പ്രജാപതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
മുൻവന്ന ഉഷസ്സു പുലർന്നാൽ, ഉദകപദത്തില്‍ അക്ഷയമായ ജ്യോതിസ്സുദിയ്ക്കുന്നു. അതോടേ യജമാനന്‍ കർമ്മങ്ങളെ ദേവന്മാരിലെത്തിയ്ക്കും. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 1
അഗ്നേ, ഈ സമയത്തു ഭേവന്മാരോ, അവരില്‍ച്ചെന്നുചേർന്ന പൂർവപിതാക്കന്മാരോ ഞങ്ങളെ തെല്ലും ഉപദ്രവിയ്ക്കുരുത്: രണ്ടു പുരാതനസ്ഥാനങ്ങളുടെ ഇടയില്‍ സൂര്യന്‍ ഉദിയ്ക്കുകയായി. ദേവന്മാരുടെ ഉറ്റപ്രാബല്യം വലുതുതന്നെ! 2
എന്റെ വളരെ അഭിലാഷങ്ങൾ നാനാപ്രകാരേണ നടക്കുകയാണ്; കർമ്മത്തിന്നായി ഞാന്‍ പുരാതനസ്തോത്രങ്ങളെ ഉദ്ദീപിപ്പിയ്ക്കന്നു. അഗ്നിയെ ജ്വലിപ്പിച്ചുകഴിഞ്ഞാല്‍, ഞങ്ങൾ സത്യമേ പറയൂ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 3
വളരെയിടങ്ങളില്‍ വാഴിയ്ക്കപ്പെട്ട സർവസാധാരണനായ രാജാവു വേദികളില്‍ പള്ളികൊള്ളുന്നു; വനങ്ങളില്‍ വേര്‍തിരിഞ്ഞു വർത്തിയ്ക്കുന്നു. അമ്മമാരിരുവരില്‍ ഒരുവൾ കുഞ്ഞിനെ പോററുന്നു; മറ്റവൾ എടുക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 4
പഴയവയെ വിട്ടു പുതിയവയോടിണങ്ങുന്നവൻ അപ്പോൾപ്പിറന്ന തരുണികളില്‍ കടന്നുകൂടുന്നു; അവര്‍ ‘ആരുമില്ലാതെ’ ഗർഭം ധരിച്ചു പ്രസവിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 5
രണ്ടമ്മമാരുടെ ഒറ്റമകന്‍ പടിഞ്ഞാറു പള്ളികൊള്ളുന്നു; പിന്നെ, തടവില്ലാതെ നടക്കുന്നു; മിത്രന്റെയും വരുണനന്റെയും പണിയാണിത്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 6
ഇരുലോകങ്ങൾ നിർമ്മിച്ച, യജ്ഞങ്ങളില്‍ ഹോതാവായ സമ്രാട്ട് മുകളില്‍ സഞ്ചരിയ്ക്കുന്നു; മൂലഭൂതനായി ഭൂമിയില്‍ മേവുന്നു. രമ്യവചനന്മാര്‍ രമ്യങ്ങൾ പാടുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 7
പൊരുതുന്ന ശുരനെ എന്നപോലെ, സമീപത്തിരിയ്ക്കുന്ന അഗ്നിയെ നേരിടുന്നവരെല്ലാം പിന്മാറുന്നതു കാണാം. ആ വിദിതൻ വെള്ളത്തിന്റെ ഉള്ളില്‍ കെടാതെ സ്ഥിതിചെയ്യുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 8
ആ നരച്ച ദൂതനായ മഹാന്‍ ഓഷധികളില്‍ വ്യാപിച്ചുവാഴുന്നു; സൂര്യനോടൊപ്പം നടുവില്‍ നടക്കുന്നു; നാനാരൂപങ്ങൾ പൂണ്ടു നമ്മെ തൃക്കണ്‍പാർക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 9
വ്യാപിയായി, പാലകനായി, പ്രിയപ്പെട്ട അക്ഷയതേജസ്സുകൾ പൂണ്ടവനായ അഗ്നി പരമപദത്തെ പാലിച്ചുപോരുന്നു; അവിടെയ്ക്കറിയാം, ഉലകൊക്കെ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 10
ഇണയായ ഇരുവര്‍ നാനാരൂപങ്ങൾ ധരിയ്ക്കുന്നു: കറുത്തവളും വെളുത്തവളുമായ സഹോദരിമാരാണവര്‍; ഒന്നു വിളങ്ങുന്നു; മറ്റതു കറുത്തതാണ്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 11
അമ്മയും മകളുമായി രണ്ടു കറവപ്പൈക്കൾ തമ്മില്‍ച്ചേർന്നു പാല്‍ കുടിപ്പിയ്ക്കുന്നുണ്ടല്ലോ; അവരെ ഞാന്‍ യാഗശാലയ്ക്കുള്ളിലിരുന്നു സ്തുതിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 12
ഒരു പയ്യ് മറ്റതിന്റെ കുട്ടിയെ നക്കി നിലവിളിയ്ക്കുന്നു; അവളുടെ അകിട്ടില്‍ വരണ്ട ഭൂമി വെള്ളം തളിയ്ക്കുന്നു ആ പൃഥിവിയെ സൂര്യന്‍ ജലംകൊണ്ടു കഴുകുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതു തന്നെ! 13
വിവിധരൂപങ്ങളുടുത്ത ഭൂമി ഉയർന്നുനിന്ന്, ഒന്നരവയസ്സുചെന്ന കുട്ടിയെ നക്കുന്നു; ആ സത്യഭൂതന്റെ ഇരിപ്പിടത്തെ അറിയുന്ന ഞാന്‍ പരിചരിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 14
ദർശനീയങ്ങളായ രാപകലുകൾ ആകാശമധ്യത്തില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു: അവയില്‍ ഒന്നു നിഗൂഢമാണു്; മറ്റതു പ്രകടവും. അവ രണ്ടിന്റെയും ചേർച്ച സർവരിലും വ്യാപിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 15
കറക്കപ്പെടാതെ കുട്ടിയില്ലാതെ കിടക്കുന്ന, പാല്‍ ചുരത്തുന്ന, അതിനൂതനകളായ, യുവതികളായ ധേനുക്കൾ പാല്‍ തരുമാറാകട്ടെ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 16
യാതൊരു വൃഷഭന്‍ ഒരേടത്തു മുക്രയിടുകയും മറ്റൊരേടത്തു രേതസ്സൊഴുക്കുകയും ചെയ്യുന്നുവോ; അദ്ദേഹം തട്ടിനീക്കുന്നവനാകുന്നു, അദ്ദേഹം ഭഗനാകുന്നു, അദ്ദേഹം രാജാവാകുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 17
ആളുകളേ, വീരന്റെ ശോഭനാശ്വങ്ങളെ നാം ശീഘ്രം വർണ്ണിയ്ക്കുക. ഇതു ദേവകൾക്കറിയാം: അവ ആറെണ്ണം അഞ്ചഞ്ചായി പൂട്ടപ്പെട്ട് അദ്ദേഹത്തെ വഹിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 18
സവിതാവായ, വിശ്വരൂപനായ, ദേവന്‍ ത്വഷ്ടാവു പലതരത്തില്‍ പ്രജകളെ ഉല്‍പ്പാദിപ്പിയ്ക്കുന്നു, പോററുന്നു; ഈ ഭുവനങ്ങളൊക്കെ അദ്ദേഹത്തിന്റെയാണ്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതു തന്നെ! 19
ആഹാരം നല്കുന്ന സമ്മിളിതകളായ രണ്ടു മഹതികളെ ഇന്ദ്രൻ കുടുംബിനികളാക്കി; അവര്‍ക്കെങ്ങുമുണ്ട്, ഇദ്ദേഹത്തിന്റെ ധനം. ആ വീരന്‍ സമ്പത്തു കീഴടക്കുമെന്നാണല്ലോ, കേൾവി. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 20
വിശ്വകർത്താവായ നമ്മുടെ തമ്പുരാന്‍ ഈ ഭൂമിയുടെയും അന്തരിക്ഷത്തിന്റെയും അടുക്കല്‍ ഒരു ഹിതകാരിയായ സ്നേഹിതൻപോലെ വാണരുളുന്നു; തന്റെ അരമനയില്‍, മുന്നാളികളായ വീരന്മാരുമുണ്ട്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 21
ഇന്ദ്ര, അവിടുന്നാണ്, സസ്യങ്ങളെ വളർത്തുന്നതും, വെള്ളം വീഴ്ത്തുന്നതും; അങ്ങയ്ക്കായി ഭൂമി ധനം സൂക്ഷിയ്ക്കുന്നു. ഞങ്ങൾ അങ്ങയുടെ സഖാക്കളായി സമ്പത്തു നേടേണമേ! ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 22
[1] മുൻ – സൂര്യോദയത്തിനുമുമ്പ്. ഉദകപദം = ജലങ്ങളുടെ ഇരിപ്പിടം, സമുദ്രം; അല്ലെങ്കില്‍ ആകാശം. ജ്യോതിസ്സ് – സൂര്യൻ.
[2] രണ്ടു പുരാതനസ്ഥാനങ്ങൾ – ദ്യാവാപൃഥിവികൾ.
[3] ഉദ്ദീപിപ്പിയ്ക്കുന്നു – പാടുന്നു എന്നു സാരം. സത്യമേ പറയൂ – അസത്യം പറഞ്ഞാല്‍ യജ്ഞത്തിന്നു ദോഷം പറ്റും.
[4] സർവസാധാരണൻ – എല്ലാവരുടെയുമാണല്ലോ, അഗ്നി. രാജാവ് – അഗ്നി. വനങ്ങൾ – മരങ്ങൾ, അരണികൾ. അമ്മമാർ – ദ്യാവാപൃഥിവികൾ. ഒരുവൾ – ദ്യോവ്. മറ്റവൾ – പൃഥിവി.
[5] സസ്യങ്ങളില്‍ വ്യാപരിയ്ക്കുന്ന അഗ്നിയെപ്പററി: പഴയവയും മറ്റും ഓഷധികൾതന്നെ. ‘ആരുമില്ലാതെ’ – ഭർത്താവില്ലാതെ. പ്രസവിയ്ക്കുന്നു – പുഷ്പഫലാദികളെ ജനിപ്പിയ്ക്കുന്നു.
[6] രണ്ടമ്മമാരുടെ (ദ്യാവാപൃഥിവികളുടെ) ഒറ്റ മകന്‍ (സൂര്യന്‍) പടിഞ്ഞാറു പള്ളികൊള്ളുന്നു – അസ്തമയത്തില്‍. പിന്നെ – ഉദയത്തില്‍.
[7] സമ്രാട്ട് – അഗ്നി. മുകളില്‍ സഞ്ചരിയ്ക്കുന്നു – സൂര്യരൂപേണ. മൂലഭൂതന്‍ – എല്ലാക്കർമ്മങ്ങളുടെയും. രമ്യവചനന്മാര്‍ – സ്തോതാക്കൾ. രമ്യങ്ങൾ – രമണീയസ്തോത്രങ്ങൾ.
[8] കെടാതെ – വൈദ്യതാഗ്നിയായി.
[9] നരച്ച – പ്രായമേറിയ. നടുവില്‍ – വാനൂഴിമധ്യത്തില്‍.
[10] പരമപദം = ഉത്തമസ്ഥാനം, അന്തരിക്ഷം.
[11] ഇണയായ ഇരുവര്‍ – പകലും രാത്രിയും. നാനാരൂപങ്ങൾ – വെളുപ്പും കറുപ്പും മറ്റും. ഒന്നു – പകൽ. മറ്റതു – രാത്രി.
[12] അമ്മ – ഭൂവ്. മകൾ – ദ്യോവ്. പാല്‍ കുടിപ്പിയ്ക്കുന്നു – ഭൂവ് ആഹുതിയാകുന്ന രസം ദ്യോവിനെയും, ദ്യോവു വൃഷ്ടിയാകുന്ന രസം ഭൂവിനെയും കുടിപ്പിയ്ക്കുന്നു.
[13] ഒരു പയ്യ് – ദ്യോവ്. മറ്റതിന്റെ കുട്ടിയെ – ഭൂവിന്റെ കുട്ടിയായ അഗ്നിയെ. നക്കി – ജലധാരയാകുന്ന നാവുകൊണ്ട്. നിലവിളിയ്ക്കുന്നു – ഉമ്പയിടുന്നു, ഇടിവെട്ടുന്നു. അവളുടെ അകിട്ടില്‍ – ദ്യോവാകുന്ന പയ്യിന്റെ അകിട്ടില്‍, മേഘത്തില്‍. വെള്ളം തളിയ്ക്കുന്നു – നീരാവി ചേർക്കുന്നു.
[14] വിവിധരുപങ്ങളുടുത്ത – സ്ഥാവരജംഗമരൂപങ്ങളെ ധരിച്ച. ഉയർന്നുനിന്ന് – യജ്ഞവേദിയായിച്ചമഞ്ഞ്. ഒന്നരവയസ്സുചെന്ന കുട്ടിയെ – അത്രപോന്ന സൂര്യനെ. ആ സത്യഭൂതൻ – സൂര്യൻ. പരിചരിയ്ക്കുന്നു – സൂര്യന്നു ഹവിസ്സുകൾ അർപ്പിയ്ക്കുന്നു.
[15] ഒന്നു – രാത്രി. മറ്റതു – പകല്‍.
[16] ധേനുക്കൾ – ദിക്കുക്കൾക്കു ധേനുത്വം കല്പിച്ചിരിയ്ക്കുയാണ്. പാല്‍ – വർഷജലം; മഴ ശരിയ്ക്കുണ്ടാകട്ടേ എന്നു താല്‍പര്യം.
[17] വൃഷഭന്‍ – വൃഷാവ്; കാളയെന്നും. ഒരേടത്തു – ചില ദിക്കുകളില്‍. മുക്രയിടല്‍ – ഇടിവെട്ടുക. മറെറാരേടത്തു – മറ്റുദിക്കുകളില്‍. രേതസ്സ് – വർഷജലം. കാള ഒരു പൈക്കൂട്ടത്തില്‍ മുക്രയിടും; മറ്റു പൈക്കളില്‍ രേതസ്സൊഴുക്കും. അദ്ദേഹം – പർജ്ജന്യരൂപനായ ഇന്ദ്രന്‍. തട്ടിനീക്കുന്നവൻ – ശത്രുക്കളെ. ഭഗന്‍ – ഭജനീയന്‍. രാജാവ് കർമ്മാനുരൂപമായ ഫലം നല്കുന്ന അരചന്‍.
[18] സ്തോതാക്കളോട്: വീരൻ – ഇന്ദ്രന്‍. ഇതു – ഇന്ദാശ്വങ്ങളടെ ശോഭനത്വം. ആറ് ഋതുക്കളത്രേ ഇന്ദ്രാശ്വങ്ങൾ; അവ അഞ്ചായതു, ഹേമന്ത – ശിശിരങ്ങളെ ഒന്നാക്കിയതിനാലാകുന്നു. അദ്ദേഹത്തെ – കാലസ്വരൂപനായ ഇന്ദ്രനെ.
[20] രണ്ടു മഹതികൾ – ദ്യാവാപൃഥിവികൾ. കുടുംബിനികൾ – പ്രജാപശ്വാദിയായ കുടുംബത്തോടുകൂടിയവര്‍. സമ്പത്തു – ശത്രുക്കളുടെ.
[21] തമ്പുരാന്‍ – ഇന്ദ്രന്‍. വീരന്മാര്‍ – മരുത്തുക്കൾ