ഋഷിച്ഛന്ദോദേവതകൾ മുമ്പത്തേവ.
ഋഭോ, വിഭ്വാവേ, വാജ, ഇന്ദ്ര, നിങ്ങൾ ഞങ്ങളുടെ ഈ യാഗത്തിൽ രത്നം തരാന്‍ വന്നുചേർന്നാലും: ഇപ്പോൾ നിങ്ങൾക്ക് അഹസ്സിൽ പാനം വാഗ്ദേവി നിശ്ചയിച്ചിരിയ്ക്കുന്നുവല്ലോ; അതിനാൽ നിങ്ങൾക്കു മത്തും പിടിയ്ക്കാം! 1
അന്നംകൊണ്ടു ശോഭിയ്ക്കുന്ന ഋഭുക്കളേ, ജന്മമറിഞ്ഞ നിങ്ങൾ ദേവകളൊന്നിച്ചു മത്തടിയ്ക്കുവിൻ: മത്തും സ്തുതിയും നിങ്ങളിലണയട്ടെ നിങ്ങൾ ഞങ്ങൾക്കു നല്ല വീരന്മാരെയും ധനവും അയയ്ക്കുവിൻ! 2
ഋഭുക്കളേ, മനുഷ്യര്‍പോലെ വിളങ്ങുന്ന നിങ്ങൾ യാതൊന്നിനെ ഉൾക്കൊള്ളമോ, ആ യജ്ഞം ഇതാ, നിങ്ങൾക്കായി ഉണ്ടാക്കപ്പെട്ടിരിയ്ക്കന്നു. ഇതു നിങ്ങളിൽ ചേരാനിരിയ്ക്കുകയാണ്: വാജന്മാരേ, അഗ്രാസനം നേടിയവരാണല്ലോ, നിങ്ങളെല്ലാവരും! 3
നേതാക്കളേ, ഇപ്പോൾ ഹവിസ്സു നല്കി പരിചരിയ്ക്കുന്ന മനുഷ്യന്നു കിട്ടട്ടെ, നിങ്ങളുടെ രത്നദാനം: ഋഭോ, വിഭ്വാവേം, വാജ, നിങ്ങൾ കടിയ്ക്കുവിൻ; നിങ്ങൾക്കു മത്തിന്നായി ഞാന്‍ തരുന്നു, മഹത്തായ മൂന്നാം സവനം! 4
ഋഭുവിഭ്വാജന്മാരേ, നേതാക്കളായ നിങ്ങൾ മഹത്തായ ദ്രവ്യത്തെ പുഴ്ത്തിക്കൊണ്ടു, ഞങ്ങളുടെ അടുക്കൽ വന്നാലും: പകലിന്റെ അവസാനത്തിൽ ഈ പാനങ്ങൾ, പുതുതായി പെറ്റ പൈക്കൾ ഗൃഹത്തിലെന്നപോലേ. നിങ്ങളിൽ വന്നണയുന്നു! 5
കെല്പിടിയാത്തവരേ, പുകഴ്ത്തി വിളിയ്ക്കപ്പെടുന്ന നിങ്ങൾ ഈ യജ്ഞത്തിൽ വന്നുചേർന്നാലും: നിങ്ങൾ ആരുടെയോ, ആ ഇന്ദ്രനൊന്നിച്ചു, സമാനപ്രീതിയോടേ, രത്നം നല്കുന്ന സൂരികളായ നിങ്ങൾ മധു നുകർന്നാലും! 6
ഇന്ദ്ര, സ്തുതിസേവ്യ, ഭവാൻ വരുണനോടു സമാനപ്രീതിയായി, മരുത്തുക്കളോടു സമാനപ്രീതിയായി, മുമ്പേ കുടിയ്ക്കുന്ന ഋതുയാജരോടു സമാനപ്രീതിയായി, രത്നദാത്രികളായ സ്ത്രീപാലികമാരോടു സമാന പ്രീതിയായി, സോമം കുടിച്ചാലും! 7
ഋഭുക്കളേ, നിങ്ങൾ ആദിത്യരോടൊന്നിച്ചു, പർവതരോടൊന്നിച്ചു, ദേവഹിതനായ സവിതാവോടൊന്നിച്ചു, രത്നം നല്കുന്ന നദികളോടൊന്നിച്ചു മത്തുകൊള്ളവിൻ! 8
ഈ ഋഭുക്കൾ അശ്വികളെ പ്രീതിപ്പെടുത്തി; ഇവര്‍ അച്ഛനമ്മമാരെ രക്ഷിച്ചു; ഇവര്‍ പയ്യിനെ, ഇവര്‍ കുതിരകളെ നിർമ്മിച്ചു; ഇവര്‍ കവചങ്ങൾ രചിച്ചു; ഇവര്‍ വാനൂഴികളെ വേര്‍പെടുത്തി; വ്യാപ്തരായ ഈ നേതാക്കൾ നല്ല കർമ്മങ്ങൾ ചെയ്തു. 9
ഋഭുക്കളെ, ഗോക്കളും ബലവും നല്ല വീരന്മാരും പാർപ്പിടവും ധാരാളമന്നവും ചേർന്ന ധനം നിങ്ങളുടെ പക്കലുണ്ടല്ലോ; ആ മുമ്പേ കുടിയ്ക്കുന്ന, ദത്തത്തെ പുകഴ്ത്തുന്ന നിങ്ങൾ മത്തു പൂണ്ടു ഞങ്ങൾക്കു തന്നാലും! 10
ഋഭുക്കളേ, നിങ്ങൾ പോയ്ക്കളയരുത്: ഞങ്ങൾ നിങ്ങളെതെല്ലും ദാഹിപ്പിയ്ക്കില്ല. ദേവന്മാരേ, നിങ്ങൾ മാനിയ്ക്കുപ്പെട്ട്, ഈ യജ്ഞത്തിൽ ഇന്ദ്രനോടൊന്നിച്ചു, മരുത്തുക്കളോടൊന്നിച്ചു, ശോഭമാനരോടൊന്നിച്ചു, രത്നം തരാധായി മത്തുകൊള്ളുവിന്‍! 11
[1] പാനം – സോമപാനം. വാഗ്ദേവി – പ്രജാപതിയുടെ അരുളപ്പാട്.
[2] അന്നം-സോമനീർ. ജന്മം – മനുഷ്യരായ തങ്ങൾ ദേവത്വം പ്രാപിച്ചത്. സ്തുതി – ഞങ്ങളുടെ.
[3] ഉൾക്കൊള്ളുക – ഉദരത്തിൽ ധരിയ്ക്കുക. യജ്ഞം – സോമം. വാജന്മാര്‍ – ഋഭുവും, വിഭ്വാവും വാജനും.
[5] പൈക്കൾ വൈകുന്നേരം മേച്ചില്‍പ്പുറംവിട്ട് ഉടമസ്ഥന്റെ ഗൃഹത്തിൽ തിരിച്ചുവരുമല്ലോ.
[6] മധു – മധുരമായ സോമം.
[7] സ്തുതിസേവ്യ = സ്തൂതികൾകൊണ്ടു സേവിയ്ക്കുപ്പെടേണ്ടുന്നവനേ. ഋതുയാജര്‍ – ഒരുകൂട്ടം ദേവന്മാര്‍. സ്ത്രീപാലികമാര്‍ – സ്ത്രീകളെ രക്ഷിയ്ക്കുന്ന ദേവിമാർ.
[8] പർവതര്‍ – ഒരുകൂട്ടം ദേവന്മാര്‍.
[9] കവചങ്ങൾ – ദേവന്മാർക്ക്.
[10] ദത്തം – സോമവും മറ്റും. തന്നാലും – ധനം.
[11] ദാഹിപ്പിയ്ക്കില്ല – സോമനീര്‍ വേണ്ടുവോളം തരാം. ശോഭമാനര്‍ – മറ്റു ദേവന്മാര്‍.