വാമദേവന്‍ ഋഷീ; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സ്; ശ്യേനൻ ദേവത.
ഞാന്‍ ഗർഭത്തിലിരിയ്ക്കെത്തന്നേ ഈ ദേവന്മാരുടെയെല്ലാം ഉൽപത്തി അറിഞ്ഞിരിയ്ക്കുന്നു. മുമ്പ് ഒരുനൂറ് ഇരിമ്പുകോട്ടകളിൽ ഞാന്‍ പാർത്തിരിയ്ക്കുന്നു; ഇപ്പോൾ പരുന്തായി പറന്നു പുറത്തുപോന്നു! 1
അതു് എന്നെ തികച്ചും കൈക്കലാക്കിയില്ല. ഇതിനെ ഞാന്‍ നിശിതമായ വീർയ്യംകൊണ്ടു കീഴടക്കി. അരാതികളെ കോട്ട ഭരിയ്ക്കുന്ന പ്രേരകൻ ആട്ടിപ്പായിച്ചു; വായുക്കളെയും ആ പരിപൂർണ്ണന്‍ അകറ്റി! 2
ശ്യേനൻ സ്വർഗ്ഗത്തിൽനിന്നു കീഴ്പോട്ടു നോക്കി ശബ്ദം പുറപ്പെടുവിച്ചു; സോമം ഇവങ്കല്‍നിന്നു തെറിപ്പിയ്ക്കപ്പെട്ടു; കൃശാനു മനോവേഗത്തോടേ പാഞ്ഞെത്തി, ഞാണ്‍ വലിച്ചും ശരം എയ്തുവിട്ടു. 3
അപ്പോളാണ്, നേരേ പറക്കുന്ന പരുന്ത് ഉപരിസ്ഥമായ വമ്പിച്ച ഇന്ദ്രലോകത്തുനിന്നു്, ഭുജ്യുവിനെയെന്നപോലെ ഇതു കൊണ്ടുപോന്നത്; ആ യുദ്ധത്തിൽ തടുക്കപ്പെട്ടു ഈ പക്ഷിയുടെ മധ്യഭാഗത്തിലെ ആ പറവച്ചിറകു വീണുപോയി! 4
ഇപ്പോൾ പാൽ പകർന്നു കുടത്തിലാക്കിയ, വെളുത്ത, തൃപ്തികരമായ, സത്തിയന്ന സോമം ഋത്വിക്കുകളാൽ വെയ്ക്കപ്പെട്ടത് – ആ മധുവിന്റെ മുകൾബ്ഭാഗം-മത്തിന്നുവേണ്ടി കുടിപ്പാൻ മഘവാവായ ഇന്ദ്രൻ കൈക്കൊള്ളട്ടെ – മത്തിന്നുവേണ്ടി കുടിപ്പാന്‍ ശുരൻ കൈക്കൊള്ളട്ടെ! 5
[1] വാമദേവന്‍ ശ്യേനരുപത്തിലത്രേ, മാതൃഗർഭത്തില്‍നിന്നു നിർഗ്ഗമിച്ചത്, കോട്ടകൾ – ശരീരങ്ങൾ.
[2] അത്-ഗർഭം. ഇതിനെ – ഗർഭവാസപീഡയെ. വീർയ്യം – ജ്ഞാനസാമർത്ഥ്യം. അരാതികൾ – ഗർഭസ്ഥജീവനെ ഉപദ്രവിയ്ക്കുന്ന ശത്രുക്കൾ. പ്രേരകന്‍ – പരമാത്മാവ്. വായുക്കൾ – ഗർഭത്തിൽ കഷ്ടപ്പെടുത്തുന്ന വായുക്കൾ.
[3] തെറിപ്പിയ്ക്കപ്പെട്ടു – സോമപാലന്മാരാല്‍. കൃശാനു – സോമപാലന്മായിലൊരുവന്‍. ഞാണ്‍ – വില്ലിന്റെ.
[4] അപ്പോളാണ് – കാവല്ക്കാരുടെ എതിർപ്പു കൂസാതെ. ഭുജ്യുവീനെയെന്നപോലെ – ഭുജ്യുവിനെ അശ്വികൾ കൊണ്ടുപോന്ന കഥ മുൻമണ്ഡലങ്ങളിലുണ്ട്. ഇതു – സോമം. പറവച്ചിറക് – പറക്കാനുതകുന്ന ചിറക്.