വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ഇന്ദ്ര, ഞങ്ങളുടെ പൊരി, തയിര്‍മലര്‍പ്പൊടി, അപ്പം, എന്നിവയോടും സ്തോത്രത്തോടുംകൂടിയ സോമം അങ്ങു പ്രഭാതത്തില്‍ കൈക്കൊണ്ടാലും! 1
ഇന്ദ്ര, പചിയ്ക്കപ്പെട്ട പുരോഡാശം കൈക്കൊണ്ടു ഭക്ഷിപ്പാനൊരുങ്ങുക: അങ്ങയ്ക്കായി ഹവിസ്സുകൾ വരുന്നു. 2
അങ്ങു ഞങ്ങളുടെ പുരോഡാശം ഭക്ഷിയ്ക്കുക; ഞങ്ങളുടെ സ്തുതിയെ, ഒരു പെണ്‍കൊതിയന്‍ സ്ത്രീയെയെന്നപോലെ കൈക്കൊള്ളുകയും ചെയ്യുക! 3
ഇന്ദ്ര, പഴമയില്‍ പുകഴ്‌ന്നവനേ, ഞങ്ങളുടെ പുരോഡാശം പ്രാതസ്സവനത്തില്‍ ഭുജിച്ചാലും: വലുതാണല്ലോ, അങ്ങയുടെ കർമ്മം! 4
ഇന്ദ്ര, പരിചരിച്ചുംകൊണ്ട്, ഒരു കാളയുടെ മട്ടില്‍ വെമ്പിനടക്കുന്ന സ്തോതാവ് അരികില്‍ സ്തുതികൾ ചൊല്ലുന്നതെപ്പൊഴോ, അപ്പോൾ അവിടുന്ന് ഇവിടെ മധ്യാഹ്നസവനത്തിലെ പൊരിയവിലും കമനീയമായ പുരോഡാശവും കല്പിച്ചുഭക്ഷിച്ചാലും! 5
ബഹുസ്തുത, മൂന്നാം സവനത്തില്‍ ഞങ്ങളുടെ പൊരിയവിലിനെയും ഹോമിച്ച പുരോഡാശത്തെയും അവിടുന്നു മാനിച്ചാലും: കവേ, അന്നമൊരുക്കിയ ഞങ്ങൾ ഋഭുക്കളോടും വാജനോടും കൂടിയ നിന്തിരുവടിയെ സ്തുതിച്ചു പരിചരിയ്ക്കാം. 6
പൂഷാവോടുകൂടിയ ഭവാനു ഞങ്ങൾ തയിര്‍മലര്‍പ്പൊടിയും, കുതിരകളോടുകൂടിയ ഹര്യശ്വനായ ഭവാന്നു പൊരിയവിലും ഉണ്ടാക്കാം. മരുദ്ഗണാന്വിതനായ ഭവാന്‍ അപ്പം തിന്നാലും; ശൂര, വൃത്രഹന്താവും വിദ്വാനുമായ ഭവാന്‍ സോമം കുടിച്ചാലും! 7
പുരുഷന്മാരില്‍വെച്ച് അതിവീരനായ തന്തിരുവടിയ്ക്കു നിങ്ങൾ വേഗത്തില്‍ പൊരിയവില്‍ ഒരുക്കുവിൻ. ധൃഷ്ണോ, ഇന്ദ്ര, അങ്ങയെക്കുറിച്ചു ഞങ്ങൾ നാളില്‍ നാളില്‍ ഒരേമട്ടില്‍ സ്തുതിയ്ക്കുന്നത് അങ്ങയ്ക്കു സോമപാനത്തിൽ ഉത്സാഹമുണ്ടാക്കട്ടെ! 8
[1] തയിര്‍മലര്‍പ്പൊടി – തയിരില്‍ക്കുഴച്ച മലര്‍പ്പൊടി.
[4] പഴമയില്‍ പുകഴ്‌ന്നവൻ – പുരാതനനെന്നു പ്രസിദ്ധന്‍. വലുതാണല്ലോ – അതിനാല്‍ പ്രാതല്‍ അത്യാവശ്യം!
[5] പരിചരിച്ചുംകൊണ്ട് – അങ്ങയെ.
[6] മാനിച്ചാലും – അവിടുന്നു ഭക്ഷിച്ചാല്‍ അവയ്ക്കു ബഹുമതിയായി. വാജൻ – ഋഭുക്കളിലൊരാൾ; എടുത്തുപറഞ്ഞു എന്നേ ഉള്ളു.
[8] പ്രഥമവാക്യം യജമാനന്‍ അധ്വര്യുക്കളോടു പറയുന്നത്.