വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്ന്യാദികൾ ദേവത.
അഗ്നേ, ഭവാന്‍ വളർന്നു വളർന്നു മനംതെളിഞ്ഞുണർന്നാലും: തിളങ്ങിത്തിളങ്ങി, ധനം നല്കുന്ന തിരുവുള്ളം ഞങ്ങളില്‍ വെയ്ക്കുക. ദേവ, ദേവന്മാരെ യാഗത്തിന്നു കൊണ്ടുവരുന്നവനാണല്ലോ, ഭവാൻ; സഖാക്കളെ സഖാവായ ഭവാന്‍ മനംതെളിഞ്ഞു പൂജിച്ചാലും! 1
തനൂനപാത്തേ, വരുണനും മിത്രനും അഗ്നിയുമാകുന്ന ദേവന്മാരാല്‍ നാൾതോറും മൂന്നുരു പൂജിയ്ക്കപ്പെടുന്ന ഭവാന്‍, ജലത്തിന്നായി അനുഷ്ഠിയ്ക്കുന്ന ഈ ഞങ്ങളുടെ യജ്ഞത്തെ മധുരീകരിച്ചാലും! 2
വിശ്വവരേണ്യമായ സ്തോത്രം ഹോതാവിങ്കല്‍ ചെന്നണയട്ടെ; അന്നങ്ങൾ മുഖ്യനും വന്ദ്യനുമായ വർഷിതാവിങ്കല്‍, നമസ്കരിച്ചു പ്രസാദിപ്പിയ്ക്കാൻ ചെന്നണയട്ടെ; പ്രേരിതനായ ആ പെരിയ യഷ്ടാവു ദേവകളെ യജിയ്ക്കട്ടെ! 3
നിങ്ങൾക്കിരുവർക്കും യാഗത്തില്‍ ഉന്നതമാർഗ്ഗം കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു: ഹവിസ്സുകൾ ജ്വാലകളോടൊന്നിച്ചു മേല്പോട്ടു പോകുന്നു; ഹോതാവിന്റെ ഇരിപ്പു, വിളങ്ങുന്ന ശാലയുടെ നടുവിലാണ്; ദേവകൾക്കു നിരന്നിരിപ്പാൻ ദർഭയും ഞങ്ങൾ വിരിയ്ക്കാം. 4
മനസ്സുകൊണ്ടു പ്രാർത്ഥിയ്ക്കപ്പെടുന്നവര്‍, വെള്ളംകൊണ്ടു വിശ്വത്തെ ഉല്ലസിപ്പിയ്ക്കുന്നവർ, സപ്തഹോത്രങ്ങളില്‍ സംബന്ധിയ്ക്കുന്നു. യാഗങ്ങളില്‍ മനുഷ്യരൂപരായി പിറക്കുന്ന വളരെദ്ദേവതകൾ ഈ യജ്ഞത്തില്‍ പെരുമാറട്ടെ! 5
സ്തുതിയ്ക്കപ്പെടുന്ന, സമ്മിളിതമാരായ ദിനരാത്രികൾ വന്നുചേരട്ടെ! തേജസ്സിയന്ന ഭിന്നരൂപമാരായ രണ്ടു ഭാസുരാംഗിമാരും മിത്രവരുണേന്ദ്രമരുത്തുക്കളെന്നപോലെ നമ്മെ പ്രാപിയ്ക്കട്ടെ! 6
ദിവ്യരായ രണ്ടു പ്രധാനഹോതാക്കളെ ഞാന്‍ ചമയിയ്ക്കാം; തണ്ണീര്‍ നേരുന്ന ഏഴന്നവാന്മാര്‍ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കും. ഉജ്ജ്വലരായ കർമ്മരക്ഷകന്മാര്‍ കർമ്മങ്ങളില്‍, അവിടുന്നുതന്നെ സത്യം എന്നു പറയുന്നു! 7
ഭാരതികളോടുകൂടിയ ഭാരതിയും, ദേവമനുഷ്യസംയുക്തയായ ഇളയും, അഗ്നിയും, സാരസ്വതരോടുകൂടിയ സരസ്വതിയും ഇവിടെ വന്നെത്തട്ടെ; ആ ദേവിമാര്‍ മുവ്വരും ഈ ദർഭയില്‍ ഇരുന്നരുളട്ടെ! 8
ദേവ, ത്വഷ്ടാവേ, രമിയ്ക്കുന്ന ഭവാന്‍ ഞങ്ങളെ കടത്തിവിടുന്ന ആ പോഷകം പൊഴിച്ചരുളിയാലും: എന്നാല്‍, കർമ്മകുശലനും ബലവാനും അമ്മിക്കുഴയെടുക്കുന്ന ദേവകാമനുമായ വീരൻ പിറക്കുമല്ലോ! 9
വനസ്പതേ, നീ ദേവന്മാരെ കൊണ്ടുവരിക. ശമിതാവായ അഗ്നി ഹവിസ്സു കൊണ്ടുപോകട്ടെ. ആ സത്യസമ്പന്നനായ ഹോതാവുതന്നെ യജിയ്ക്കട്ടെ: ദേവന്മാരുടെ ഉല്‍പത്തിയറിയുന്നവനാണല്ലോ, അദ്ദേഹം! 10
അഗ്നേ, ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്ന ഭവാൻ ഇന്ദ്രനോടും വെമ്പൽക്കൊള്ളുന്ന ദേവകളോടുംകൂടി ഒരേതേരില്‍ ഇങ്ങോട്ടു വന്നാലും; പുത്രാന്വിതയായ അദിതിയും ഞങ്ങളുടെ ദർഭയില്‍ ഉപവേശിയ്ക്കട്ടെ; സ്വാഹയോടുകൂടിയ മരണരഹിതരായ ദേവന്മാര്‍ സംതൃപ്തിയടയട്ടെ! 11
[1] സഖാക്കൾ – ദേവകൾ.
[2] മൂന്നുരു – പ്രാതർമ്മധ്യാനസായംസവനങ്ങളില്‍. മധുരീകരിച്ചാലും – വൃഷ്ട്യാദിഫലയുക്തമാക്കിയാലും.
[3] ഹോതാവ് – അഗ്നി. അന്നങ്ങൾ – ഹവിസ്സുകൾ. പ്രേരിതന്‍ – ഞങ്ങളാല്‍.
[4] നിങ്ങളിരുവര്‍ – അഗ്നിയും ബർഹിസ്സും.
[5] ഉല്ലസിപ്പിയ്ക്കുന്നവര്‍ – ദേവന്മാർ. ദേവതകൾ – ദ്വാരാഭിമാനിദേവതകൾ.
[7] തണ്ണീർ നേരുന്ന – മഴ പെയ്യട്ടേ എന്നു പ്രാർത്ഥിയ്ക്കുന്ന. അന്നവാന്മാർ – ഋത്വിക്കുകൾ. അവിടുന്ന് – അഗ്നി. ഈ അഗ്നിയും അന്തരീക്ഷാഗ്നിയുമത്രേ, രണ്ടു പ്രധാനഹോതാക്കൾ.
[9] ത്വഷ്ടാവ് – സൃഷ്ടികർത്താവു്. കടത്തിവിടുന്ന – ദുഃഖതാരകമായ. പോഷകം – രേതസ്സ്. അമ്മിക്കുഴ – സോമം ചതയ്ക്കാൻ. വീരന്‍ – പുത്രൻ.
[11] ഉപവേശിയ്ക്ക = ഇരിയ്ക്കുക. സ്വാഹ – സ്വാഹാകാരം.