വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
മേധാവിയും കവിമാർഗ്ഗഗാമിയുമായ യാതൊരഗ്നി ഉഷസ്സിനെ അറിഞ്ഞു പള്ളിയുണരുന്നുവോ; ആ തേജസ്സേറിയ വഹ്നി ദേവകാമരാല്‍ സമുജ്ജ്വലിപ്പിയ്ക്കപ്പെട്ടിട്ട്, ഇരുട്ടിന്റെ വാതില്‍ അടയ്ക്കുന്നു! 1
യാതൊരു പൂജനീയന്‍ സ്തോതാക്കളുടെ സ്തോത്രവാക്യങ്ങൾ കൊണ്ടും ഉക്ഥങ്ങൾകൊണ്ടും വർദ്ധിയ്ക്കുന്നുവോ, ആ ദൂതനായ അഗ്നി സൂര്യന്റെ ബഹുപ്രകാശമിച്ഛിച്ചു പുലരിപ്പോക്കില്‍ തുലോം വിളങ്ങുന്നു. 2
സഖാവായി സത്യംകൊണ്ടു സാധകനായി തണ്ണീരിന്റെ ഉണ്ണിയായ അഗ്നി മനുഷ്യരുടെ ഇടയില്‍ സ്ഥാപിയ്ക്കപ്പെട്ടു; ആ സ്പൃഹണീയനും യജനീയനുമായ മേധാവി ഉന്നതസ്ഥാനത്തു വാണരുളി; മതിമാന്മാർക്കു സ്തുത്യനുമായി! 3
ഉജ്ജ്വലിച്ച അഗ്നി മിത്രനായിത്തീരുന്നു; മിത്രനായിരിയ്ക്കെ, ഹോതാവും വരുണനും ജാതവേദസ്സുമാകുന്നു. ആ ദാനോത്സുകനായ മിത്രന്‍ അധ്വര്യുവും വായുവുമാകുന്നു; സമുദ്ര – പർവതങ്ങൾക്കും മിത്രനാകുന്നു! 4
ദർശനീയനായ മഹാന്‍ അഗ്നി ഭൂമിയുടെ അരുമപ്പെട്ട പ്രഥമ പദത്തെ രക്ഷിയ്ക്കുന്നു; സൂര്യന്റെ സഞ്ചാരമാർഗ്ഗത്തെ രക്ഷിയ്ക്കുന്നു; നടുവില്‍ സപ്തഗണത്തെ രക്ഷിയ്ക്കുന്നു; ദേവയജ്ഞത്തെ രക്ഷിയ്ക്കുന്നു! 5
അറിയേണ്ടതെല്ലാമറിഞ്ഞ മഹാനായ അഗ്നിദേവൻ സ്തുത്യവും സുന്ദരവുമായ ജലം സൃഷ്ടിച്ച്, അതിനെ പ്രമാദമെന്നിയേ രക്ഷിച്ചു പോരുന്നു; ഉറക്കത്തിലും ആ വ്യാപ്തന്റെ രൂപം തിളങ്ങിക്കൊണ്ടിരിയ്ക്കും! 6
കാമയമാനനായ അഗ്നി തിളക്കവും പാട്ടും തഴച്ച കാമയമാനമായ സ്ഥാനത്തു വാണരുളുന്നു; ഉജ്ജ്വലനും വിശുദ്ധനും ദർശനീയനുമായ ആ പാവകന്‍ അമ്മമാരിരുവരെയും കൂടെക്കൂടെ പുതുക്കുന്നു! 7
ജനിച്ച ഉടന്‍ അഗ്നി ഓഷധികളാല്‍ വഹിയ്ക്കപ്പെടുന്നു; അപ്പോൾ, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ശോഭിയ്ക്കുന്ന അവ പ്രസവിച്ചു, ജലംകൊണ്ടു വളർത്തുന്നു. അച്ഛനമ്മമാരുടെ മടിയിലിരിയ്ക്കുന്ന അവന്‍ രക്ഷിയ്ക്കട്ടെ! 8
സ്തുതനായി ചമതകൊണ്ടു വളർന്ന അഗ്നി വേദിയുടെ നടുവിലിരുന്ന്, അന്തരിക്ഷപദത്തില്‍ വിളങ്ങുന്നു; മിത്രനും മാതരിശ്വാവുമായ ആ സ്തുത്യൻ ദൂതനായിട്ടു യജ്ഞത്തിന്നു ദേവകളെ കൊണ്ടുവരട്ടെ! 9
ശോഭമാനരില്‍ ശ്രേഷ്ഠനായ വായു സൂര്യരശ്മികളില്‍നിന്നു ഗുഹയിലൊളിച്ച ഹവ്യവാഹനെ ഉജ്ജ്വലിപ്പിച്ചതെപ്പൊഴോ, അപ്പോൾ ആ അഗ്നി തേജസ്സുകൊണ്ടു സ്വർഗ്ഗത്തെ സ്തംഭിപ്പിച്ചു! 10
അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം. അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11
[1] വാതില്‍ – ആഗമനദ്വാരം; ഇരുട്ടിന്റെ വരവിനെ തടുക്കുന്നു.
[3] സഖാവ് – യഷ്ടാക്കളുടെ. സാധകൻ – സിദ്ധി വരുത്തുന്നവന്‍. ഉന്നതസ്ഥാനം – ഉത്തരവേദി.
[4] അഗ്നിയുടെ സർവാത്മകത്വം: മിത്രന്‍ = സൂര്യന്‍. മിത്രന്‍ (മിത്രം) = സഖാവ്.
[5] നടു = അന്തരിക്ഷമധ്യം. സപ്തഗണം – മരുദ്ഗണം.
[6] ഉറക്കത്തിലും – ജ്വാലകളടങ്ങിയ സമയത്തും.
[7] കാമയമാനന്‍ = കാമി(അഭിലഷി)യ്ക്കുന്നവൻ. അമ്മമാര്‍ – ദ്യാവാപൃഥിവികൾ.
[8] പ്രസവിച്ചു – പുഷ്പഫലങ്ങളെ ഉല്‍പാദിപ്പിച്ച്. അച്ഛനമ്മമാര്‍ – വാനൂഴികൾ.