വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
മുതുകു കറുത്ത ധാരകന്റെ ഉദ്ഗമിച്ച രശ്മികൾ അമ്മമാരിരുവരെയും ഏഴുനദികളെയും പ്രാപിച്ചു. ചുഴെച്ചുഴന്ന മാതാപിതാക്കൾ വഴിപോലെ പെരുമാറുന്നു: മികവോടേ യജിപ്പാൻ ദീർഗ്ഘായുസ്സു സമ്പാദിയ്ക്കുന്നു. 1
വൃഷാവിന്റെ അശ്വങ്ങൾ വാനിലെങ്ങും വ്യാപിച്ചു പ്രീതിയുളവാക്കുന്നു. അദ്ദഹം തേന്‍ വഹിച്ച ദേവിമാരില്‍ വാണരുളുന്നു. ജലത്തിന്റെ ആസ്പദത്തില്‍ വാസം തേടുന്ന, ആളിക്കത്തുന്ന ഭവാനെ ഒരു ഗോവു പരിചരിച്ചുപോരുന്നു. 2
ധനങ്ങളില്‍വെച്ചു മികച്ച ധനം കിട്ടിയ്ക്കുന്ന ജ്ഞാനവാനായ സ്വാമി സുഖനിയന്തവ്യകളായ എവയുടെ പുറത്തു കേറുമോ; അവയെ, നില്ക്കാത്ത നട വളർത്താൻ, ബഹുധാ അംഗവിക്ഷേപം ചെയ്യുന്ന നീലപൃഷ്ഠന്‍ വിശ്രമിപ്പിയ്ക്കും. 3
ലോകങ്ങളെ ഉറപ്പിയ്ക്കാന്‍ നോക്കുന്ന, തളർത്താവുന്നവനല്ലാത്ത, മഹാനായ ത്വഷ്ടൃപുത്രനെ ബലപ്പെടുത്തിക്കൊണ്ടു നദികൾ വഹിയ്ക്കുന്നു; അരികില്‍ കത്തിജ്ജ്വലിച്ച അദ്ദേഹം ദ്യാവാപൃഥിവികളെ, ഒരുത്തിയെയെന്നപോലെ പ്രാപിച്ചു! 4
നിസ്സപത്നനായ വൃഷാവിനെ സേവിച്ചാലത്തെസ്സുഖം ആളുകൾക്കറിയാം; അവര്‍ മഹാന്റെ വരുതിയില്‍ ഇമ്പംകൊള്ളുന്നു. എവരുടെ മഹത്തായ സ്തുതിവാക്യം മതിയ്ക്കത്തക്കതോ, അവര്‍ നല്ല തേജസ്സാല്‍ സ്വർഗ്ഗത്തെശ്ശോഭിപ്പിച്ചുകൊണ്ടു വിളങ്ങും! 5
യാവചിലരില്‍ വർഷിയ്ക്കുന്നവന്‍ രാത്രിയ്ക്കുടുപ്പായ സ്വതേജസ്സിനെ സ്തോതാവിന്റെ അടുക്കലെയ്ക്കു നീട്ടിയോ; അവര്‍ അവന്നു മഹത്തുക്കളെക്കാൾ മഹത്തുക്കളായ അമ്മയച്ഛന്മാരുടെ പ്രവേദനത്താല്‍ ഘോഷിയ്ക്കപ്പെട്ട സുഖം വരുത്തി. 6
അഞ്ചധ്വര്യുക്കളോടുകൂടി ഏഴു മേധാവികൾ വ്യാപനശീലന്റെ അരുമപ്പെട്ട നിശ്ചിതസ്ഥാനം സംരക്ഷിയ്ക്കുന്നു. കിഴക്കോട്ടു നോക്കി നടക്കുന്ന, തളർത്താവുന്നവരല്ലാത്ത, സേക്താക്കളായ സ്തോതാക്കൾ ഇമ്പംകൊള്ളുന്നു; ദേവകർമ്മങ്ങളെ അനുഗമിയ്ക്കുകയുംചെയ്യുന്നു! 7
ദിവ്യരായ രണ്ടു പ്രധാനഹോതാക്കളെ ഞാന്‍ ചമയിയ്ക്കാം; തണ്ണീർ നേരുന്ന ഏഴന്നവാന്മാര്‍ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കും. ഉജ്ജ്വലരായ കർമ്മരക്ഷകന്മാര്‍ കർമ്മങ്ങളില്‍, അവിടുന്നുതന്നെ സത്യം എന്നു പറയുന്നു! 8
ദേവ, ഹോതാവേ, സർവാതീതനായ മഹാനും വൃഷാവും പൂജനീയനുമായ ഭവാന്റെ പരന്ന ഭൂരിജ്വാലകൾ പർജ്ജന്യനായിത്തീരുന്നു; ഏറ്റവും ആഹ്ലാദിപ്പിയ്ക്കുന്ന ജ്ഞാനിയായ ഭവാന്‍ യഷ്ടവ്യരായ ദേവന്മാരെയും ദ്യാവാപൃഥിവികളെയും ഇവിടെ കൊണ്ടുവന്നാലും! 9
ദ്രവിണ, അഗ്നേ, ഹവിരാഹുതിയും നല്ല സ്തുതിയും ചേർന്ന സുജ്ഞേയകളായ ഉഷസ്സുകൾ ധനം കൈവരുമാറു പുലരുന്നു; അവിടുന്നു, മഹാന്നുവേണ്ടി, വല്ല പാപവും ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ വലിയ ജ്വാലകൊണ്ടു നശിപ്പിച്ചാലും! 10
അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും. ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം. അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11
[1] മുതുകു കറുത്ത – പുകകൊണ്ട് ദീർഗ്ഘായുസ്സ് – അഗ്നിയ്ക്ക്.
[2] തേന്‍ വഹിച്ച ദേവിമാര്‍ – മധുരജലകളായ നദികൾ. ജലത്തിന്റെ ആസ്പദം – അന്തരിക്ഷം. പ്രത്യക്ഷവചനമാണിത്; ഗോവ് = വാക്ക്, ശബ്ദം.
[3] അവ – പെണ്‍കുതിരകൾ. നീലപൃഷ്ഠന്‍ = മുതുക കറുത്തവന്‍.
[4] ഒരുത്തിയെ – ഒരു പുരുഷൻ ഒരു സ്ത്രീയെ പ്രാപിയ്ക്കുന്നതുപോലെ.
[5] അവര്‍ – ആ ആളുകൾ.
[6] നീട്ടിയോ – സ്തുതി കേൾപ്പാന്‍. അവര്‍ – ആ യജമാനന്മാര്‍. അവന്ന് – അഗ്നിയ്ക്ക്.
[7] ഉദ്ഗാതാക്കൾക്കു പുറമേ, പന്തിരണ്ട് ഋത്വിക്കുകളുണ്ട്; അവരില്‍ ഏഴുപേര്‍ വഷട്കാരവും, അഞ്ചുപേര്‍ യജ്ഞവും അനുഷ്ഠിയ്ക്കുന്നു. സേക്താക്കൾ – സോമനീര്‍ തൂകുന്നവര്‍.
[9] പർജ്ജന്യനായിത്തീരുന്നു – മഴ പെയ്യിയ്ക്കുന്നു; വൃഷ്ടിദേവനാണ്, പർജ്ജന്യന്‍.
[10] ദ്രവിണ = സതതഗമനശീല. സുജ്ഞേയകൾ – പക്ഷികൂജിതാദികൾ കൊണ്ട് എളുപ്പത്തില്‍ അറിയാവുന്നവ. കൈവരുമാറ് – ഞങ്ങൾക്ക്. മഹാന്‍ – യജമാനന്‍.