വിശ്രാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
‘മലകളുടെ മടിയില്‍ നിന്നു, കൊതിയ്ക്കുന്ന വിപാട്ടും ശുതുദ്രിയും, വിമുക്തകളായ രണ്ടു പെണ്‍കുതിരകൾപോലെ ഇമ്പംപൂണ്ടും, നക്കാനിച്ഛിയ്ക്കുന്ന രണ്ടു തള്ളപ്പൈക്കൾപോലെ ശോഭിച്ചും, കുതിച്ചോടുന്നു. 1
ഇന്ദ്രനാല്‍ അയയ്ക്കപ്പെട്ടു വിടചോദിയ്ക്കുന്ന നിങ്ങളിരുവരും സമ്മിളിതകളായി, തിരകളാല്‍ തഴപ്പിച്ചുകൊണ്ടു, രണ്ടു തേരാളികൾ പോലെ, നേരേ സമുദ്രത്തിലെയ്ക്കു പോകയാണ്; പ്രഭാവതികളേ, നിങ്ങളില്‍ ഒരുവൾ മാറ്റവളോടു ചേരുന്നു! 2
ഞാന്‍ ഉറ്റമാതാവായ സിന്ധുവിനെ പ്രാപിച്ചു – ഞങ്ങൾ മഹതിയും സുഭഗയുമായ വിപാട്ടിന്റെ അടുക്കലെത്തി. കുട്ടിയെ നക്കാന്‍ രണ്ടു തള്ളപ്പൈക്കൾപോലെ, ഒരേ സ്ഥലത്തെയ്ക്കു പോവുകയാണിവര്‍!’ 3
‘ഞങ്ങൾ ഈ വെള്ളത്താല്‍ തഴപ്പിച്ചുകൊണ്ടു, തമ്പുരാനരുളിയ സ്ഥലത്തെയ്ക്കു പോവുകയാണ്; യാത്രയില്‍ പിന്തിരിയലില്ല. എന്തിനാണീ വിപ്രൻ നദികളെ വിളിയ്ക്കുന്നത്?’ 4
‘തരംഗിണികളേ, ഞാന്‍ സോമത്തിന്നു പോവുകയാണ്; നിങ്ങളുടെ ഓട്ടം ഇത്തിരിനേരത്തെയ്ക്കു നിർത്തുവിൻ. കുശികന്റെ മകനായ ഞാന്‍ വലിയ സ്തുതികൊണ്ടു രക്ഷ നേടാൻവേണ്ടി സിന്ധുവിനെ നേരിട്ടു വിളിയ്ക്കുന്നു.’ 5
‘ഇന്ദ്രനാണ്, ഞങ്ങളെ കുഴിച്ചത്: ആ വജ്രപാണി ജലത്തില്‍ ചുഴന്നുനിന്ന മേഘത്തെ പിളർത്തി; സവിതാവും ശോഭനഹസ്തനുമായ തമ്പുരാന്‍ ഞങ്ങളെ കൊണ്ടുപോയി. തന്റെ അരുളപ്പാടിനാലാണ്, വെള്ളം നിറഞ്ഞ ഞങ്ങൾ പോകുന്നത്. 6
ഇന്ദ്രന്റെ ആ വീരകർമ്മം – മേഘത്തെ ഛേദിച്ചത് – എന്നെന്നും വർണ്ണനീയമാകുന്നു. ചുഴന്നുകൂടിയവരെയും വജ്രംകൊണ്ടു വധിച്ചു. അതിനാൽ തണ്ണീരുകൾ സ്ഥാനം തേടി പോയ്ത്തുടങ്ങി. 7
സ്തോതാവേ, ഭവാൻ കൊട്ടിഗ്ഘോഷിച്ചുവല്ലോ, ആ വാക്കു മറക്കരുത്: മേലിലെ യുഗങ്ങളില്‍, ഉക്ഥം ചമയ്ക്കുന്ന ഭവാന്‍ ഞങ്ങളില്‍ വന്നുകൊൾക; ഇപ്പോൾ ഞങ്ങളെ ആണുങ്ങളാക്കരുത്; ഭവാനു നമസ്കാരം!’ 8
‘സഹോദരിമാരേ, സ്തോത്രക്കാരന്റെ വാക്കു നിങ്ങൾ കേൾക്കുകതന്നെ വേണം: അകലത്തുനിന്നു, വണ്ടിയും തേരുമായി നിങ്ങളെ പ്രാപിച്ചിരിയ്ക്കയാണു്, ഞാൻ; നദികളേ, നിങ്ങൾ നന്നായി താഴുവിന്‍, കരകൾ സുഗമങ്ങളാക്കുവിൻ, വെള്ളം അച്ചുതണ്ടിന്‍റെ താഴേനിർത്തുവിൻ!’ 9
സ്തോതാവേ, താങ്കൾ പറഞ്ഞതു ഞങ്ങൾ കേൾക്കാം: വണ്ടിയും തേരുമായി ദൂരത്തുനിന്നു വന്നിരിയ്ക്കയാണല്ലോ, താങ്കൾ. മുലകൊടക്കുന്ന ഒരു സ്ത്രീയെന്നപോലെയും, – പുരുഷനെപ്പുണരാൻ ഒരു യുവതിയെന്നപോലെയും ഞങ്ങൾ താങ്കൾക്കുവേണ്ടി, താങ്കൾക്കുവേണ്ടി കുനിയാം!’ 10
‘എന്നാല്‍ ഭരതര്‍ നിങ്ങളെ കടക്കും – നിങ്ങൾ സമ്മതിച്ചതുകൊണ്ടും, ഇന്ദ്രനാൽ അയയ്ക്കപ്പെട്ടതാകകൊണ്ടും, സംഘം മാടുകളെ കടത്തും: പോയ്ക്കൊള്ളാന്‍ മുമ്പ് അനുജ്ഞ തന്നുവല്ലോ; യജ്ഞാർഹകളായ നിങ്ങളെ ഞാൻ വഴിപോലെ സ്തുതിയ്ക്കുന്നു.’ 11
ഭരതര്‍ മാടുകളോടുകൂടി കടന്നു. വിപ്രന്‍ വഴിപോലെ നദികളെ സ്തുതിച്ചു: – ‘നിങ്ങൾ അന്നവും നല്ല ധനവും ഉല്‍പ്പാദിപ്പിച്ചുകൊണ്ടു തോടുകളെ തഴപ്പിയ്ക്കുവിൻ – അവയെ നിറയ്ക്കുവിൻ! ഇനി, വേഗത്തില്‍ പോയ്ക്കൊള്ളുവിന്‍. 12
ഓളം കയറുകളുടെ താഴേ പോകട്ടെ; വെള്ളം കടിഞാണുകളെ തൊടരുതു്; ദുഷ്കൃതവും ദുരിതവുമില്ലാത്ത ദുർദ്ധഷമാരേ, നിങ്ങൾ പൊങ്ങിക്കളയരുതേ!’ 13
[1] കൊതിയ്ക്കുന്ന – സമുദത്തിലെത്താനിച്ഛിയ്ക്കുന്ന. വീപാട്ടും ശുതുദ്രിയും – രണ്ടു നദികൾ. വിമുക്തകൾ = അഴിച്ചുവിടപ്പെട്ട. നക്കാന്‍ – കുട്ടിയെ. ഈ നദികൾതന്നെയായിരിയ്ക്കാം, പുരാണങ്ങളിലെ വിപാശയും ശതദ്രുവും.
[2] തഴപ്പിച്ചുകൊണ്ടു – പരിസരങ്ങളില്‍ സസ്യസമൃദ്ധിവരുത്തിക്കൊണ്ട്. ഒരുവൾ മറ്റവളോടു ചേരുന്നു – പരസ്പരൈക്യം കൊള്ളുന്നു.
[3] സിന്ധു – നദി, ശുതുദ്രി.
[4] ഇങ്ങനെ സ്തുതിച്ച വിശ്വാമിത്രനോടു നദികളിരുവരും പറയുന്നു: തമ്പുരാൻ – ഇന്ദ്രന്‍. നദികളെ – ഞങ്ങളെ.
[5] വിശ്വാമിത്രന്റെ മറുപടി:
[6] നദികൾ: സവിതാവ് = ജഗൽപ്രേരകന്‍. കൊണ്ടുപോയി – സമുദ്രം നിറയ്ക്കാൻ. തന്റെ – അദ്ദേഹത്തിന്റെ.
[7] ചുഴന്നുകൂടിയവര്‍ – പ്രതിബന്ധകാരികളായ അസുരന്മാര്‍.
[8] കൊട്ടിഗ്ഘോഷിച്ചുവല്ലോ – ഞങ്ങളെ കേമമായി സ്തുതിയ്ക്കുകയും മറ്റും ചെയ്തുവല്ലോ. ആണുങ്ങളാക്കരുത് – ഏറെ സംസാരിപ്പിയ്ക്കരുത്. ഭവാനു നമസ്കാരം – പോയ്ക്കൊൾക എന്നു സാരം. സ്ത്രീകൾ പ്രകൃത്യാ മിതഭാഷിണികളാണ്.
[9] സ്തോത്രക്കാരൻ – ഞാന്‍. വെള്ളം അച്ചുതണ്ടിന്റെ കീഴ്ഭാഗംവരെയേ ഉള്ളു എങ്കില്‍, വണ്ടിയും തേരും കൊണ്ടുപോകാമല്ലോ. ഇതു വിശ്വാമിത്രവാക്യമാണ്.
[10] നദികൾ: താങ്കൾക്കുവേണ്ടി എന്നതിന്റെ ആവർത്തനം ആദരദ്യോതകമാകുന്നു. കുനിയാം = കുമ്പിടാം, താഴാം.
[11] വിശ്വാമിത്രന്‍: ഭരതന്മാര്‍ – ഭരതഗോത്രക്കാര്‍, ഞങ്ങൾ. സംഘം – എന്റെ ആളുകൾ.
[13] കയറുകൾ – മാടുകളുടെ, പൊങ്ങിക്കളയരുതേ – ഞങ്ങൾ അക്കരയിലെത്തുന്നതിന്നു മുമ്പ്.