വാമദേവന്‍ ഋഷീ; തീഷ്ടപ്പ് ഛന്ദസ്സ്; ഇന്ദ്രസോമന്മാര്‍ ദേവത.
സോമ, അങ്ങയുടെ ആ സഖ്യംമൂലം അങ്ങു സഹായിച്ചതിനാൽ ഇന്ദ്രന്‍ മനുഷ്യർക്കു മഴ പെയ്യിച്ചു; വൃത്രനെക്കൊന്നു; സപ്തനദികളെ പ്രവഹിപ്പിച്ചു. അടയ്ക്കപ്പെട്ടിരുന്ന കതകുകൾ തുറന്നു! 1
ഇന്ദോ, അങ്ങു സഹായിച്ചതോടേ ഇന്ദ്രന്‍ എതിർത്ത സൂര്യന്റെ ഒരു തേര്‍ച്ചക്രം ബലേന വലിച്ചെടുത്തു – പരന്ന മുകൾവശത്തൂടെ ഉരുളുന്ന സർവതോഗാമിയും മഹത്തുമായ അതു കൈക്കലാക്കി! 2
ഇന്ദോ, യുദ്ധത്തിൽ ഉപച്ചയ്ക്കമുമ്പ് ഇന്ദ്രൻ ദസ്യുക്കളെ വധിച്ചു; അഗ്നി ചുട്ടെരിച്ചു. രക്ഷ കിട്ടാത്ത ദുർഗ്ഗപ്രദേശത്തു കാർയ്യാർത്ഥം പോകുന്നവരെ എന്നപോലെ, അനേകായിരംപേരെ നിശ്ശേഷം നിഹനിച്ചു! 3
ഇന്ദ്ര, അവിടുന്ന് ഈ ദസ്യുക്കൾക്ക് എല്ലാറ്റിലും ഇടിവു വരുത്തിഃ അകർമ്മികളായ മനുഷ്യരെ ഗർഹിതരാക്കി. നിങ്ങളിരുവരും വൈരികളെ വലച്ചു; വധിച്ചു. വധംമൂലം പൂജിതരുമായി! 4
സോമ, നിങ്ങൾ – ഭവാനും ഇന്ദ്രനും – മഹത്തായ അശ്വസമൂഹത്തെയും ഗോക്കളെയും ബലംകൊണ്ടു വീണ്ടെടുത്തു; അടയ്ക്കപ്പെട്ട അവയെയും ഭൂമികളെയും നല്കുകയും ചെയ്തു. മഘവാക്കളേ, മാറ്റലരെ മർദ്ദിയ്ക്കുന്ന നിങ്ങൾ ഇച്ചെയ്തതൊക്കെ സത്യമാണ്! 5
[1] കതകുകാൾ – വൃഷ്ടിജലത്തിന്റെ.
[2] ഇന്ദോ – ഹേ സോമ. മുകൾവശം – അന്തരിക്ഷം.
[3] പോകുന്നവരെഎന്നപോലെ – പോകുന്നവരെ ഒരു തട്ടിപ്പറിക്കാരനെന്നപോലെ. അനേകായിരംപേരെ – ദുർഗ്ഗപ്രദേശത്തെയ്ക്കു പാഞ്ഞ അസുരന്മാരെ. നിഹനിച്ചു – ഇന്ദ്രന്‍ കൊന്നു.
[5] അടയ്ക്കപ്പെട്ട അവയെയും – പണികൾ മറവിൽ നിർത്തിയ ഗോക്കളെയൂം. ഭൂമികളെയും – പണികളുടെ ചില ഭൂമികളെയും. നല്കുകയുംചെയ്തൂ – ഗോക്കളുടെ ഉടമകൾക്കു കൊടുക്കുകയുംചെയ്തു.