വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഋഭുക്കൾ ദേവത.
ഞാന്‍ ഋഭുക്കൾക്കു സ്തോത്രത്തെ, ഒരു ദൂതനെ എന്നപോലെ അയയ്ക്കുന്നു; ഉപസ്തരണത്തിന്ന്, ഒരു കറവപ്പയ്യിനെ യാചിയ്ക്കുകയും ചെയ്യുന്നു. നടമിടുക്കള്ള കുതിരകളെക്കൊണ്ടു കാറ്റിനൊപ്പും പാഞ്ഞു, വാനിലെങ്ങും ഉടനടി വ്യാപിയ്ക്കുന്നവരാണല്ലൊ, ആ കർമ്മികൾ! 1
ധീരരായ ഋഭുക്കൾ അച്ഛനമ്മമാരെ ശുശ്രൂഷിച്ചു, യുവാക്കളാക്കി, കർമ്മങ്ങൾ തുലോം അനുഷ്ഠിച്ചുപോന്നു. ഉടൻതന്നേ ദേവകളുടെ സഖ്യം നേടി; മനസ്സിന്നു മഹത്ത്വം വരുത്തി! 2
ചുക്കിച്ചുളിഞ്ഞു രണ്ടു തൂണുകൾപോലേ കിടന്നിരുന്ന അച്ഛനമ്മമാരെ യാവചിലര്‍ നിത്യയുവാക്കളാക്കി മാറ്റിയോ; ആ വാജനും വിഭ്വാവും ഋഭുവും ഇന്ദ്രനോടൊരുമിച്ചു സോമം കുടിച്ചു നമ്മുടെ യജ്ഞം രക്ഷിയ്ക്കട്ടെ! 3
ഋഭുക്കൾ ഒരാണ്ടു പയ്യിനെ രക്ഷിച്ചു; ഋഭുക്കൾ ഒരാണ്ട് അതിന്ന് അവയവങ്ങളുണ്ടാക്കി; ഒരാണ്ട് അതിന്നു നിറം വരുത്തി. ആ കർമ്മങ്ങളാൽ അമരത്വം നേടി! 4
ജ്യേഷ്ഠൻ പറഞ്ഞു: ‘ഒരു ചമസം രണ്ടാക്കുക.’ അനുജന്‍ പറഞ്ഞു, മൂന്നാക്കാമെന്ന്. ഇളയവന്‍ പറഞ്ഞു, നാലാക്കാമെന്ന്. ഋഭുക്കളേ, നിങ്ങളുടെ ആ സംഭാഷണം ത്വഷ്ടാവു കൊണ്ടാടി. 5
മനുഷ്യരായ ഋഭുക്കൾ പറഞ്ഞതു നേരായിരുന്നു: അവര്‍ അങ്ങനെതന്നെ ചെയ്തു ഈ അമൃതും നേടി. പകല്‍പോലെ വിളങ്ങുന്ന നാലു ചമസം കണ്ടിട്ടു ത്വഷ്ടാവു ശരിവെച്ചു! 6
ഋഭുക്കൾ പന്തിരണ്ടുനാളുകളിൽ പകലോന്റെ അതിഥികളായി സുഖേന പാർത്തു, പാടങ്ങളെ ശോഭങ്ങളാക്കി; നദികളെ ഒഴുകിച്ചു. ഓഷധികൾ നിർജ്ജലസ്ഥലങ്ങളിൽ നില്ക്കയായിരുന്നു; വെള്ളം കുഴികളിലും! 7
വട്ടിന്മേല്‍നിന്നു ശരിയ്ക്കുരുളുന്ന രഥം എവര്‍ നിർമ്മിച്ചുവോ; വിശ്വത്തെ ഉന്മേഷപ്പെടുത്തുന്ന വിശ്വരൂപധേനുവിനെയും എവര്‍ നിർമ്മിച്ചുവോ; ആ സുകർമ്മാക്കളും സുരക്ഷരും സുഹസ്തരുമായ ഋഭുക്കൾ നമുക്കു ധനമുണ്ടാക്കിത്തരട്ടെ! 8
ഇവരുടെ പണിത്തരം കർമ്മത്താൽ മനംതെളിഞ്ഞു വിളങ്ങിയ ദേവന്മാർ കൈക്കൊണ്ടു: സുകർമ്മാവായ വാജന്‍ ദേവകളുടെയായി ഋഭുജ്യേഷ്ഠൻ ഇന്ദ്രനെ; വിഭ്വാവു വരുണന്റെ. 9
പ്രജ്ഞയാൽ സ്തുതിച്ചിമ്പപ്പെടുത്തി രണ്ടു ഹരികളെ സൃഷ്ടിച്ചതെവരോ – ഇന്ദ്രന്നായി സുഖേന പൂട്ടാവുന്ന രണ്ടശ്വങ്ങളെ സൃഷ്ടിച്ചതെവരോ; ഋഭുക്കളേ, ആ നിങ്ങൾ ഞങ്ങളിൽ ധനപുഷ്ടിയും സുഖവും, ക്ഷേമകാംക്ഷികൾ മിത്രത്തെ എന്നപോലെ ചേർത്തുവെച്ചാലും! 10
ഇപ്പോൾ നിങ്ങൾക്ക് അഹസ്സിൽ സോമപാനവും മത്തും ദേവകൾ വെച്ചിരിയ്ക്കുന്നു: തളർന്നവങ്കലല്ലാതെ അവര്‍ സഖ്യം ചെയ്യില്ല. ഋഭുക്കളേ, ആ നിങ്ങൾ തീർച്ചയായും ഈ മൂന്നാം സവനത്തിൽ ഞങ്ങൾക്കു ധനം കൊണ്ടുവരണം! 11
[1] കർമ്മീകൾ – ലോകോപകാരികൾ.
[4] പയ്യിനെ – ചത്ത പയ്യിന്റെ ശവത്തെ. ഇക്കഥയും ചമസനിർമ്മാണാദികളും ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്.
[6] അങ്ങനെതന്നെ ചെയ്തു-നാലാക്കീ. ഈ അമൃത് – മൂന്നാം സവനത്തിലെ സോമനീര്.
[7] ഋഭുക്കൾ സൂര്യരശ്മികൾതന്നെയാണെന്ന പക്ഷത്തെ അവലംബിച്ചുള്ളതാണ്, ഈ ഋക്ക്. പന്തിരണ്ടു നാളുകൾ – തിരുവാതിരമുതൽ പന്തിരണ്ടു വൃഷ്ടിനക്ഷത്തങ്ങൾ.
[9] വാജന്‍ – ഇളയ ഋഭു. ഋഭുജ്യേഷ്ഠന്‍ – ഋഭു എന്ന മൂത്ത ആൾ. വിഭ്വാവ് – വാജന്റെ ജ്യേഷ്ഠനും ഋഭുവിന്റെ അനുജനുമായ മധ്യമന്‍.
[11] വെച്ചിരിയ്ക്കുന്നു – നിശ്ചയിച്ചിരിയ്ക്കുന്നു. തളർന്നവന്‍ – തപഃശ്രാന്തന്‍.