വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ഇന്ദ്ര, ഉച്ചത്തിൽ പുകഴ്ത്തപ്പെടുന്നവനും സത്യധനനും സ്വാമിയുമായ ഭവാൻ സ്തുതിയാൽ തുഷ്ടിപൂണ്ടു, ഞങ്ങളുടെ അന്നോപേതങ്ങളായ പൂർണ്ണസവനങ്ങൾക്കു ഹരികളോടുകൂടി രക്ഷണാർത്ഥം വന്നാലും! 1
നല്ല കുതിരകളുള്ള യാതൊരു നിർഭയൻ പിഴിയുന്നവരാൽ പുകഴ്ത്തപ്പെട്ട, വീരരൊന്നിച്ചു മത്തടിയ്ക്കുമോ; ആ മനുഷ്യഹിതനായ സർവജ്ഞന്‍ പിഴിയുന്നവരാൽ വിളിയ്ക്കുപ്പെട്ടിട്ടു യജ്ഞത്തിലെഴുന്നള്ളട്ടെ! 2
താങ്കൾ ഇന്ദ്രന്റെ കർണ്ണങ്ങളെ, ബലപ്പെടുത്താനും നില്ക്കുന്നേടത്തൊക്കെ മത്തുപിടിപ്പിയ്ക്കാനുംവേണ്ടി, കേൾപ്പിയ്ക്കുക: സേചിയ്ക്കുപ്പെടുന്ന ആ ബലവാന്‍ നമുക്കു ധനത്തിന്നായി നല്ല തീർത്ഥവും അഭയവും തന്നരുളട്ടെ: 3
ആശുഗാമികളായ തന്റെ നൂറുമായിരവും കുതിരകളെ മുമ്പിൽ കെട്ടി, ഇങ്ങനെ സ്തുതിച്ചു രക്ഷ യാചിച്ചു വിളിയ്ക്കുന്ന മേധാവിയുടെ അടുക്കൽ എഴുന്നള്ളുന്നവനാണല്ലോ, ഈ വജ്രപാണി! 4
ഇന്ദ്ര, മഘവാവേ, നിന്തിതിരുവടിയാൽ രക്ഷിയ്കപ്പെട്ടു സ്തുതിയക്കുന്ന മേധാവികളും വിദ്വാന്മാരുമായ ഞങ്ങൾ, ശോഭയേറിയതും നീളെ സ്തൂത്യവും അന്നസമൃദ്ധവുമായ ധനം അവിടുന്നു കല്പിച്ചുതരാൻ വേണ്ടി, സേവിയ്ക്കുമാറാകട്ടെ. 5
[1] സവനങ്ങൾ = യജ്ഞങ്ങൾ. ഹരികൾ – ഇന്ദ്രന്റെ രണ്ടു കുതിരകൾ.
[2] പിഴിയുന്നവര്‍ – സോമം പിഴിയുന്ന യജമാനന്മാര്‍. വീരര്‍ മരുത്തുക്കൾ.
[3] സ്തോതാവിനോടു പറയുന്നു: ബലപ്പെടുത്താനും മത്തുപിടിപ്പിയ്ക്കാനും – ഇന്ദ്രനെ. കേൾപ്പിയ്ക്കുക – സ്തോത്രം. സേചിയ്ക്കപ്പെടുന്ന-സോമനീര്‍കൊണ്ട്.
[4] മുമ്പില്‍ – തേരിന്റെ.