ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ജോലിക്കാരേ, ദേവകാമരായ നിങ്ങൾ മന്ത്രത്താല്‍ പ്രേര്യമാണരായിട്ടു, ദേവകളില്‍ ചെല്ലുന്ന സ്രുക്ക് കൊണ്ടുവരുവിന്‍: അഗ്നിയ്ക്കുള്ള ഹവിസ്സു നിറച്ചു നെയ്യു പുരട്ടിയ ആ അന്നവതി വലത്തുഭാഗത്തുനിന്നെടുത്തു, തല കിഴക്കോട്ടാക്കി എത്തിയ്ക്കപ്പെടുന്നു. 1
അഗ്നേ, യജനീയ, ജനിച്ചപ്പോൾത്തന്നേ അങ്ങു ദ്യാവാപൃഥിവികളെ നിറച്ചു; പിന്നീടു മഹത്ത്വത്താല്‍ ദ്യോവിനെയും ഭൂവിനെയും കവിച്ചു. അങ്ങയുടെ ഏഴുനാവുള്ള വഹ്നികൾ സ്തുതിയ്ക്കപ്പെടട്ടെ! 2
ദേവകാമരായ മനുഷ്യര്‍ ഹവിസ്സൊരുക്കി, തെളിഞ്ഞ തേജസ്സിനെ സ്തുതിയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ദ്യോവും ഭൂവും യജനീയരും ഹോതാവായ അങ്ങയെ യജ്ഞത്തിന്നിരുത്തും. 3
കാമ്യമാനനായ മഹാൻ വാനൂഴികൾക്കിടയില്‍ മഹിമയുള്ള സ്വസ്ഥാനത്ത് അനങ്ങാതിരിയ്ക്കുന്നു; ആക്രമിയ്ക്കുന്നവരും ഉപദ്രവിയ്ക്കപ്പെടാത്തവരും നത്യതരുണിമാരും ജലം ചുരത്തുന്നവരുമായ ആ സപത്നിമാര്‍ ബഹുസ്തുതനെ പ്രീതിപ്പെടുത്തുന്നു. 4
അഗ്നേ, മഹത്തുക്കളാകുന്നു, മഹാനായ ഭവാന്റെ കർമ്മങ്ങൾ: ഭവാന്‍ സ്വപ്രകാശംകൊണ്ടു വാനൂഴികൾക്കു വലുപ്പം കൂട്ടി. വൃഷാവേ, അങ്ങു ദൂതനായിബ്ഭവിച്ചാലും: ജനിച്ചപ്പോൾത്തന്നേ ഭവാന്‍ മനുഷ്യർക്കു നേതാവായി! 5
ദേവ, അങ്ങ് നല്ല സ്കന്ധരോമങ്ങളുള്ളവയും നെയ്യൊലിയ്ക്കുന്നവയുമായ രണ്ടു ചെംകുതിരകളെ കയര്‍കൊണ്ടു തേരിനു മുമ്പില്‍ കെട്ടുക; അതില്‍ ദേവന്മാരെയെല്ലാം കൊണ്ടുവരിക. ജാതവേദസ്സേ, അവർക്കുള്ള യാഗം നന്നാക്കുക! 6
അഗ്നേ, അങ്ങു വനങ്ങളില്‍ ജലങ്ങളെ കൊതിയോടേ വറ്റിയ്ക്കുമ്പോൾ, അങ്ങയുടെ കാന്തി സൂര്യന്റേതിനെക്കാൾ തിളങ്ങും. അങ്ങു് ഒളി വീശുന്ന സനാതനോഷസ്സുകളെ അനുസരിച്ചു ശോഭിയ്ക്കുന്നു; സ്തുത്യനായ ഹോതാവിന്റെ ശോഭയെ വാനവർ വാഴ്ത്തുന്നു! 7
അഗ്നേ, വിശാലമായ അന്തരിക്ഷത്തില്‍ വിളയാടുന്ന ദേവകൾ എവരോ, സൂര്യന്റെ വെളിച്ചത്തിലുള്ളവരെവരോ, ഊമര്‍ എവരോ, ശോഭനാഹ്വാനരായി നിലക്കൊള്ളുന്ന യജനീയര്‍ എവരോ, തേർക്കുതിരകളെവയോ; 8
അവരോടൊന്നിച്ച്, ഒരേ തേരിലോ പല തേരിലോ അഗ്നേ, ഭവാന്‍ ഇങ്ങോട്ടെഴുന്നള്ളുക: മിടുക്കുള്ളവയാണല്ലോ, പള്ളിക്കുതിരകൾ. പത്നീസഹിതരായ മുപ്പത്തിമൂന്നു ദേവന്മാരെയും സോമത്തിന്നു കൊണ്ടുവരിക; മത്തുപിടിപ്പിയ്ക്കുക! 9
ആരുടെ യജ്ഞത്തെ യജ്ഞത്തെ വിശാലകളായ ദ്യാവാപൃഥിവികളും അഭിവൃദ്ധിയ്ക്കായി പുകഴ്ത്തിപ്പോരുന്നുവോ, അദ്ദേഹംതന്നെ ഹോതാവ്: ആ സുരൂപകളും ജലാന്വിതകളുമായ സത്യവതികൾ യാഗത്തിന്നായി പിറന്നവന്നു, രണ്ടധ്വരങ്ങള്‍പോലെ അനുകൂലകളായി വര്‍ത്തിയ്ക്കുന്നു! 10
അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും. ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11
[1] അന്നവതി – സ്രുക്കു്. വലത്തുഭാഗം – ആഹവനീയാഗ്നിയുടെ.
[2] വഹ്നികൾ – അംശങ്ങളായ അഗ്നികൾ.
[3] യജനീയര്‍ – ദേവന്മാര്‍.
[4] കാമ്യമാനൻ – യജമാനാദികളാല്‍ കാമിയ്ക്കപ്പെടുന്നവന്‍. ആക്രമിയ്ക്കുന്നവര്‍ – എല്ലാദിക്കുകളിലും വ്യാപിയ്ക്കുന്നവര്‍. ആ സപത്നിമാര്‍ – ദ്യാവാവൃഥിവികൾ.
[6] നെയ്യൊലിയ്ക്കുന്ന – ദേഹത്തിന്ന് അത്ര സ്നിഗ്ദ്ധതയുള്ള.
[7] അനുസരിച്ചു – ഉഷസ്സിലാണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക.
[8] ഊമര്‍ – ഊമരെന്ന പിതൃക്കൾ.
[10] സത്യവതികൾ – ദ്യാവാപൃഥിവികൾ. യാഗത്തിന്നായി പിറന്നവൻ – അഗ്നി.