അദിതിയും ഇന്ദ്രനും വാമദേവനും ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അദിതീന്ദ്രര്‍ ദേവത.
‘ഇതാണ്, പണ്ടേമുതൽ അറിയപ്പെട്ടിരിയ്ക്കുന്ന വഴി: ഇതിലൂടെയത്രേ, എല്ലാദ്ദേവകൾതന്നെയും ജനിച്ചത്. നീയും ഇതിലൂടെതന്നെവേണം, ജനിയ്ക്കുക; ഈ അമ്മയെ മരിപ്പിയ്ക്കുരുത്.’ 1
‘ഞാന്‍ ഇതിലൂടെ പുറത്തെയ്ക്കിറങ്ങില്ല: ഇതു സങ്കടമാണ്; ഒരു വാരിഭാഗത്തുനിന്നു പുറത്തെയ്ക്കിറങ്ങിക്കൊള്ളാം. ചെയ്യപ്പെട്ടിട്ടില്ലാത്ത പലതും എനിയ്ക്കു ചെയ്യേണ്ടതുണ്ട്: ഒരാളോടു പൊരുതണം; മറ്റൊരാളോടു ചോദിയ്ക്കണം! 2
അമ്മ മരിച്ചേയ്ക്കുമെന്നു പറഞ്ഞുവല്ലോ. ഞാന്‍ നടപ്പനുസരിയ്ക്കാതിരിയ്ക്കില്ല; വേഗത്തിൽ അനുസരിയ്ക്കുകതന്നെ ചെയ്യാം. ഇന്ദ്രന്‍ ഇണപ്പലകകളിൽ പിഴിഞ്ഞ ത്വഷ്ടാവിന്റെ ഗൃഹത്തിൽ ചെന്നു, വിലയേറിയ സോമം കുടിച്ചുകളഞ്ഞു! 3
ഒരായിരം മാസം – വളരെസ്സംവത്സരം – ഗർഭത്തിലിരുന്നവൻ അരുതാത്തതൊന്നും ചെയ്തില്ലായിരിയ്ക്കാം!’
‘ജനിച്ചവരിലും ജനിയ്ക്കാന്‍ പോകുന്നവരിലുമില്ല, ഇവന്നൊരു തുല്യൻ! 4
ഗുഹയിൽ പിറക്കുക നന്നല്ലെന്നറിഞ്ഞ്, അമ്മ ഇന്ദ്രനെ വീർയ്യവാനാക്കിയിരുന്നു; അതിനാൽ ജനിച്ചപ്പോൾത്തന്നേ അവന്‍ സ്വയം തേജസ്സുടുത്ത് എഴുന്നേറ്റു; വാനൂഴികളെഷും നിറച്ചു! 5
ഇതാ, കുരവയിടുന്ന നദികൾ ആർത്തിരമ്പിക്കൊണ്ടു പോകുന്നു. ഇവരോടു ചോദിയ്ക്കു, ഈ ഘോഷിയ്ക്കുന്നതെന്താണെന്ന്: ജലങ്ങളുണ്ടോ, തടഞ്ഞുവെച്ചു മേഘത്തെ പിളർത്തുന്നു? 6
ഇന്ദ്രനെപ്പറ്റി നിവിത്തുകൾ ശബ്ദിയ്ക്കുന്നതെന്താണ്? ഇവന്റെ പാപം ജലങ്ങൾ ഏറെറടുത്തിരിയ്ക്കുന്നു. എന്റെ മകനാണല്ലോ, വമ്പിച്ച വജ്രംകൊണ്ടു വൃത്രനെ കൊന്ന്, ഈ തണ്ണീരുകളെ ഒഴുകിച്ചതു്!’7
‘മതിമറന്നു യുവതി അങ്ങയെ പ്രസവിച്ചു; മതിമറന്നു കുഷവ അങ്ങയെ വിഴുങ്ങി; മതിമറന്നു തണ്ണീരുകൾ കുഞ്ഞിനെ സുഖിപ്പിച്ചു; മതിമറന്ന് ഇന്ദ്രൻ ബലത്തോടേ എഴുനേറ്റു! 8
മഘവാവേ, മതിമറന്നു വ്യംസൻ അങ്ങയുടെ ഹനുരണ്ടും എയ്തു മുറിച്ചുഃ ഉടനേ, എയ്യപ്പെട്ട ഭവാന്‍ കൂടുതൽ കരുത്തു പൂണ്ടു, പാവത്തിന്റെ തല വജ്രംകൊണ്ടരച്ചു! 9
വയസ്സും ഓജസ്സുമേറിയവനും, അധൃഷ്യനും, അനഭിഭൂതനും, പ്രേരകനും, വൃഷാവും, തനിയേ ഗമിപ്പാനിച്ഛിയ്ക്കുന്നവനുമായ ഇന്ദ്രനെ അമ്മ, ഒരു കടിഞ്ഞൂല്‍പ്പയ്യു മൂരിക്കുട്ടിയെ എന്നപോലെ, സ്വേച്ഛാ സഞ്ചാരത്തിന്നായി പ്രസവിച്ചു. 10
അനന്തരം അമ്മ, ‘മകനേ, ഈ ദേവതകൾ നിന്നെ ത്യജിച്ചേയ്ക്കും’ എന്നു മഹാനോടു യാചിച്ചു. ഉടനേ, വൃത്രവധോദ്യതനായ ഇന്ദ്രൻ പറഞ്ഞു:- ‘സഖേ; വിഷ്ണോ, ഭവാൻ വലിയ പരാക്രമം പൂണ്ടാലും!’ 11
അങ്ങ് അച്ഛനെ കാല്കളിൽ പിടികൂടി കൊന്നുവല്ലോ, മറ്റാരു വരുത്തി, അമ്മയ്ക്കു വൈധവ്യം? കിടക്കുകയോ നടക്കുകയോ ചെയ്യുന്നവനെ കൊല്ലാന്‍ ആരൊരുങ്ങി? മറ്റേതു ദേവന്‍ ഏറെ സുഖമുളവാക്കി? 12
ഞാന്‍ വറുതിമൂലം ശ്വാവിന്റെ കുടര്‍മാല വേവിയ്ക്കുകയുണ്ടായി. ദേവകളുടെ ഇടയിൽ മറ്റൊരു സുഖപ്രദനെ ഞാന്‍ കണ്ടെത്തിയില്ല. പത്നിയെ ഞാൻ നിന്ദ്യയായി കണ്ടു; അതിന്നുശേഷം, ഒരു പരുന്താണ് എനിയ്ക്കു വെള്ളം കൊണ്ടുവന്നത്!’ 13
[1] ഗർഭത്തില്‍വെച്ചുതന്നേ ജ്ഞാനിയായിത്തീർന്ന വാമദേവന്‍ വാശിപിടിച്ചു: ‘ഞാൻ അമ്മയുടെ യോനിയിലൂടേ ജനിയ്ക്കില്ല; വാരിഭാഗത്തൂടേ ജനിച്ചു കൊള്ളാം.’ ഇതുമൂലം മരണഭീതയായ മാതാവ് അദിതിയെ ധ്യാനിച്ചു. അപ്പോൾ അദിതി പുത്രനായ ഇന്ദ്രനോടുകൂടി ഗർഭിണിയുടെ അടുക്കൽ വന്നെത്തി. പിന്നീട്, അദിതീന്ദ്രരും വാമദേവനുമായി ഒരു സംഭാഷണം നടന്നു. ഇന്ദ്രൻ പറഞ്ഞു: ഇതിലൂടെ – യോനിമാർഗ്ഗത്തിലൂടേ.
[2] വാമദേവൻ പറഞ്ഞു: ചെയ്യപ്പെട്ടിട്ടില്ലാത്ത – മറ്റാരും ചെയ്തിട്ടില്ലാത്ത. ഒരാളോടു – ശാസ്ത്രവാദക്കാരനോടു. ചോദിയ്ക്കണം – ചോദിച്ച് അറിവു വർദ്ധിപ്പിയ്ക്കണം.
[3] നടപ്പനുസരിയ്ക്കാത്തവന്‍ ഞാനല്ല, ഇന്ദ്രനാണെന്ന്, ഇന്ദ്രന്റെ അകൃത്യം പ്രതിപാദിയ്ക്കുന്നു: കുടിച്ചുകളഞ്ഞു – ബലാല്‍ക്കാരേണ എടുത്തു കുടിച്ചു.
[4] ഇന്ദ്രന്‍ ഒരായിരംമാസം ഗർഭത്തിലിരുന്ന് അമ്മയെ വലച്ചത് അകൃത്യമല്ലായിരിയ്ക്കാം. ഇന്ദ്രനെ ആക്ഷേപിച്ചതു പൊറുക്കാതെ അദിതി പറയുന്നു: ഇവന്ന് – ഇന്ദ്രന്ന്.
[5] ഗുഹ – ഇരുട്ടടഞ്ഞ ഈറ്റില്ലം. അമ്മ – അമ്മയായ ഞാൻ.
[6] കുരവയിടുന്ന – സ്ത്രീകളെന്നപോലെ കുരവയിടുന്ന. നദികളുടെ ഇരമ്പൽ ഇന്ദ്രവിക്രമോദ്ഘോഷണമാണെന്നു ഹൃദയം. ജലങ്ങൾ ശക്തങ്ങളാകുമോ മേഘത്തെ പിളർത്താന്‍? ഇന്ദ്രന്‍ പിളർത്തി, ജലങ്ങളെ മോചിപ്പിച്ചു.
[7] വൃത്രവധംമൂലം ഇന്ദ്രന്നു ബ്രഹ്മഹത്യ പറ്റിയിരിയ്ക്കുന്നു എന്നാണോ, നിന്റെ ആക്ഷേപം? എന്നാൽ നിവിത്തുകൾ (ഒരുതരം ഇന്ദ്രസ്തുതികൾ) ശബ്ദിയ്ക്കു(പറയു)ന്നതെന്താണ്? ഇന്ദ്രന്‍ ബ്രഹ്മഹത്യാമുക്തനായിരിയ്ക്കുന്നു എന്നല്ലയോ, അവ പറയുന്നത്?
[8] ഇതു കേട്ടപ്പോൾ വാമദേവന്‍ ഇന്ദ്രനെ സ്തുതിപ്പാൻതുടങ്ങി: യുവതി – ഇന്ദ്രമാതാവായ അദിതി. കുഷവ – ഒരു രാക്ഷസി. കുഞ്ഞിനെ – ശിശുവായ ഭവാനെ. മതിമറന്ന് എന്നതിന്ന് ആനന്ദവൈവശ്യത്തോടേ എന്നത്രേ, എല്ലാ വാക്യത്തിലും അർത്ഥം. ഒടുവിലെ വാക്യം പരോക്ഷം: എഴുന്നേറ്റു – കുഷവയെ പിളർത്തി.
[9] വ്യംസന്‍ – കുഷവപോലെ, ശിശുവായ ഇന്ദ്രനെ കൊല്ലാനൊരുമ്പെട്ട ഒരു രാക്ഷസന്‍. കൂടുതൽ – വ്യംസനെക്കാളേറെ. പാവത്തിന്റെ – ഭവാന്റെ വിക്രമത്താൽ വലഞ്ഞ വ്യംസന്റെ.
[11] മഹാനോടു യാചിച്ചു – ദേവകൾ നിന്നെ ത്യജിപ്പാന്‍ ഇടവരരുതെന്നു, മഹാനായ ഇന്ദ്രനോടപേക്ഷിച്ചു. ഇന്ദ്രന്‍ വിഷ്ണുവിനോടൊരുങ്ങാൻ പറഞ്ഞത്, ദേവകൾ തന്നെ ത്യജിയ്ക്കില്ലെന്ന് അമ്മയ്ക്കുറപ്പുകൊടുക്കാൻകൂടിയായിരിയ്ക്കും.
[12] ഈ ഋക്കിലെ വിഷയം തൈത്തിരീയബ്രാഹ്മണത്തിൽ വിവരിച്ചിട്ടുണ്ടത്രേ: മറ്റാരു വരുത്തി – ആരെങ്കിലും അച്ഛനെക്കൊന്ന് അമ്മയെ വിധവയാക്കിക്കളയുമോ? കിടക്കുകയോ എന്നു തുടങ്ങുന്ന വാക്യം വൃത്രവധത്തെ സൂചിപ്പിയ്ക്കുന്നു. ആക്ഷേപിച്ചുകൊണ്ടുള്ള സ്തുതിയാണിത്. സുഖമുളവാക്കി – പ്രജകൾക്കുസൗഖ്യം വരുത്തി.
[13] വേവിയ്ക്കുകയുണ്ടായി – തിന്നാന്‍. മറ്റൊരു – ഇന്ദ്രനൊഴിച്ച്. വേഷംമാറിയ ഇന്ദ്രൻതന്നെയത്രേ, ഈ പരുന്ത്.