ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഞാനാണ്, മനു; സൂര്യനും ഞാന്‍തന്നെ; മേധയേറിയ കക്ഷീവാനെന്ന ഋഷിയും ഞാനാകുന്നു. ഞാനാണ്, അർജ്ജുനീപുത്രനായ കുത്സനെ സിദ്ധനാക്കിയത്. കവിയായ ഉശനസ്സും ഞാനാകുന്നു. നിങ്ങൾ എന്നെ നോക്കുവിന്‍! 1
ഞാന്‍ മനുവിന്നു ഭൂമിയും ഹവിസ്സു തരുന്ന മനുഷ്യന്നു മഴയും കൊടുത്തു. ഇരമ്പുന്ന ജലങ്ങളെ എങ്ങുമെത്തിച്ചതു ഞാനാണ്. ദേവന്മാര്‍ എന്റെ അഭിപ്രായമനുസരിച്ചുപോരുന്നു. 2
ഞാൻ മത്തുപിടിച്ചു ശംബരന്റെ തൊണ്ണൂറ്റൊമ്പതു നഗരങ്ങൾ ഒപ്പം തകർത്തുകളഞ്ഞു; നൂറാമത്തതു ദിവോദാസന്നു പ്രവേശിയ്ക്കാവുന്നതാക്കി, യജ്ഞത്തിൽ ആ അതിഥിഗ്വനെ സംരക്ഷിച്ചു. 3
മരുത്തുക്കളേ, ആ പരുന്തുപക്ഷി പക്ഷികളില്‍വെച്ചു മികച്ചവനും, പരുന്തുകളെക്കാൾ ശീഘ്രം പറക്കുന്നവനുമായിബ്ഭവിയ്ക്കട്ടെ: ആ സുപർണ്ണനാണല്ലോ, വട്ടില്ലാത്തേരില്‍, ദേവന്മാരുടെ ഹവിസ്സു മനുവിന്നായി കൊണ്ടുവന്നത്! 4
പരുന്തുപക്ഷി പേടിപ്പിച്ച് അവിടെിന്നു കൊണ്ടുപോന്നു: മനോവേഗിയായി വാരുറ്റ വഴിയില്‍ച്ചേർന്നു; മധുരമായ സോമത്തോടുകൂടി പറപറന്നു. ഇങ്ങു കീർത്തിയും നേടി! 5
നേരേ പറക്കുന്ന ദേവസമേതനായ പരുന്തുപക്ഷി ദൂരത്തുനിന്ന്-ആ അത്യുന്നതമായ സ്വർഗ്ഗത്തില്‍നിന്ന്-മത്തുപിടിപ്പിയ്ക്കുന്നസ്തുത്യമായ സോമം റാഞ്ചിയെടുത്ത്, ഉറപ്പോടെ കൊണ്ടുപോന്നു. 6
പരുന്ത് ആയിരം പതിനായിരം യാഗങ്ങൾക്കുള്ള സോമം ഒന്നിച്ചെടുത്ത കൊണ്ടുപോന്നു; ആ സോമത്തിന്റെ മത്തില്‍, ബഹുകർമ്മാവായ പ്രാജ്ഞൻ മൂഢരായ കൂടലരെ ആട്ടിപ്പായിച്ചു! 7
[1] ഗർഭത്തിലിരിയ്ക്കെത്തന്നേ തത്ത്വജ്ഞാനം സിദ്ധിച്ച വാമദേവന്‍ തന്റെ സർവാത്മത്വം വെളിപ്പെടുത്തുന്നു: നോക്കുവിൻ – ആളുകളേ, നിങ്ങളും സ്വസ്വരൂപം സാക്ഷാല്‍ക്കരിയ്ക്കുവിന്‍ എന്നർത്ഥം.
[2] ഞാന്‍ ഇന്ദ്രനാണെന്ന്.
[3] അതിഥിഗ്വന്‍ – ദിവോദാസന്റെ മറ്റൊരു പേര്‍. ഈ ഋക്കും വാമദേവന്റെ ഇന്ദ്രത്വത്തെ പ്രതിപാദിയ്ക്കുന്നു.
[4] മരുത്തുക്കളേ – മരുദ്വേഗികളായ പക്ഷികളേ. വട്ടില്ലാത്തേര്‍ = ചക്രമില്ലാത്ത രഥം. ഹവിസ്സ് – സോമം.
[5] കൊണ്ടുവന്നതെങ്ങനെ എന്ന്: പേടിപ്പിച്ച് – കാവല്ക്കാരെ. വാരുറ്റ വഴി – അന്തരിക്ഷം. ഇങ്ങ് – ഭൂലോകത്തില്‍.
[6] നേരേ – വളയാതെ.
[7] പ്രാജ്ഞൻ – ഇന്ദ്രന്‍.