വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രാപർവതന്മാരും ഇന്ദ്രനും വാക്കും രഥാംഗവും ദേവതകൾ.
ഇന്ദ്രാപർവതന്മാരേ, നിങ്ങൾ വലിയ തേരില്‍, നല്ല പുത്രന്മാരോടുകൂടിയ സ്പൃഹണീയങ്ങളായ അന്നങ്ങൾ കൊണ്ടുവന്നാലും; ദേവന്മാരേ, നിങ്ങളിരുവരും യാഗങ്ങളില്‍ ഹവിസ്സു ഭക്ഷിപ്പിൻ; ഹവിസ്സുകൊണ്ട് ഇമ്പം പൂണ്ടു, സ്തുതികളാല്‍ വർദ്ധിപ്പിൻ! 1
മഘവാവേ, അങ്ങു സുഖമായി ഇരിയ്ക്കുക – തിരിച്ചുപോകരുത്: ഞാന്‍ അങ്ങയെ നന്നായിപ്പിഴിയപ്പെട്ട സോമംകൊണ്ടു യജിയ്ക്കട്ടെ; ശക്തിമാനായ ഇന്ദ്ര, ഞാന്‍ അതിമധുരമായ കൊഞ്ചല്‍കൊണ്ട് അങ്ങയുടെ വസ്ത്രത്തുമ്പു, മകന്‍ അച്ഛന്‍റ്റേതെന്നപോലെ പിടിയ്ക്കുന്നു! 2
അധ്വര്യോ, നമുക്കു ശസ്ത്രം ചൊല്ലാം: താങ്കൾ ഏറ്റുപാടുകു; നാം ഇന്ദ്രന്നു പ്രിയമായ സ്തോത്രം ചെയ്യുക. താങ്കൾ യജമാനന്റെ ഈ ദർഭയിൽ ഇരിയ്ക്കു; എന്നിട്ട് ഇന്ദ്രനെ നന്നായി സ്തുതിയ്ക്കാം. 3
മഘവാവേ, പത്നിയത്രേ, ഗൃഹം; അവിടെത്തന്നെയാണല്ലോ, ചെല്ലേണ്ടത്. അതിനാൽ പൂട്ടിയ ഹരികൾ അങ്ങയെ അങ്ങോട്ടുതന്നെ കൊണ്ടുപോയ്ക്കൊള്ളട്ടെ. ഞങ്ങൾ വല്ലപ്പോഴും സോമം പിഴിയും; അപ്പോൾ, ദൂതന്‍ അഗ്നി അങ്ങയുടെ അടുക്കലെത്തും! 4
മഘവാവേ, ഇന്ദ്ര, ഒന്നുകില്‍ തിരിച്ചുപോയ്ക്കൊൾക; അല്ലെങ്കില്‍, വന്നുകൊൾക. ഭ്രാതാവേ, രണ്ടിലുമുണ്ട്, അവിടെയ്ക്കു കാര്യം. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; (വരികയാണെങ്കില്‍) ചെനയ്ക്കുന്ന കുതിരയെ അഴിച്ചുവിടാം! 5
ഇന്ദ്ര, സോമം കുടിച്ചിട്ടു, ഗൃഹത്തിലെയ്ക്കു പോയ്ക്കൊൾക: ഭദ്രയായ ഭാര്യയും പാട്ടുമുണ്ടല്ലോ, ഭവാന്റെ ഗൃഹത്തില്‍. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; അല്ലെങ്കില്‍, കുതിരയെ അഴിച്ചുവിട്ടു തീറ്റാം! 6
ഈ സൌദാസന്മാർ, പല പല അംഗിരസ്സുകൾ, ദേവകളെക്കാൾ ബലവാനായവന്റെ പുത്രരായ വീരന്മാര്‍ എന്നിവരെല്ലാം വിശ്വാമിത്രന്ന് അശ്വമേധത്തില്‍ ധനം തരും, ആയുസ്സും വർദ്ധിപ്പിയ്ക്കും! 7
മഘവാവു മായ പ്രയോഗിച്ചു, തന്റെ ശരീരം വിവിധരൂപങ്ങളിലാക്കും: മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെട്ടാല്‍, സ്വർഗ്ഗത്തില്‍നിന്ന് ഒരേ സമയത്തു പലേടത്തും – അതും മൂന്നുതവണ – ചെല്ലും; കാലത്തും അകാലത്തും സോമം കടിയ്ക്കും! 8
മഹാനായ ഋഷിയും, തേജസ്സുകളെ ജനിപ്പിച്ചവനും, തേജസ്സുകളാല്‍ ആകൃഷ്ടനും, നേതാക്കളെ നോക്കുന്നവനുമായ വിശ്വാമിത്രന്‍ വെള്ളംനിറഞ്ഞ പുഴയെ അനങ്ങാതാക്കി; അദ്ദേഹം സുദാസ്സിനെ യജിപ്പിച്ചപ്പോൾ, ഇന്ദ്രന്‍ കുശികരോടൊപ്പം ഒരു സുഹൃത്തായി പെരുമാറി! 9
മേധാവികളേ, ഋഷികളേ, നേതാക്കളെ നോക്കുന്നവരേ, കുശികരേ, യാഗത്തില്‍ ചതച്ചു പിഴിഞ്ഞു, സ്തുതിയാല്‍ ഇമ്പംകൊള്ളിയ്ക്കുന്ന നിങ്ങൾ, അരയന്നങ്ങൾപോലെ, സ്തോത്രം പാടുവിന്‍; ദേവന്മാരൊന്നിച്ചു സോമരസം കുടിയ്ക്കുകയും ചെയ്വിൻ! 10
കുശികരേ, ചെല്ലുവിന്‍, മനസ്സിരുത്തുവിൻ – സുദാസ്സിന്റെ കുതിരയെ ധനാർത്ഥം വിടുവിൻ: കിഴക്കും പടിഞ്ഞാറും വടക്കും അസുരനെ തമ്പുരാന്‍ വധിച്ചിരിയ്ക്കുന്നു; ഇനി, നല്ലൊരു പ്രദേശത്തു യാഗം തുടങ്ങാം! 11
ഈ വാനൂഴികൾ രണ്ടിന്റെയുമിടയില്‍ മേവുന്ന ഇന്ദ്രനെ ഞാൻ സ്തുതിച്ചുവല്ലോ; വിശ്വാമിത്രന്റെ ഈ സ്തോത്രം ഭരതഗോത്രക്കാരെ രക്ഷിയ്ക്കും. 12
വജ്രപാണിയായ ഇന്ദ്രന്നു വിശ്വാമിത്രര്‍ സ്തോത്രം രചിച്ചു; അദ്ദേഹം നമുക്കു നല്ല അന്നം തരും! 13
കീകടത്തിലെപ്പൈക്കൾ അങ്ങയ്ക്കെന്തു ചെയ്യും? സോമത്തിന്നു വേണ്ടുന്ന പാല്‍ കൊടുക്കില്ല; പാല്ക്കലം ചൂടുപിടിപ്പിയ്ക്കില്ല. ഹുണ്ടികക്കാരന്റെ കുടുംബസ്വത്തു ഞങ്ങൾക്കു കൊണ്ടുവരിക – മഘവാവേ, അധമവർഗ്ഗത്തിന്റെ ധനം അവിടുന്നു ഞങ്ങളുടെ അധീനതയിലാക്കുക!14
ജമദഗ്നികൾ തന്ന അജ്ഞാനനാശിനിയായ സസർപ്പരി അത്യന്തം ശബ്ദിയ്ക്കുന്നു; ആ സൂര്യപുത്രിയത്രേ, ദേവന്മാരില്‍ അക്ഷയമായ അമൃതാന്നം വ്യാപിപ്പിക്കുന്നത്! 15
സസർപ്പരി ഇയ്യുള്ളവർക്കു പഞ്ചജനപ്രജകളുടെ അന്നം കൂടുതലായി വേഗത്തില്‍ കൊണ്ടുവരട്ടെ: നരച്ച ജമദഗ്നികളാല്‍ നല്കപ്പെട്ട ആ സൂര്യപുത്രി എനിയ്ക്കു പുതിയ അന്നം തന്നളരുട്ടെ! 16
കുതിരകൾ രണ്ടും ഉറച്ചുനില്ക്കട്ടെ; അച്ചുതണ്ട് ഒടിയരുത്; ഇരുപ്പടി വീഴരുത്; നുകം മുറിയരുത്; ആണി ഇളകാതിരിപ്പാന്‍ ഇന്ദ്രന്‍ പിടിയ്ക്കട്ടെ; അരിഷ്ടനേമേ, നീ ഞങ്ങൾക്കിണങ്ങുക! 17
ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ ദേഹത്തിന്നു ബലമുണ്ടാക്കുക; ഞങ്ങളുടെ വണ്ടിക്കാളകൾക്കു ബലമുണ്ടാക്കുക; ഞങ്ങളുടെ പുത്രപൌത്രർക്കും ജീവിച്ചിരിപ്പാൻ ബലമുണ്ടാക്കുക. ബലപ്രദനാണല്ലോ, അവിടുന്ന്! 18
അവിടുന്നു കരിങ്ങാലിക്കാതല്‍ എങ്ങും തറയ്ക്കുക; തേരിലെ ഇരുമുൾമരത്തിന്നു ബലം കൂട്ടുക. ഉറപ്പുള്ള, ഉറപ്പിയ്ക്കപ്പെട്ട അച്ചുതണ്ടേ, നീ ഉറച്ചുനില്ക്കുക; ഓടുന്ന തേരില്‍നിന്നു ഞങ്ങളെ വീഴ്ത്തിക്കളയരുതു് ! 19
ഈ മരം ഞങ്ങളെ ത്യജിയ്ക്കരുത്; അപായപ്പെടുത്തുകയും ചെയ്യരുത്. ഗൃഹത്തിലെത്തുന്നതുവരെ, നില്ക്കുന്നതുവരെ, അഴിച്ചുവിടുന്നതുവരെ, ശുഭം ഭവിയ്ക്കട്ടെ! 20
ശൂര, മഘവാവേ, ഇന്ദ്ര, അവിടുന്ന് ഈ അവസരത്തില്‍ ഹിംസിയ്ക്കുന്ന ഞങ്ങളെ മികച്ച അനേകരക്ഷകൾകൊണ്ട് ആശ്വസിപ്പിച്ചാലും; ആര്‍ ഞങ്ങളെ ദ്വേഷിയ്ക്കുന്നുവോ, അവന്‍ നികൃഷ്ടനായി അധഃപതിയ്ക്കട്ടെ; ആരെ ഞങ്ങൾ ദ്വേഷിയ്ക്കുന്നവോ, അവനെ പ്രാണന്‍ വെടിയട്ടെ! 21
അവന്‍ മഴുവേറ്റ വൃക്ഷംപോലെ സങ്കടപ്പെടട്ടെ; ഇലവിൻ പൂവുപോലെ അറ്റുവീഴട്ടെ; ഒഴുകിപ്പോകുമ്പോൾ മറിഞ്ഞ തളികപോലെ നുര തുപ്പട്ടെ! 22
‘ആളുകളേ, അറുതിപ്പെടുത്തുന്നവനെ നിങ്ങൾ അറിഞ്ഞിട്ടില്ല: മിണ്ടാതിരിയ്ക്കുന്നവനെ മാടെന്നു കരുതി കൊണ്ടുപോകുന്നു. വിദ്വാൻ മൂഢനെ പരിഹസിയ്ക്കാറില്ല; കുതിരയ്ക്കു മുമ്പേ കഴുതയെ നടത്താറില്ല!’ 23
ഇന്ദ്ര, ഈ ഭരതഗോത്രക്കാര്‍ അകലുകയേചെയ്യു, അടുക്കില്ല. യുദ്ധത്തില്‍ സ്വാഭാവികനായ ശത്രുവിന്റെ നേർക്കെന്നപോലെ കുതിരയെ വിടും; വില്ലും കുലയ്ക്കും. 24
[1] ഇന്ദ്രാപർവതന്മാര്‍ – ഇന്ദ്രൻ പർവതനും. നല്ല വീരന്മാരോടുകൂടിയ – സല്‍പുത്രോല്‍പാദനസമർത്ഥങ്ങളായ.
[2] കൊഞ്ചല്‍ – സ്തുതി.
[3] ഹോതാവ് അധ്വര്യുവിനോട്:
[4] ഞങ്ങളുടെ ദൂതന്‍ അറിയിച്ചാലപ്പോൾ, അവിടുന്ന് ഇങ്ങോട്ടു വരണം.
[5] അഴിച്ചുവിടാം – ഇവിടെ വിശ്രമിപ്പിയ്ക്കാം.
[6] ഭദ്ര = മംഗളകാരിണി.
[7]സൌദാസന്മാർ – സുദാസ്സിൻവംശ്യരായ ക്ഷത്രിയര്‍. ബലവാനായവന്റെ (രുദ്രന്റെ) പുത്രരായ വീരന്മാര്‍ – മരുത്തുക്കൾ. വിശ്വാമിത്രന്ന് – എനിയ്ക്ക്.
[9] നോക്കുന്നവന്‍ – നേതാക്കളില്‍ ശ്രദ്ധിയ്ക്കുന്നവന്‍. കുശികര്‍ – സ്വഗോത്രക്കാര്‍.
[10] ചതച്ചു പിഴിഞ്ഞു – സോമലത. ഇമ്പംകൊള്ളിയ്ക്കുന്ന – ദേവന്മാരെ.
[11] ചെല്ലുവിൻ – അശ്വത്തിന്റെ അടുക്കല്‍. ധനാർത്ഥം – ദിഗ്ജയം കൊണ്ടു ധനം സംഭരിപ്പാൻ.
[14] കീകടം – അനാര്യർ നിവസിയ്ക്കുന്ന ഒരു രാജ്യം. എന്തു ചെയ്യും – ആ നാസ്തികനാട്ടില്‍ യാഗവും മറ്റുമില്ലല്ലോ. ഹുണ്ടികക്കാരന്‍ – ധർമ്മം ചെയ്യാതെ പണം പലിശയ്ക്കു കൊടുക്കുന്നവന്‍. കൊണ്ടുവരിക – അതു കിട്ടിയാല്‍, ഞങ്ങൾ ധർമ്മം ചെയ്യും.
[15] ജമദഗ്നികൾ – ഭൃഗുവംശ്യരായ ഋഷിമാര്‍. തന്ന – എനിയ്ക്കുപദേശിച്ച. സസർപ്പരി – വാഗ്ദേവത. ആ സൂര്യപുത്രി – വാഗ്ദേവത സൂര്യന്റെ മകളത്രേ.
[16] പഞ്ചജനങ്ങൾ മുമ്പു വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. നരച്ച – കിഴവരായ, ദീർഗ്ഘായുഷ്കരായ.
[17] യജനാനന്തരം സുദാസ്സിന്റെ യാഗശാലയില്‍നിന്നു പുറപ്പെട്ട വിശ്വാമിത്രന്‍ തേര്‍ പൂട്ടിയിട്ടു, തേരിന്റെ അവയവങ്ങളെ സ്തുതിയ്ക്കുന്നു: ഇരുപ്പടി – നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന പലക. അരിഷ്ടനേമേ – കേടൊന്നുമില്ലാത്ത ഉരൾച്ചുറേറാടുകൂടിയ രഥമേ. ഇണങ്ങുക – അനുകൂലമായി ഗമിച്ചാലും.
[19] കരിങ്ങാലിക്കാതല്‍കൊണ്ടത്രേ, തേരിന്റെ ആണി. ഇരുമുൾമരം കൊണ്ടാണ്, അടിപ്പലക.
[20] ഈ മരം – തേരുണ്ടാക്കിയ മരം. അഴിച്ചുവിടുന്നതുവരെ – അശ്വങ്ങളെ.
[21] ഹിംസിയ്ക്കുന്ന – ശത്രുക്കളെ ശപിപ്പാൻതുടങ്ങുന്ന. ആർ ഞങ്ങളെ എന്നു തുടങ്ങിയ വാക്യം ശാപമാകുന്നു.
[22] തളിക മറിഞ്ഞാല്‍, അകത്തു വെള്ളം കേറുകയും, അതില്‍നിന്നു നുര പുറപ്പെടുകയുംചെയ്യുമല്ലോ; അവന്‍ വായില്‍നിന്നു നുര തുപ്പുന്ന ഒരു രോഗിയായിത്തീരട്ടെ.
[23] മുമ്പൊരിയ്ക്കല്‍, തപസ്സു ക്ഷയിയ്ക്കുമെന്നു കരുതി ശപിയ്ക്കല്‍ നിർത്തി മൌനം പൂണ്ട വിശ്വാമിത്രനെ വസിഷ്ഠപുത്രന്മാര്‍ ബന്ധിച്ചുകൊണ്ടുപോയി. അപ്പോൾ അവരോടു വിശ്വാമിത്രൻ പറഞ്ഞതാണിത്: അറുതിപ്പെടുത്തുന്നവനെ – നശിപ്പിയ്ക്കാൻ ശക്തനായ വിശ്വാമിത്രനെ. ശേഷം വസിഷ്ഠനെ ധിക്കരിയ്ക്കലാണ്: ഞാൻ വിദ്വാൻ, വസിഷ്ഠന്‍ മൂഡന്‍; ഞാൻ കുതിര, വസിഷ്ഠന്‍ കഴുത. എന്നോടു മത്സരിപ്പാൻ അർഹനല്ല, അവന്‍.
[24] അകലുകയേചെയ്യൂ – സജജനസംസർഗ്ഗത്തിന്നർഹതയില്ലാത്തവരാണ്, വസിഷ്ഠനും കൂട്ടരും.