വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും വൈശ്വദേവിയും ഛന്ദസ്സ്; യൂപം ദേവത.
വനസ്പതേ, യാഗത്തില്‍ ദേവകാമന്മാര്‍ നിങ്കല്‍ ദിവ്യമധു പുരട്ടുന്നു: നീ എണീറ്റുനില്ക്കുകയായാലും, അമ്മയുടെ മടിയില്‍ കിടക്കുകയായാലും, ഇവിടെ ധനങ്ങൾ നിക്ഷേപിയ്ക്കുമാറാകണം! 1
നീ അഗ്നിയുടെ കിഴക്കുവശത്ത്, അക്ഷയവും സത്സന്താനജനകവുമായ അന്നം തന്നു, ഞങ്ങളെ വലയ്ക്കുന്ന വിശപ്പു പോക്കി, മഹത്തായ സൌഭാഗ്യത്തിന്നായി ഉയർന്നുനിന്നാലും! 2
വനസ്പതേ, നീ ഉല്‍കൃഷ്ടസ്ഥലത്ത് ഉയർന്നുനിന്നാലും: തക്കവലുപ്പത്തില്‍ അളക്കപ്പെട്ട നീ യജ്ഞാനുഷ്ഠാതാവിന്ന് അന്നം നല്കിയാലും! 3
അരഞാണിട്ടു നല്ല വസ്ത്രം ചുറ്റിയ യുവാവു വന്നുചേർന്നു: അവന്‍ ജാതരില്‍വെച്ചു മീതെയായി. അവനെ ധീരരായ കവികൾ – ശോഭനധ്യാനരായ ദേവകാമന്മാർ – പൊക്കിനാട്ടുന്നു! 4
മനുഷ്യരുടെ യാഗത്തിൽ വളർന്നു, ദിവസങ്ങളെ സുദിനങ്ങളാക്കാനത്രേ, ഇവൻ ജനിച്ചത്! ഇവനെ ധീരരായ കർമ്മികൾ ശ്രദ്ധവെച്ചു ശുദ്ധിപ്പെടുത്തുന്നു; ദേവയഷ്ടാവായ മേധാവി സ്തുതിയും ചൊല്ലുന്നു. 5
വനസ്പതേ, മഴു നിങ്ങളെ മുറിച്ചു; ദേവകാമരായ നേതാക്കൾ കുഴിച്ചിടുകയുംചെയ്തു. തിളങ്ങിനില്ക്കുന്ന അവയും പൂളുകളും ഇദ്ദേഹത്തിന്നു സന്തതിയും സമ്പത്തും ഉളവാക്കട്ടെ! 6
മുറിച്ചു വീഴ്ത്തപ്പെട്ട്, ഋത്വിക്കുകളാൽ കുഴിയിൽ നാട്ടപ്പെട്ട ആ യാഗസാധനങ്ങൾ ഞങ്ങളുടെ വരണീയത്തെ ദേവകളിലെത്തിയ്ക്കട്ടെ! 7
നല്ല നേതാക്കളായ ആദിത്യന്മാർ, രുദ്രന്മാർ, വസുക്കൾ, ദ്യാവാപൃഥിവികൾ, വിശാലമായ അന്തരീക്ഷം എന്നീ ദേവകൾ ഒരേ മനസ്സോടേ യജ്ഞത്തെ രക്ഷിയ്ക്കട്ടെ; യാഗത്തിന്റെ കൊടിമരത്തെ ഉയർത്തിനിർത്തട്ടെ! 8
സ്വച്ഛവസ്ത്രമുടുത്തു, ഹംസങ്ങൾപോലേ വരിവെച്ചുനില്ക്കുന്ന അവയും പൂളുകളും ഞങ്ങളിൽ വന്നെത്തി; കവികളാൽ ഉയർത്തപ്പെടുന്ന ആ തേജസ്വികൾ ദേവപഥത്തിലും ചെല്ലുന്നു! 9
പൂളുകളോടും വളയങ്ങളോടും കൂടിയ അവ, ഭൂമിയിൽ ശൃംഗികളുടെ കൊമ്പുകൾപോലെ കാണപ്പെടുന്നു; യാഗത്തിൽ ഋത്വിക്കുകളുടെ സ്തോത്രം കേൾക്കുന്ന അവ ഞങ്ങളെ കൊലനിലങ്ങളിൽ രക്ഷപ്പെടുത്തട്ടെ! 10
ഹേ മരക്കുറ്റി, നീ നൂറു ശാഖകളോടുകൂടി മുളച്ചുപൊന്തുക; ഞങ്ങളും ആയിരം ശാഖകളോടുകൂടി മുളച്ചുപൊന്തുട്ടെ! ഈ മൂർച്ചയേറിയ മഴു നിന്നെ മഹത്തായ സൗഭാഗ്യത്തിലെത്തിച്ചു! 11
[1] വനസ്പതി = വൃക്ഷം. ദിവ്യമധു – നെയ്യ്. അമ്മ – ഭൂമി. ഇവിടെ – ഞങ്ങളില്‍.
[2] അഗ്നി – ആഹവനീയന്‍.
[4] യുവാവു് – ദൃഢാംഗമായ യൂപം. യൂപത്തെ വസ്ത്രംകൊണ്ടു പൊതിയും. ജാതര്‍ – ജനിച്ച വൃക്ഷങ്ങൾ.
[6] നിങ്ങൾ – വൃക്ഷങ്ങൾ. പൂളുകൾ – ചെറിയ മരക്കഷ്ണങ്ങൾ. ഇദ്ദേഹം – യജമാനൻ.
[7]വരണീയത്തെ – സ്പൃഹണീയമായ ഹവിസ്സിനെ.
[8]കൊടിമരം – യൂപം.
[9]അവ – യൂപങ്ങൾ
[10]ശൃംഗികൾ – കാളയും മറ്റും.