വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
യാഗത്തിന്റെ രാജാവ്, രുദ്രൻ, ഹോതാവ്, വാനൂഴികളില്‍ വ്യാപിച്ചവൻ, കനകവർണ്ണൻ – ഇങ്ങനെയുള്ള അഗ്നിയെ, നിങ്ങളുടെ രക്ഷയ്ക്കായി, ഇടിവാളായ മരണത്തിനുമുമ്പു നിങ്ങൾ സേവിയ്ക്കുവിന്‍! 1
ഇതാ, ഞങ്ങൾ അങ്ങയ്ക്ക് ഒരിരിപ്പിടം, നല്ല വസ്ത്രമുടുത്ത കാമിനിയായ ഭാര്യ ഭർത്താവിനെന്നപോലെ, ഉണ്ടാക്കിയിരിയ്ക്കുന്നു; സുകർമ്മാവേ, അവിടുന്നു പരിവൃതനായി നേരിട്ട് ഇരുന്നരുളുക. ഇവ അങ്ങയ്ക്കഭിമുഖങ്ങളായി പെരുമാറും! 2
സ്തോതാവേ, കേൾക്കുന്നവനും, ഗർവില്ലാത്തവനും, മനുഷ്യരെ നോക്കുന്നവനും, ശോഭനസുഖനും, അമൃതനുമായ ദേവനെക്കുറിച്ചു താങ്കൾ സ്തോത്രവും ശസ്ത്രവും ചൊല്ലുക: തന്തിരുവടിയെയാണല്ലോ, അമ്മിക്കുഴപോലെ മാദകസോമം പിഴിയുന്നവൻ സ്തുതിയ്ക്കുന്നതു്! 3
അഗ്നേ, അവിടെയ്ക്കുതന്നെയാണ്, ഞങ്ങളുടെ ഈ കർമ്മം: സത്യജ്ഞ, സുകർമ്മാവായ ഭവാന്‍ സ്തോത്രം ചെവിക്കൊണ്ടാലും. എന്നായിരിയ്ക്കും, അങ്ങയ്ക്കു കൂട്ടമത്തുണ്ടാക്കുന്ന ഉക്ഥങ്ങൾ? എന്നായിരിയ്ക്കും, ഗൃഹത്തില്‍ അങ്ങയുടെ ചങ്ങാതം? 4
അഗ്നേ, അങ്ങു ഞങ്ങളുടെ ആ പാപം എങ്ങനെ വരുണനോടു പഴിയ്ക്കും? എങ്ങനെ സൂര്യനോട് ? അതെന്തായിരിയ്ക്കും? എങ്ങനെ വർഷകനായ മിത്രനോടും പൃഥിവിയോടും പറയും? എങ്ങനെ അര്യമാവോട്? എങ്ങനെ ഭഗനോട്? 5
അഗ്നേ, സ്ഥാനങ്ങളില്‍ സമുജ്ജ്വലിയ്ക്കുന്ന ഭവാന്‍ എങ്ങനെ പറയും? പ്രബലനും ശുഭപ്രദനും സഞ്ചാരിയുമായ വായുവോടെങ്ങനെ? അഗ്നേ, അശ്വികളോടും, ഭൂമിയോടും, പാപഘ്നനായ രുദ്രനോടും എങ്ങനെ? 6
പുഷ്ടി കൈവശമുള്ള മഹാനായ പൂഷാവോട് എങ്ങനെ ഭവാന്‍ പാപം പറയും? ഹവിസ്സു കൊടുക്കുന്ന സുയജ്ഞനായ രുദ്രനോടെങ്ങനെ? അഗ്നേ, വിപുലയശസ്സായ വിഷ്ണുവോടെങ്ങനെ? പെരിയ സംവത്സരത്തോടെങ്ങനെ? 7
സത്യഭൂതമായ മരുദ്ഗണത്തോടെങ്ങനെ? ചോദിയ്ക്കപ്പെടുമ്പോൾ, മഹാനായ സൂര്യനോടും അദിതിയോടും വായുവോടും ഭവാൻ എങ്ങനെ മറുപടി പറയും? ജാതവേദസ്സേ, ഇതറിഞ്ഞുവേണം, അങ്ങു ദേവന്മാരുടെ അടുക്കൽ പോവുക! 8
അഗ്നേ, ഞാൻ യജ്ഞംകൊണ്ടു പതിവായി പയ്യിന്റെ പാല്‍ യാചിയ്ക്കുന്നു: മൂപ്പെത്താത്ത പയ്യിന്നു മുഴുപ്പുള്ള നറുംപാലുണ്ട്; ഇവൾ കറുമ്പിയായിരിയ്ക്കെ, പോഷകവും ആയുഷ്കരവുമായ വെളുത്ത പാല്‍ വേണ്ടുവോളം കൊടുക്കുന്നു! 9
അഭീഷ്ടങ്ങൾ വർഷിയ്ക്കുന്ന ശ്രേഷ്ഠനായ അഗ്നി യഥാർത്ഥമായ, പോഷകമായ പാല്‍കൊണ്ടു നനയ്ക്കപ്പെടുന്നു; ആ അന്നദാതാവ് അനങ്ങാതിരുന്നു സർവത്ര നടക്കുന്നു. വൃഷാവായ സൂര്യൻ അകിട്ടില്‍നിന്നു വെണ്‍പാല്‍ കറക്കുന്നു! 10
അംഗിരസ്സുകൾ അധ്വരംകൊണ്ടു മല പിളർത്തുനീക്കി, ഗോക്കളോടു ചേർന്നു: ആ നേതാക്കൾ ഉഷസ്സിനെ സുഖേന നേടി; സൂര്യനും ഉദിച്ചു. ഇതൊക്കെ, അഗ്നിയുടെ അവതാരത്താല്‍ത്തന്നെ! 11
അഗ്നേ, അമരണകളായി അബാധിതകളായി മധുരജലകളായ ദേവിമാര്‍ സത്യംമൂലം സംപ്രാപ്യകളായിട്ടു, നടകളില്‍ ഉത്സാഹിപ്പിയ്ക്കപ്പെടുന്ന കുതിരപോലെ, എപ്പോഴും പാഞ്ഞൊഴുകുന്നു! 12
അഗ്നേ, അവിടുന്ന് ഏതൊരു ഹിംസകന്റെയും യജ്ഞത്തില്‍ ഒരിയ്ക്കലും എഴുന്നള്ളരുത്; ദ്രോഹിയായ അയല്ക്കാരന്റേതിലും അരുത്; മറെറാരു ബന്ധുവിന്റേതിലും അരുത്. നേരില്ലാത്ത ഭ്രാതാവു തരുന്നതില്‍ അങ്ങ് ആശ വെയ്ക്കരുത്. മിത്രത്തിന്റെയോ ശത്രുവിന്റെയോ മുതല്‍ ഞങ്ങൾക്കു വേണ്ടാ! 13
അഗ്നേ, സുയജ്ഞ, ഉറ്റ രക്ഷിതാവായ നിന്തിരുവടി പ്രസാദിച്ചു, സ്വന്തം രക്ഷകൾകൊണ്ടു ഞങ്ങളെ രക്ഷിച്ചാലും: നേരേ കത്തിജ്ജ്വലിയ്ക്കുക; ഉറച്ച പാപം പറിച്ചുകളയുക; ഉപദ്രവിക്കുന്ന പെരുംരക്ഷസ്സിനെ അകറ്റുക! 14
അഗ്നേ, അവിടുന്ന് ഈ ശസ്ത്രങ്ങൾകൊണ്ടു പ്രസാദിച്ചാലും: ശൂര, ഈ അന്നങ്ങളും സ്തോത്രങ്ങളും സ്വീകരിയ്ക്കുക; അംഗിരസ്സേ, മന്ത്രങ്ങൾ കേൾക്കുക; ദേവന്മാരില്‍ ചെല്ലുന്ന സ്തുതി അങ്ങയെ വളർത്തട്ടെ! 15
അഗ്നേ, വിധാതാവേ, അറിവുള്ള കവിയായ നിന്തിരുവടിയെപ്പററി, ഫലപ്രദങ്ങളും ചൊല്ലേണ്ടവയുമായ നിഗൂഢകാവ്യങ്ങൾ നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്; ആ വാക്യങ്ങളെല്ലാം മനനീയസ്തോത്രങ്ങളോടുകൂടിയ പ്രാജ്ഞനായ ഞാന്‍ പാടി! 16
[1] ഋത്വിക്കുകളോടു പറയുന്നു: രുദ്രൻ – ഓടുന്നവന്‍, ക്ഷിപ്രവ്യാപി. ഇടിവാളായ – ഓർക്കാതിരിയ്ക്കെ നിപതിയ്ക്കുന്ന.
[2] പ്രത്യക്ഷോക്തി: ഇരിപ്പിടം – ഉത്തരവേദി. പരിവൃതനായി – ദേവന്മാരാല്‍ ചുറ്റപ്പെട്ട്. ഇവ – ഞങ്ങളുടെ സ്തുതികൾ; ഇരുന്ന അങ്ങയെ ഞങ്ങൾ സ്തുതിയ്ക്കും.
[3] സ്തോതാവിനോട്: പിഴിയുന്നവന്‍ – യജമാനന്‍. ചതയ്ക്കുന്ന അമ്മിക്കുഴയുടെ ശബ്ദത്തിന്നു സ്തുതിത്വം വ്യഞ്ജിപ്പിച്ചിരിയ്ക്കുന്നു.
[4] കൂട്ടമത്തുണ്ടാക്കുന്ന – കൂട്ടത്തിലുള്ള എല്ലാവരെയും (ദേവന്മാരെ) മത്തുപിടിപ്പിയ്ക്കുന്ന. ഗൃഹത്തില്‍ – ഞങ്ങളുടെ ഗൃഹത്തില്‍.
[5] ആ – ചെയ്തുപോയ.
[6] പാപം എന്ന പദം അധ്യാഹരിയ്ക്കണം. പാപഘ്നന്‍ = ദുഷ്ടഹന്താവ്.
[7] ഹവിസ്സു കൊടുക്കുന്ന – അഗ്നിരുപനായി ഹവിസ്സു ദേവകൾക്കെത്തിയ്ക്കുന്ന.
[9] ഇവൾ – പയ്യ്. കൊടുക്കുന്നു – അങ്ങയുടെ പ്രഭാവമാണിത്.
[13] ഹിംസകൻ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവന്‍. മറെറാരു ബന്ധു – ഞാനൊഴിഞ്ഞ് ഒരു ബന്ധു. ഞങ്ങൾക്കു വേണ്ടാ – അവിടുന്നു തരുന്നതു മതി.
[16] നീഗൂഢകാവ്യങ്ങൾ – ഗൂഢാർത്ഥങ്ങളായ കാവ്യങ്ങൾ.