വിശ്വാമിത്രന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഋഭുക്കളും ഇന്ദ്രനും ദേവത.
സുധന്വപുത്രന്മാരേ, എതിരാളികളെ അമര്‍ത്തുന്ന തേജസ്സുള്ള നിങ്ങള്‍ യജ്ഞഭാഗം നേടിയതെവകൊണ്ടോ; നേതാക്കളേ, നിങ്ങളുടെ ആ കര്‍മ്മങ്ങള്‍ എല്ലാടത്തും കാമയമാനരായ ഹവിര്‍ദ്ധനന്മാര്‍ സഖ്യംകൊണ്ടു മനസ്സിലാക്കിയിട്ടുണ്ട്. 1
നിങ്ങൾ ത്രാണികൊണ്ടു ചമസങ്ങളെ വിഭജിച്ചു; ബുദ്ധികൊണ്ടു പയ്യിന്റെ ദേഹത്തില്‍ തോല്‍ പതിച്ചു; മനസ്സുകൊണ്ടു ഹരികളെ നിർമ്മിച്ചു. ഋഭുക്കളേ, ഇതുകൊണ്ടൊക്കെയാണ്, നിങ്ങൾ ദേവത്വം പ്രാപിച്ചത്! 2
മനുഷ്യപുത്രരായ ഋഭുക്കൾ കർമ്മങ്ങൾകൊണ്ട് ഇന്ദ്രന്റെ സഖ്യം നേടി, മരണരഹിതരായിത്തീർന്നു – സുകൃതികളായ സുധന്വസൂനുക്കൾ വിശാലമായ ശേഷികൊണ്ടും സല്‍ക്കർമ്മംകൊണ്ടും അമൃതത്വമടഞ്ഞു! 3
ഋഭുക്കളേ, നിങ്ങൾ ഇന്ദ്രനോടൊന്നിച്ച് ഒരേ തേരില്‍ക്കേറി സോമയാഗത്തില്‍ ചെല്ലുന്നു, മനുഷ്യരുടെ സമ്പത്തോടു ചേരുന്നു. മേധാവികളായ സുധന്വപുത്രന്മാരേ, നിങ്ങളുടെ സുകൃതങ്ങളും കഴിവുകളും കണക്കിടാവുന്നവയല്ല! 4
ഇന്ദ്ര, അവിടുന്നു വാജാന്വിതരായ ഋഭുകളോടുകൂടി, വെള്ളം തളിച്ചു ചതച്ചു പിഴിഞ്ഞ സോമം ഇരുകൈകൊണ്ടും പിടിച്ചു കുടിച്ചാലും; മഘവാവേ, സ്തോത്രപ്രേരിതനായ ഭവാൻ ഹവിർദ്ദാതാവിന്റെ ഗൃഹത്തില്‍, സുധന്വപുത്രരായ മനുഷ്യരോടൊന്നിച്ചു മത്തടിച്ചാലും! 5
ബഹുസ്തുതനായ ഇന്ദ്ര, അവിടുന്ന് ഋഭുക്കളോടും – വാജനോടും – ശചിയോടുംകൂടി ഇവിടെ ഞങ്ങളുടെ ഈ സവനത്തില്‍ മത്തടിച്ചാലും: അവിടെയ്ക്കു വെയ്ക്കപ്പെട്ടവയാണ്, ഈ അഹസ്സുകളും ദേവകർമ്മങ്ങളും മനുഷ്യന്റെ ക്രിയകളും. 6
ഇന്ദ്ര, അങ്ങു വാജാന്വിതരായ ഋഭുക്കളോടുകൂടി, ഇവിടെ സ്തോതാവിന്ന് അന്നം നല്കാൻ, യജ്ഞാർഹമായ സ്തോത്രത്തില്‍ വന്നുചേർന്നാലും – നൂറശ്വങ്ങളോടും മരുത്തുക്കളോടുമൊന്നിച്ചു, മനുഷ്യന്ന് ആയിരം കൊണ്ടുവരുന്ന ഭവാന്‍ സോമഹോമത്തില്‍ വന്നുചേർന്നാലും! 7