വിശ്വാമിത്രപുത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
യജ്ഞത്തില്‍ ജനിച്ച സ്തൂത്യനായ മഹാന്നായി ഈ സുഖകരമായ സ്തോത്രം പലവുരു ഉച്ചരിച്ചുപോരുന്നു; ആ അഗ്നി അടക്കാന്‍ പോന്ന തേജസ്സു പൂണ്ടു നമ്മുടെ സ്തോത്രം കേൾക്കട്ടെ – സദാ ദിവ്യതേജസ്സോടേ കേൾക്കട്ടെ! 1
മഹതിയായ ദ്യോവിനെക്കുറിച്ചും, മഹതിയായ ഭൂവിനെക്കുറിച്ചും അറിവുള്ള താങ്കൾ സ്തോത്രം ചമയ്ക്കുക: എന്റെ മനസ്സു കൊതിച്ചുനടക്കുകയാണ്. മനുഷ്യന്റെ യാഗങ്ങളില്‍ ഇവരെ സ്തുതിച്ചാല്‍, പൂജനേച്ഛുക്കളായ ദേവന്മാര്‍ ഒപ്പം ഇമ്പപ്പെടുമല്ലോ! 2
ദ്യാവാപൃഥിവികളേ, നിങ്ങളുടെ കനിവു യഥാർത്ഥമാകട്ടെ; നിങ്ങൾ ഞങ്ങൾക്കു വലിയ അഭ്യുദയം വരുത്തണം: അഗ്നേ, ഇതാ, വാനൂഴികൾക്കു നമസ്കാരം – ഞാൻ അന്നംകൊണ്ടു പൂജിയ്ക്കുന്നു; രത്നം യാചിയ്ക്കുന്നു! 3
സത്യവതികളായ ദ്യാവാപൃഥിവികളേ, പണ്ടേത്തെ സൂനൃതഭാഷികൾ നിങ്ങളിൽനിന്ന് ഇഷ്ടം നേടിയല്ലോ; പൃഥിവി, ഇന്നേത്തെ ആളുകളും ശൂരർക്കു നേട്ടമുണ്ടാക്കുന്ന യുദ്ധത്തില്‍ നിങ്ങളെ അറിഞ്ഞു വന്ദിയ്ക്കന്നു! 4
ആര്‍ നേരേ അറിയും, ഇതില്‍ ആര്‍ പറഞ്ഞുതരും? ഏതാണ്, ദേവന്മാരില്‍ ചെല്ലാന്‍ നേര്‍വഴി? ഇവരുടെ കീഴ്പോട്ടു നോക്കുന്ന സ്ഥാനങ്ങൾ കാണുന്നുണ്ട്; എന്നാല്‍, ദുർജ്ഞേയങ്ങളകായ ഉത്തമ കർമ്മങ്ങൾകൊണ്ടു ചെല്ലാവുന്നവ എവയായിരിയ്ക്കും? 5
അന്തരിക്ഷത്തില്‍ ആഹ്ലാദിയ്ക്കുന്ന ഇവരിരുവരെ മനുഷ്യദ്രഷ്ടാവായ കവി നോക്കിപ്പോരുന്നു: ഒരേ കർമ്മംകൊണ്ട് ഉള്ളിണങ്ങിയ ഇവർ പക്ഷിക്കൂടെന്നപോലെ പല തരത്തിലുള്ള സ്ഥാനം നിർമ്മിച്ചിരിയ്ക്കുന്നു. 6
ഉള്ളിണങ്ങിയവരും വേര്‍പെട്ടവരും അറുതിയില്ലാത്തവരുമായ ഇവര്‍ അനശ്വരപദത്തില്‍ ഉണര്‍വോടേ സ്ഥിതിചെയ്യുന്നു: സഹോദരിമാരാണ്, ഈ തരുണികൾ; അതിനാല്‍ ഇരട്ടപ്പേരുകൾകൊണ്ടു വ്യവഹരിയ്ക്കപ്പെടുന്നു. 7
ഇവര്‍ ഭൂതജാതത്തെയെല്ലാം വേര്‍തിരിച്ചിരിയ്ക്കുന്നു; ദേവന്മാരെയും മഹത്തുക്കളെയും തളർച്ച കൂടാതെ വഹിയ്ക്കുന്നു. ജംഗമവും സ്ഥാവരയുമായ ജഗത്തു് ഒന്നില്‍ വർത്തിയ്ക്കുന്നു; നടക്കുന്നതും ചിറകുള്ളതും നാനാരൂപമായി നടുവില്‍ വർത്തിയ്ക്കുന്നു. 8
പാലിയ്ക്കുന്ന മഹതിയായ മാതാവും ഞങ്ങളും തമ്മില്‍ പണ്ടേയുള്ള സനാതനമായ ആ ചാർച്ചയെ ഞാനിപ്പോൾ സ്മരിയ്ക്കുന്നു. ഈ ദ്യോവിന്റെ മധ്യത്തില്‍ വിവിക്തമായ വിശാലമാർഗ്ഗത്തിലത്രേ, സ്തുതിയ്ക്കുന്ന ദേവന്മാര്‍ സ്വവാഹനങ്ങളോടേ പാർപ്പുറപ്പിച്ചത്! 9
ദ്യാവാപൃഥിവികളേ, ഈ സ്തോത്രം ഞാന്‍ ചൊല്ലുന്നു: മൃദുവായ വയറും അഗ്നിയാകുന്ന നാവുമായി തുലോം വിളങ്ങുന്ന യുവാക്കളും കവികളും കർമ്മിഷ്ഠരുമായ മിത്രവരുണാദിദേവന്മാര്‍ കേട്ടരുളട്ടെ! 10
സ്വർണ്ണപാണിയും ശോഭനജിഹ്വനുമായ സവിതാവു യാഗത്തില്‍ മൂന്നുരു വാനത്തുനിന്നു വന്നണയുന്നു: സവിതാവേ, അവിടുന്നു സ്തോതാക്കളുടെ സ്തോത്രം ശ്രവിയ്ക്കുക; എന്നിട്ടു ഞങ്ങൾക്കു സർവഫലവും കിട്ടിയ്ക്കുക! 11
നന്നായി സൃഷ്ടിച്ചവനും ശോഭനഹസ്തനും ധനവാനും സത്യസങ്കല്പനുമായ ദേവന്‍ ത്വഷ്ടാവ് അതൊക്കെ രക്ഷയ്ക്കായി ഞങ്ങൾക്കു തരട്ടെ! ഋഭുക്കളേ, നിങ്ങൾ പൂഷാവോടുകൂടി ഇമ്പപ്പെടുത്തുവിന്‍: അമ്മിക്കുഴ പൊക്കി, യാഗം തുടങ്ങിയിരിയ്ക്കുന്നു! 12
മിന്നല്ക്കൊത്ത തേരോടും ചുരികയോടുംകൂടി വിളങ്ങുന്നവരും, കൊല്ലുന്നവരും, ജലോല്‍പാദകരും, സഞ്ചാരശീലരും, യജ്ഞാർഹരുമായ മരുത്തുക്കളും സരസ്വതിയും കേൾക്കുവിൻ; സത്വരം വീരസമേതമായ ധനം തന്നരുളുവിൻ! 13
ധനകാരികൾപോലിരിയ്ക്കുന്ന സ്തോമങ്ങളും ശസ്ത്രങ്ങളും യജ്ഞത്തില്‍ ബഹുകർമ്മാവായ വിഷ്ണുവിങ്കല്‍ ചെന്നണയട്ടെ: അദ്ദേഹത്തിന്റെ തൃക്കാല്‍വെപ്പു വമ്പിച്ചതാണല്ലോ; തന്റെ ചൊല്ക്കീഴിലാണ്, ജനിപ്പിയ്ക്കുന്ന യുവതികളായ ദിക്കുകളെല്ലാം! 14
എല്ലാ വീര്യങ്ങളും വന്നിണങ്ങുന്ന ഇന്ദ്രന്‍ മഹിമാവുകൊണ്ടു വാനൂഴികൾ രണ്ടിനെയും നിറച്ചു; പുരന്ദരനും വൃത്രഹന്താവും ധർഷകസേനാന്വിതനുമായ നിന്തിരുവടി ഞങ്ങൾക്കു വളരെപ്പശുക്കളെ സംഭരിച്ചുതന്നാലും! 15
നാസത്യരേ, ബന്ധുക്കളോടു ചോദിയ്ക്കുന്ന നിങ്ങളിരുവരും എന്നെ രക്ഷിയ്ക്കുമാറാകണം. അശ്വികളുടെ ചേർച്ച എത്ര കമനീയം! ധനങ്ങളില്‍വെച്ചു മികച്ച ധനം ഞങ്ങൾക്കു തരുന്നവരാണല്ലോ, നിങ്ങൾ; തിരസ്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത നിങ്ങൾ ഹവിർദ്ദാതാവിനെ സല്‍ക്കർമ്മംകൊണ്ടു രക്ഷിയ്ക്കണം! 16
കവികളേ, നിങ്ങളുടെ ആ കനത്ത കർമ്മം കമനീയംതന്നെ: നിങ്ങളെല്ലാവരും ഇന്ദ്രലോകത്തു ദേവന്മാരായല്ലോ! പുരുഹൂത, പ്രിയപ്പെട്ട ഋഭുക്കൾക്ക് ഒരു സഖാവാണല്ലോ, അങ്ങ്. നിങ്ങള്‍ ഈ സ്തുതിയെ ഞങ്ങള്‍ക്കു ധനം കിട്ടാന്‍ സ്വീകരിച്ചാലും! 17
സൂര്യൻ, അദിതി, യജ്ഞാർഹര്‍, അനപായകർമ്മാവായ വരുണൻ എന്നിവര്‍ ഞങ്ങളെ രക്ഷിയ്ക്കട്ടെ: നിങ്ങൾ ഞങ്ങളുടെ വഴിയില്‍ നിന്ന് അധഃപതനങ്ങളെ നീക്കിയാലും; ഞങ്ങളുടെ ഗൃഹത്തില്‍ സന്തതിയും പശുക്കളുമുണ്ടാകട്ടെ! 18
വളരെയാളുകളാല്‍ അയയ്ക്കപ്പെടുന്ന ദേവദൂതൻ, ഞങ്ങൾ അനപരാധരാണെന്ന് എല്ലാടത്തും അരുളിചെയ്യട്ടെ! ഭൂവും ദ്യോവും ജലവും സൂര്യനും നക്ഷത്രങ്ങൾ നിറഞ്ഞ അത്തരിക്ഷവും ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ! 19
നിലയിളകാത്ത വൃഷാക്കളായ പർവതങ്ങൾ ഹവിസ്സിനാല്‍ മത്തുപിടിച്ചു ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ; പുത്രാന്വിതയായ അദിതിയും ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ; മരുത്തുക്കൾ ഞങ്ങൾക്കു മംഗളകരമായ സുഖം തരട്ടെ! 20
ഞങ്ങളുടെ മാർഗ്ഗം സദാ സുഗമവും അന്നയുക്തവുമായിബ്ഭവിയ്ക്കട്ടെ; ദേവന്മാരേ, നിങ്ങൾ സസ്യങ്ങളെ മധുരജലംകൊണ്ടു നനയ്ക്കുവിന്‍; അഗ്നേ, എന്റെ ധനം നശിയ്ക്കാതിരിയ്ക്കാൻ സഹായിയ്ക്കുക; ഞാന്‍ സമ്പത്തിന്റെയും വളരെ അന്നത്തിന്റെയും സ്ഥാനത്ത് എത്തിച്ചേരുമാറാകണം! 21
അഗ്നേ, അങ്ങ് ഹവിസ്സാസ്വദിയ്ക്കുക; അന്നം കാട്ടിത്തരിക – ഭക്ഷ്യങ്ങളെ ഞങ്ങളുടെ മുമ്പിലെത്തിയ്ക്കുക; യുദ്ധങ്ങളില്‍ ആ ശത്രുക്കളെയെല്ലാം ജയിയ്ക്കുക; മനംതെളിഞ്ഞു, ഞങ്ങളുടെ എല്ലാദ്ദിവസങ്ങളെയും ശോഭിപ്പിയ്ക്കുക! 22
[1] അഗ്നിയെപ്പറ്റി: അടക്കാന്‍ പോന്ന – ശത്രുദമനസമർത്ഥമായ.
[2] സ്തോതാവിനോട്: കൊതിച്ചു – സർവഭോഗങ്ങളെയും ഇച്ഛിച്ചു. ഇവരെ – ദ്യാവാപൃഥിവികളെ. പൂജനേച്ഛുക്കൾ – നമ്മുടെ പൂജ ഇച്ഛിയ്ക്കുന്നവര്‍.
[3] രത്നം – ശ്രേഷ്ഠധനം.
[4] സൂനൃതഭാഷികൾ – ഋഷിമാര്‍.
[5] കീഴ്പോട്ടുനോക്കുന്ന സ്ഥാനങ്ങൾ – നക്ഷത്രങ്ങൾ.
[6] ഇവരിരുവരെ – ദ്യാവാപൃഥിവികളെ. കവി – സൂര്യൻ. ഒരേകർമ്മം – അന്യോന്യപ്രീണനം.
[7] വേര്‍പെട്ടവര്‍ – തമ്മിലകന്നുനില്ക്കുന്നവര്‍. അനശ്വരപദത്തില്‍ – അന്തരിക്ഷത്തില്‍. ഇരട്ടപ്പേരുകൾ – ദ്യാവാപൃഥിവികൾ മുതലായ പേരുകൾ.
[8] ഒന്നില്‍ – പൃഥിവിയില്‍. നടുവില്‍ – അന്തരിക്ഷത്തില്‍.
[9] മാതാവ് – ദ്യോവ്. സ്തുതിയ്ക്കുന്ന – ദ്യോവിനെ.
[11] സ്വർണ്ണപാണി – സവിതാവിന്റെ കൈപ്പടങ്ങൾ ഒരിയ്ക്കല്‍ മുറിഞ്ഞു പോയെന്നും, അവ അധര്യുക്കൾ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കി പിടിപ്പിച്ചു എന്നും ഒരു കഥയുണ്ട്; ഞങ്ങൾക്കു തരാൻ സ്വർണ്ണം കയ്യില്‍ വെച്ചവന്‍ എന്നുമാകാം.
[12] അതൊക്കെ – ഞങ്ങൾ അപേക്ഷിച്ചതെല്ലാം. ഇമ്പപ്പെടുത്തുവിന്‍ – ധനം തന്നു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കുവിൻ.
[13] കൊല്ലുന്നവര്‍ – വൈരികളെ. വീരസമേതം – പുത്രസഹിതം.
[14] ധനകാരികൾപോലിരിയ്ക്കുന്ന – ധനമുണ്ടാക്കിത്തരുന്ന, ജനിപ്പിയ്ക്കുന്ന – സർവജനയിത്രികളായ.
[15] പുരന്ദരനും എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷം:
[16] ബന്ധുക്കളോടു ചോദിയ്ക്കുന്ന – ഹവിഷ്പ്രദാനത്താല്‍ ബന്ധുക്കളായിത്തീർന്ന ഞങ്ങളോട്, ‘എന്തു വേണം?’ എന്നു ചോദിയ്ക്കുന്ന. തിരസ്കരിയ്ക്കുപ്പെട്ടിട്ടില്ലാത്ത – ആരും തള്ളിയിട്ടില്ലാത്ത, എല്ലാവരും മാനിച്ച.
[17] കവികൾ – ദേവന്മാര്‍.
[18] യജ്ഞാർഹര്‍ – ദേവന്മാർ. രണ്ടും മൂന്നും വാക്യം പ്രത്യക്ഷം; അധഃപതനങ്ങൾ – തൽകാരണങ്ങളായ കർമ്മങ്ങൾ.
[19] വളരെയാളുകളാല്‍ – വളരെ യജമാനന്മാരാല്‍.
[20] പർവതങ്ങൾ – ഗ്രാവാഭിമാനിദേവകൾ.
[22] ആ – ഉപദ്രവിയ്ക്കുന്ന. ശോഭിപ്പിയ്ക്കുക – കർമ്മയോഗ്യങ്ങളാക്കുക എന്നർത്ഥം.