വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.
ധേനുവായ ഉഷസ്സു പുരാതനന്നു നറുംപാൽ ചുരത്തുന്നു; ആ ഉദാരയുടെ മകന്‍ അകത്തു നടക്കുന്നു. പിന്നീടു, വെളുപ്പോടേ വന്നവന്‍ പ്രകാശകനെ വഹിയ്ക്കുന്നു; അശ്വികളെ, സ്തുതിപ്പാൻ ആളുകൾ ഉഷസ്സിനുമുമ്പ് ഉണർന്നെഴുനേല്ക്കുന്നു! 1
ശരിയ്ക്കു പൂട്ടിയ സത്യരഥം നിങ്ങളെ വഹിയ്ക്കുന്നു. അച്ഛനമ്മമാരുടെ നേർക്കെന്നപോലെ, യാഗങ്ങൾ പൊങ്ങുന്നു. നിങ്ങൾ അസുരബുദ്ധിയെ ഞങ്ങളില്‍നിന്നകറ്റുവിൻ: ഞങ്ങൾ നിങ്ങൾക്ക് അന്നമൊരുക്കാം; ഇങ്ങോട്ടു വരുവിന്‍! 2
ദസ്രരേ, നിങ്ങൾ കുതിരകളെ ശരിയ്ക്കു പൂട്ടിയ, നല്ല ചക്രങ്ങളുള്ള തേരിലൂടേ വന്നു, സ്തോതാവിന്റെ ഈ സ്തോത്രം കേട്ടാലും: അശ്വികളേ, പണ്ടേത്തെ മേധാവികൾ (ഞങ്ങളുടെ) വറുതിയെപ്പററി നിങ്ങളോടു, വേഗത്തില്‍പ്പോകണമെന്നു പറയുമാറില്ലയോ? 3
അശ്വികളേ, ഇതില്‍ മനുസ്സുവെയ്ക്കില്ലേ? കുതിരകളോടുകൂടിവന്നെത്തുവിൻ; ആളുകളെല്ലാം നിങ്ങളെ വിളിയ്ക്കുന്നു. ഇതാ, നിങ്ങൾക്കു പാല്‍ പകർന്ന മധു ഞങ്ങൾ, ചങ്ങാതികൾപോലെ തരുന്നു; സൂര്യന്‍ ഉദിയ്ക്കുകയായി! 4
അശ്വികളേ, വളരെയിടങ്ങളെ തിരസ്ക്കരിയ്ക്കുന്ന നിങ്ങൾ ദേവകളുടെ സഞ്ചരണമാർഗ്ഗങ്ങളിലുടേ ഇങ്ങോട്ടു വന്നാലും: ധനവാന്മാരേ, ആളുകളുടെ ഇടയില്‍ നിങ്ങളെക്കുറിച്ചുള്ള സ്തുതി മുഴങ്ങുന്നു. ദസ്രരേ, ഇതാ, നിങ്ങൾക്കു മധുപാത്രങ്ങൾ! 5
അശ്വികളേ, നിങ്ങളുടെ പഴയ സഖ്യം സേവനീയമാണ്, ശുഭകരമാണ്. നേതാക്കളേ, നിങ്ങളുടെ ധനം ജഹ്നുവംശത്തിലിരിയ്ക്കുന്നു. ഞങ്ങൾ നിങ്ങളുടെ ശുഭകരമായ സഖ്യം വീണ്ടുമുണ്ടാക്കി ഐക്യംപൂണ്ടു വേഗത്തില്‍ നിങ്ങളെ ഒപ്പം മധുകൊണ്ടു മത്തുപിടിപ്പിയ്ക്കാം! 6
നല്ല ത്രാണിയുള്ള യുവാക്കളേ, നാസത്യരേ, നന്മ നല്കുന്നവരേ, അശ്വികളേ, നിങ്ങൾ വായുവിനോടും നിയുത്തുക്കളോടും കൂടി പ്രീതരായി തളരാതെ പകലറുതിയിലെ സോമം കുടിച്ചുകൊണ്ടാലും! 7
അശ്വികളേ, വളരെയന്നങ്ങൾ നിങ്ങളെ ചുഴലുന്നു; മാനിതരായ കർമ്മികൾ സ്തുതികളാൽ പരിചരിയ്ക്കുന്നു. സ്തോതാക്കളാല്‍ ആകർഷിയ്ക്കപ്പെട്ട ജലോല്‍പാദകമായ നിങ്ങളുടെ രഥം വാനൂഴികളിലെങ്ങും ഉടനടി നടക്കുമല്ലോ! 8
അശ്വികളേ, ഏറ്റവും മാധുര്യമുള്ള സോമം നിങ്ങളെ കാത്തിരിയ്ക്കുന്നു. അതു കുടിപ്പാന്‍ ഗൃഹത്തില്‍ വരുവിന്‍: വളരെദ്ധനത്തെ വീണ്ടും വിണ്ടും ഉല്‍പ്പാദിപ്പിയ്ക്കുന്ന നിങ്ങളുടെ രഥം സോമം പിഴിയുന്നവന്റെ വിശുദ്ധാലയത്തില്‍ നിരന്തരം ചെല്ലാറുള്ളതാണല്ലോ! 9
[1] ധേനുശബ്ദത്തിന്നു പ്രീതികാരിണി എന്നും, കറവുപയ്യ് എന്നും രണ്ടർത്ഥം. പുരാതനൻ – അഗ്നി. നറുംപാല്‍ ചുരത്തുന്നു – ഉഷസ്സില്‍ത്തുടങ്ങുമല്ലോ, ഹോമം. മകന്‍ – സൂര്യൻ; സൂര്യനെ ഉല്‍പാദിപ്പിയ്ക്കുന്നത്, ഉഷസ്സാണല്ലോ. വെളുപ്പോടേ വന്നവന്‍ – പകല്‍. പ്രകാശകൻ – സൂര്യൻ.
[2] അശ്വികളോടു പ്രത്യക്ഷവചനം: വഹിയ്ക്കുന്നു – യജനസ്ഥലത്തെയ്ക്കുവരാന്‍. അച്ഛുനമ്മമാരുടെനേർക്കു കുട്ടികൾ ‘എത്തിവലിഞ്ഞു’ നില്ക്കുന്നതുപോലെ, യാഗങ്ങൾ നിങ്ങളുടെ അടുക്കലെയ്ക്കുയരുന്നു; അവയ്ക്കു നിങ്ങളെ പ്രാപിപ്പാന്‍ വലിയ വെമ്പല്‍.
[3] വേഗത്തില്‍ പോകണമെന്നു – വേഗത്തില്‍ പോന്നു, ഞങ്ങളുടെ വറുതി തീർക്കണമെന്നു പറയാറുണ്ടാവും; അതിനാല്‍ വരുവിന്‍.
[4] ഇതില്‍ – എന്റെ സ്തുതിയിൽ. ആളുകൾ – സ്തോതാക്കൾ. മധു – മാദകമായ സോമം.
[5] തിരസ്കരിയ്ക്കുന്ന – സ്വതേജസ്സുകൊണ്ട് അധ:കരിയ്ക്കുന്ന.
[6] ജഹ്നുവംശത്തിലിരിയ്ക്കുന്നു – ജഹ്നുഗോത്രക്കാര്‍ അശ്വികളടെ പ്രീതി നേടിയവരായിരുന്നു.
[8] ഉടനടി – സ്തുതിയ്ക്കപ്പെട്ട ക്ഷണത്തില്‍. ഗൃഹത്തില്‍ – ഞങ്ങളുടെ യാഗശാലയില്‍.