചു, ഗോവിനെ:
നെയ്യുപാലേന്തുമാക്കാമ്യയാമാഹുതി-
പയ്യില്‍നിന്നിയ്യാൾ കറന്നാൻ, നറുംമധു! 11
താതന്നു തീർത്താര്‍, വിളങ്ങുമൊരുത്തമ-
കേതനം, നേര്‍ക്കു കാണിച്ചസ്സുകൃതികൾ:
മാതൃദ്വയത്തെയൊരൂന്നാലുറപ്പിച്ചൂ
മീതെ വാഴിച്ചാർ, സവേഗനെസ്സത്രികൾ. 12
വാനൂഴികൾ വേര്‍പെടുവാനുടന്‍തന്നെ
വായ്ക്കുമൊരൂന്നിനെ നാട്ടീ,മഹാസ്തുതി;
ആകയാലിന്ദ്രങ്കലെത്തുമേ, കേടറ്റ
ചൊല്കള; – വന്റെ കെല്പെല്ലാം നിസർഗ്ഗജം! 13
ത്വത്തുംഗസഖ്യവും കെല്പും കൊതിച്ചു ഞാൻ;
എത്തും മഘവാന്നു ഭൂരിബഡബകൾ;
വിദ്വാന്നയപ്പോം, മഹാസ്തോത്രമന്നവും;
വൃത്രഘ്ന, ഞങ്ങൾക്കറിക, നീ രക്ഷകന്‍! 14
മെത്തിയ പൊന്നുമാരേകി, വൻപാടവു-
മർത്ഥിച്ച മിത്രർക്കു,ടൻതാൻ ചരത്തെയും;
അദ്ദീപ്തനിന്ദ്രന്‍ മരുത്ത്വാൻ ജനിപ്പിച്ചു,
മിത്രനെ,ബ്ഭൂവെ,യുഷസ്സിനെ,യഗ്നിയെ! 15
ഉച്ഛമനീ വിഭുതന്നെയല്ലോ ജനി-
പ്പിച്ചു, വിശ്വത്തിനൻപേകും ജലങ്ങളെ;
സ്വച്ഛകവികളാല്‍സ്സോമം വിശുദ്ധമാ-
ക്കിച്ച,വ കർമ്മങ്ങൾ ചെയ്യിപ്പു രാപ്പകല്‍! 16
സൂര, നിൻപ്രാഭവാല്‍പ്പോകും, വരും, മുത-
ല്ക്കാരാം മഖാർഹമാരാ വെണ്‍കറുമ്പികൾ;
നേരേ നടക്കുന്ന കാമ്യര്‍ സഖാക്കൾ നിന്‍-
ഗൌരവാലിന്ദ്ര, നീക്കുന്നു, വിഘ്നങ്ങളെ! 17
വൃത്രഘ്ന, കീഴ്പെയ്ക്ക, സൂനൃതോക്തികളെ
വിസ്തൃതായുസ്സു നീയ,ന്നദൻ, വർഷകൻ;
നത്സഖ്യവും മഹാരക്ഷയും പൂണ്ടെത്തു-
ക,സ്മല്‍സമീപേ യിയാസു മഹാന്‍ ഭവാന്‍! 18
അംഗിരസ്തുല്യമർച്ചിച്ച,പ്പുരാണനെ-
യിങ്ങു പുകഴ്ത്തിപ്പുതുക്കട്ടെ, സേവി ഞാൻ:
താമസരാം ബഹുദ്രോഹികളെക്കൊല്ക;
നീ മഘവൻ, തരികെ,ങ്ങൾക്കു വിത്തവും! 19
ഇന്ദ്ര, പരന്നൂ പരിപാവനം ജല –
മെന്നെയ്ക്കുമായ് നിറയ്ക്കെങ്ങൾക്കതിൻതടം;
മാറ്റരില്‍നിന്നു രക്ഷിയ്ക്ക, തേരാളി നീ;-
യേററം ജവാലെങ്ങൾ നേടാവു, ഗോക്കളെ! 20
ഗോക്കളെ നല്കട്ടെ, വൃത്രാരി ഗോപതി;
പോക്കട്ടെ, തേജോബലത്താല്‍ക്കറുമ്പരെ;.
നേര്‍കൊണ്ടു നല്കിയോന്‍, തൻപ്രിയഗോക്കളെ-
പ്പൂകിച്ചടച്ചാൻ, കതകുകളൊക്കയും! 21
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെപ്പോരിൽ വൃത്രഘ്നനെ! 22
കുറിപ്പുകൾ: സൂക്തം 31.

[1] വോഢാവു് – മകളെ വേളികഴിച്ചയച്ച അപുത്രനായ പിതാവത്രേ, വോഢാവ്. ‘ഇവളില്‍ ആണ്‍പ്രജയുണ്ടായാല്‍, അതു് എന്റെ ആയിരിയ്ക്കും’ എന്നു ശാസിച്ചാണ്, (ജാമാതാവുമായി കരാറുചെയ്തിട്ടാണ്) മകളെ അയാളോടുകൂടി അയച്ചതു്. വിശ്വസിച്ച് – ജാമാതാവു കരാറു ലംഘിയ്ക്കില്ലെന്നുറച്ച്. സുവീര്യനെ – പുത്രോല്‍പാദനശക്തിയുള്ള ജാമാതാവിനെ. ആദരിയ്ക്കുന്നു – വസ്ത്രാഭരണാദികൾകൊണ്ടു പൂജിയ്ക്കുന്നു. എന്നാല്‍ അയാൾ ഭാര്യയെ പ്രാപിച്ചു രമിയ്ക്കുന്നതു, സുഖംമാത്രം കരുതിയാണ്. അങ്ങനെ വോഢാവു, തന്റെ ശേഷക്രിയയ്ക്കു ദൌഹിത്രനെ കിട്ടാതെ വഞ്ചിതനാകുന്നു.

[2] ആണ്‍മക്കൾക്കേ അച്ഛന്റെ സ്വത്തിന്ന് അവകാശമുള്ളു; പെണ്മക്കൾക്കു ധനം ഭർത്താവു കൊടുക്കണം. ആസേകഭാജനം – രേതസ്സേചനപാത്രം. ആണ്‍പ്രജ നല്ല കർമ്മങ്ങൾ ചെയ്യും (പണിയെടുക്കും); പെണ്‍പ്രജയോ, ചമഞ്ഞ് (ആഭരണങ്ങളണിഞ്ഞ്) അങ്ങനെയിരിയ്ക്കും. അതിനാല്‍ മുതലവകാശം പുത്രന്നുതന്നെ; പെങ്ങളെ വേളികഴിച്ചുകൊടുക്കേണ്ട ചുമതലയേ അവന്നുള്ളു.

[3] ലാലസിപ്പോനെ – പ്രകാശമാനനായ ഇന്ദ്രനെ. നാളങ്ങളാല്‍ത്തത്തും – ഇളകുന്ന ജ്വാലകളുള്ള. വന്‍പുത്രർ – വലിയ രശ്മികൾ. ഗർഭം ജലത്തെ ഉള്ളിലൊതുക്കൽ. പേറ് – സസ്യരൂപേണ ജനനം. ഗർഭവും പേറും മഹത്തായതുപോലെ തച്ചെയ്തിയും (ആ രശ്മികളുടെ പ്രവൃത്തിയും) ഇന്ദ്രതർപ്പണത്താല്‍ (ഇന്ദ്രനെ സോമഘൃതാദ്യാഹുതികൾകൊണ്ടു തൃപ്തിപ്പെടുത്തിയതിനാല്‍) മഹത്തായി. ആണ്‍മക്കൾ പണിയെടുക്കുമെന്നു മുന്‍ഋക്കില്‍പ്പറഞ്ഞുവല്ലോ; ഈ ഋക്കിൽ അഗ്നിപുത്രന്മാരുടെ കർമ്മശീലത പ്രതിപാദിച്ചിരിയ്ക്കുന്നു.

[4] പോരിലണഞ്ഞ വിജയികൾ – വൃത്രയുദ്ധത്തില്‍ ഇന്ദ്രനെ പ്രാപിച്ച മരുത്തുക്കൾ. സ്ഫാരതേജസ്സിന്നു തമസ്സൊഴിഞ്ഞു എന്നു തേറിനാര്‍ – മഹത്തായ തേജസ്സ് (സൂര്യതേജസ്സ്) തമോമുക്തമായി എന്നു കണ്ടറിഞ്ഞു.

[5] അദ്രിസ്ഥഗോക്കളില്‍ മന്ദിച്ച – അസുരന്മാര്‍ മലയിലൊളിപ്പിച്ച പൈക്കളെ വീണ്ടെടുക്കുന്നതില്‍ (അസാധ്യത്വബുദ്ധ്യാ) ഉദാസീനരായിത്തീർന്ന. സപ്തമേധാവികൾ – അംഗിരസ്സുകൾ. വാഴ്ത്തി – ഇന്ദ്രനെ. ഒടുവില്‍ സരമയിൽനിന്ന് അറിവു കിട്ടിയതിനാല്‍ അവര്‍ ആ മഖാധ്വത്തുണകളെ (യജ്ഞമാർഗ്ഗത്തില്‍ തുണയ്ക്കുന്നവയായ പൈക്കളെ) കണ്ടെത്തി. അതറിഞ്ഞ് ഇവന്‍ (ഇന്ദ്രന്‍) പണിഞ്ഞ് (അംഗിരസ്സുകളെ വണങ്ങി) മണ്ടിയണഞ്ഞാൻ – വേഗേന ഗുഹയില്‍ പ്രവേശിച്ചു.

[6] ബഹ്വന്നവും കോപ്പും – വളരെ അന്നവും മറ്റു ഭോജ്യങ്ങളും. ഏറ്റപോലെ – തന്റെ പ്രതിജ്ഞയനുസരിച്ച്. ഏകിനാൻ – ഇന്ദ്രന്‍ കൊടുത്തു. സല്‍പ്പാദ (നല്ല കാലുകളുള്ള സരമ) മുമ്പേ ചെന്നത്, ഒലി (പൈക്കളുടെ ഉമ്പാശബ്ധം) കേട്ടിട്ടാണ്; അതിനാല്‍ അവൾ ശാശ്വതീപാർശ്വത്തില്‍ (സനാതനികളായ പൈക്കളുടെ അരികില്‍) എത്തി, ഇന്ദ്രന്നു വഴി കാട്ടിക്കൊണ്ട്.

[7] സുമേധസ്സ് (നല്പ മേധയുള്ള ഇന്ദ്രൻ) സഖ്യമിച്ഛിച്ച് (അംഗിരസ്സുകളുമായി സഖ്യംകൊള്ളാൻ എഴുന്നള്ളീ, ഗിരിഗുഹ പ്രാപിച്ചു. പർവതം സല്‍ക്കർമ്മവാന്നായ് (നല്ല യുദ്ധം ചെയ്യുന്നവനായ ഇന്ദ്രന്നുവേണ്ടി) പ്രസവിച്ചു – പൈക്കളെ ഗുഹാഗർഭത്തില്‍നിന്നു നിർഗ്ഗമിപ്പിച്ചു. യുവാന്വിതനായ (മരുത്തുക്കളോടുകൂടിയ) കൊല്‍വോന്‍ (അസുരഹന്താവായ ഇന്ദ്രന്‍) ഗോധനം വീണ്ടേകി – ഗോക്കളെ വീണ്ടെടുത്തു് അംഗിരസ്സുകൾക്കു കൊടുത്തു. അംഗിരസ്സ് – അവരില്‍ മൂപ്പുചെന്ന ഋഷി. ഈ ഇതിഹാസം മുന്മണ്ഡലങ്ങളിലുണ്ടു്.

[8] സത്ത് = നല്ലതു്. ശുഷ്ണഘ്നൻ – ശുഷ്ണാസുരനെ കൊന്നവന്‍. അഗ്രഗന്‍ – യുദ്ധങ്ങളില്‍ മുന്‍നില്ക്കുന്നവന്‍. ഗോദൻ – അംഗിരസ്സുകൾക്കു പൈക്കളെ കൊടുത്തവന്‍. മുദാ – നമ്മളില്‍ പ്രീതിയോടേ.

[9] സ്തുതിചെയ്തിരുന്നീടിനാര്‍ – ഇന്ദ്രനെ സ്തുതിച്ചു സത്രമിരുന്നു. അവര്‍ – അംഗിരസ്സുകൾ. മാസങ്ങൾ നോക്കും – യജ്ഞമാസങ്ങളെ കാത്തിരിയ്ക്കുന്ന. ഇസ്ഥിതി – സത്രമിരിപ്പ്.

[10] സ്വന്തം – തങ്ങളുടെ പയ്യ്. സന്തതികൾക്കായ് – മക്കൾക്കു കൊടുക്കാൻ. തൽസ്വനം – അവരുടെ, അംഗിരസ്സുകളുടെ സ്വനം, ആഹ്ലാദജനിതമായ ആർപ്പ്. വെച്ച് – കാവലിന്നു നിയമിച്ച്.

[11] തുണക്കാരും, വന്ദ്യരായ യാജ്യരും, മരുത്തുക്കൾതന്നെ. അവന്‍ – ഇന്ദ്രന്‍. അർപ്പിച്ചു – യജ്ഞത്തിന്നായി കൊടുത്തേല്പിച്ചു. ഗോവിനെ – ജാത്യേകവചനം: ഗോക്കളെ. കാമ്യ = സ്പൃഹണീയ. ആഹുതിപ്പയ്യ് = ഹോമധേനു. ഇയ്യാൾ – യജമാനന്‍; ഹസ്തനിർദ്ദേശം. നറുംമധു – മധുരമായ പാല്‍.

[12] താതന്നു – അച്ഛൻപോലെ രക്ഷിയ്ക്കുന്ന ഇന്ദ്രന്ന്. കേതനം – ഇരിപ്പിടം. നേര്‍ക്കു കാണിച്ച് – ഇന്ദ്രന്നുചിതമായ സ്ഥാനം നിർദ്ദേശിച്ച്. അസ്സുകൃതികൾ – അംഗിരസ്സുകൾ. മാതൃദ്വയം – ദ്യോവും ഭൂവും. മീതെ – സ്വർഗ്ഗത്തില്‍. സവേഗൻ – വേഗവാനായ ജന്ദ്രൻ. സത്രികൾ – സത്രമിരുന്നവര്‍, അംഗിരസ്സുകൾ.

[13] വേര്‍പെടുവാൻ – കൂട്ടിമുട്ടാതെ വിട്ടുനില്ക്കാന്‍. ഉടന്‍തന്നെ വായ്ക്കും – വേണ്ടപ്പോൾ വലുതാവുന്ന. മഹാസ്തുതി – നമ്മൂടെ വലിയ സ്തുതി. ആകയാല്‍ = അതുകൊണ്ട്. ഇന്ദ്രങ്കല്‍ – അവിടെ മേവുന്ന ഇന്ദ്രങ്കൽ. ചൊല്കൾ – നമ്മുടെ സ്തുതികൾ. നിസർഗ്ഗജം = സ്വാഭാവികമാകുന്നു.

[14] ത്വത്തുംഗസഖ്യം = അങ്ങയുടെ മഹത്തായ സഖ്യം. കെല്പ് – അങ്ങയുടെ കഴിവ്, ദാനം. മഘവാന്നു ഭൂരിബഡബകൾ (വളരെ പെണ്‍കുതിരകൾ) എത്തും – വേണ്ട സമയത്തു വാഹനമായി വന്നുചേരും. വിദ്വാന്ന് – ഇന്ദ്രന്ന്. അയപ്പോം – ഞങ്ങൾ അയയ്ക്കുന്നു. അന്നം – ഹവിസ്സ്.

[15] മിത്രർക്കു – സഖാക്കളായ നമുക്ക്. ചരം – ഗോക്കാൾ മുതലായ ജംഗമസ്വത്ത്. മിത്രന്‍ = സൂര്യന്‍. ജനിപ്പിച്ചു – വെളിപ്പെടുത്തി.

[16] ഉച്ഛമന്‍ – ഉൽകൃഷ്ടമായ ശമം (ശാന്തി) ഉള്ളവന്‍. ഈ വിഭു – സർവവ്യാപിയായ ഇന്ദ്രന്‍. അന്‍പ് = ആഹ്ലാദം. സ്വച്ഛകവികളാല്‍ – പരിശുദ്ധരായ അഗ്നിവായുസൂര്യന്മാരെക്കൊണ്ട്. അവ – ജലങ്ങൾ. കർമ്മങ്ങൾ ചെയ്യിപ്പു – ആളുകളെ സ്വസ്വകർമ്മവ്യാപൃതരാക്കുന്നു.

[17] സൂര – ഹേ ജഗല്‍പ്രേരക. മുതല്ക്കാരും (ആളുകൾക്കു പൊറുക്കാന്‍ വേണ്ടുന്നവ കൊടുക്കുന്നവരും) മഖാർഹ(യജനീയ)മാരുമായ ആ വെണ്‍കുറുമ്പികൾ (വെളുത്ത പകലും കറുത്ത രാത്രിയും) പോവുകയും വരികയും ചെയ്യുന്നത്, അങ്ങയുടെ പ്രാഭവത്താലാകുന്നു. നേരേ നടക്കുന്ന = ഋജുഗതികളായ. കാമ്യർ = കമനീയര്‍. സഖാക്കൾ – മരുത്തുകൾ. ഗൌരവാല്‍ – മഹിമാവിനാല്‍. വിഘ്നങ്ങൾ – കർമ്മം മുടക്കുന്നവര്‍.

[18] സൂനൃതോക്തികളെ കീഴ്‌വെയ്ക്ക – ഞങ്ങളുടെ സത്യപ്രിയവാക്കുകൾക്കു) (സ്തുതികൾക്കു) സ്വാമിയാവുക. വിസ്തൃതായുസ്സ് – മരണരഹിതന്‍. യിയാസു – യജ്ഞഗമനേച്ഛു.

[19] അംഗിരസ്തുല്യം = അംഗിരസ്സുകൾ അർച്ചിച്ചപോലെ. അപ്പുരാണനെ – സനാതനനായ ഇന്ദ്രനെ. സേവി = സേവിച്ചുപോരുന്നവൻ. താമസര്‍ = തമോഗുണക്കാര്‍.

[20] നിറയ്ക്ക – അക്ഷയജലമാക്കിനിര്‍ത്തിയാലും.

[21] കറുമ്പര്‍ – കർമ്മം മുടക്കുന്ന അസുരർ. നേര്‍ = സത്യം. നല്കിയോന്‍ – അംഗിരസ്സുകൾക്കു പൈക്കളെ വീണ്ടുകൊടുത്ത ഇന്ദ്രന്‍. പൂകിച്ച് – തൊഴുത്തിലാക്കി.

[22] മുമ്പു വിവരിച്ചിരിയ്ക്കുന്നു.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.