വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടപ്പും ഗായത്രിയും ഛന്ദസ്സ്; മിത്രന്‍ ദേവത.
സ്തുതിയ്ക്കപ്പെടുന്ന മിത്രന്‍ ആളുകളെ പ്രയത്നിപ്പിയ്ക്കുന്നു; മിത്രൻ ഭൂവിനെയും ദ്യോവിനെയും നിലനിർത്തുന്നു; മിത്രൻ തൊഴില്ക്കാരെ കണ്ണിമയ്ക്കാതെ നോക്കുന്നു. നിങ്ങൾ മിത്രന്നു നൈ ചേർന്ന ഹവ്യം ഹോമിയ്ക്കുവിന്‍! 1
ആദിത്യ, കർമ്മവാനായ യാതൊരു മനുഷ്യന്‍ അങ്ങയ്ക്കു നല്കുന്നുവോ; മിത്ര, അവന്നു ധാരാളം അന്നമുണ്ടായിവരട്ടെ! ഭവാന്റെ രക്ഷയാല്‍ അവന്നു പീഡയോ തോല്‍വിയോ പറ്റില്ല; അവനെ ചാരത്തു നിന്നോ ദൂരത്തുനിന്നോ പാപം ബാധിയ്ക്കില്ല! 2
അരോഗരായി, അന്നംകൊണ്ടു സംതൃപ്തരായി, ഭൂമിയുടെ വിശാലപ്രദേശത്തു സഞ്ചരിച്ച്, ആദിത്യകർമ്മത്തില്‍ സംബന്ധിച്ചുകൊണ്ടു ഞങ്ങൾ മിത്രന്റെ നന്മനസ്സില്‍ വർത്തിയ്ക്കുമാറാകണം! 3
നമസ്കരണീയനും സുസേവ്യനും രാജാവും ബലവാനും വിധാതാവുമായി പിറന്നവനാണ് ഈ മിത്രന്‍; ഞങ്ങൾ ഈ യജനീയന്റെ തിരുവുള്ളത്തില്‍ – മംഗളകരമായ സൌമനസ്യത്തില്‍ – വർത്തിയ്ക്കുമാറാകില്ലയോ! 4
വണങ്ങിസ്സമീപിയ്ക്കപ്പെടേണ്ടവനും, ആളുകളെ പ്രയത്നിപ്പിയ്ക്കുന്നവനും, സ്തോതാവിന്നു സുഖപ്രദനുമാണ്, മഹാനായ ആദിത്യൻ; ആ പരമസ്തുത്യനായ മിത്രന്നു നിങ്ങൾ ഈ പ്രീതികരമായ ഹവിസ്സ് അഗ്നിയില്‍ ഹോമിയ്ക്കുവിന്‍! 5
മനുഷ്യരെ പോററുന്ന മിത്രദേവന്റെ അന്നം സേവനീയവും, ധനം തുലോം മാന്യയശസ്സോടുകൂടിയതുമാകുന്നു! 6
മഹിമാവുകൊണ്ട് അന്തരിക്ഷത്തെ കിഴ്പെടുത്തിയ കീർത്തിമാനായ മിത്രൻ അന്നങ്ങൾകൊണ്ടു ഭൂമിയെയും കീഴ്പെടുത്തി! 7
ചെറുക്കുന്ന കെല്പുള്ള മിത്രന്നു പഞ്ചജനങ്ങൾ ഹവിസ്സർപ്പിച്ചു പോരുന്നു; ദേവകളെയെല്ലാം ഭരിയ്ക്കുന്നത്, അദ്ദേഹമത്രേ. 8
തേജസ്സുള്ള മനുഷ്യരില്‍വെച്ചു, ദർഭ മുറിയ്ക്കുന്നവനാരോ; അവന്നു മിത്രന്‍ നല്ല കർമ്മങ്ങൾക്കുതകുന്ന അന്നം കല്പിച്ചുകൊടുക്കും! 9