ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
കെല്പിടിയാത്ത സുധന്വപുത്രരായ ഋഭുക്കളേ, നിങ്ങൾ ഇങ്ങോട്ടു വരുവിന്‍, പോയ്ക്കളയരുത്: ഈ സവനത്തിൽ മധുക്കൾ നിങ്ങളെ – രത്നാദാതാവായ ഇന്ദ്രനെയും, പിന്നെ നിങ്ങളെയും – പ്രാപിയ്ക്കുമാറാകട്ടെ! 1
വെടുപ്പിൽ പിഴിഞ്ഞ സോമം കുടിയ്ക്കുന്ന ഋഭുക്കൾക്കാണ്, ഇവിടെ രത്നദാനം: അവര്‍ സല്‍ക്കർമ്മേച്ഛകൊണ്ടും കരകൌശലംകൊണ്ടും ഒരൊറ്റച്ചമസം നാലാക്കിയല്ലോ! 2
വാജന്മാരേ, നിങ്ങൾ ഒരു ചമസം നാലാക്കി; എന്നിട്ടു, ‘സഖേ, അരനഗ്രഹിച്ചാലും’ എന്നുരിയാടി. ‘ഋഭുക്കളേ, കരകൌശലക്കാരായ നിങ്ങൾ അമൃതത്തിന്റെ മാർഗ്ഗത്തെ – ദേവഗണത്തെ – പ്രാപിച്ചാലും!’ 3
എങ്ങനെയുള്ളതായിരുന്നു, ബുദ്ധിസാമർത്ഥ്യംകൊണ്ടു നാലാക്കപ്പെട്ട ആ ചമസം? ആകട്ടെ, നിങ്ങൾ സോമം പിഴിയുവിൻ; ഋഭുക്കളേ, നിങ്ങൾ മത്തിന്നു മധുരസോമം കുടിയ്ക്കുവിൻ! 4
രത്നമായ അന്നമുള്ള ഋഭുക്കളേ, നിങ്ങൾ വേലകൊണ്ട് അമ്മയച്ഛന്മാരെ യുവാക്കളാക്കി; വേലകൊണ്ടു ചമസം ദേവപാനയോഗ്യമാക്കി; വേലകൊണ്ടു, ഗതിവേഗമേറിയ ഇന്ദ്രവാഹനങ്ങളായ രണ്ടു ഹനികളെ നിർമ്മിച്ചു! 5
അന്നവാന്മാരായ ഋഭുക്കളേ, പകലറുതിയിൽ നിങ്ങളെ മത്തുപിടിപ്പിയ്കാന്‍ ആര്‍ കടുംസോമം പിഴിയുമോ? വൃഷാക്കളേ, അവന്നു നിങ്ങൾ ഇമ്പം പൂണ്ടു വളരെ വീരന്മാരോടുകൂടിയ ധനം നിർമ്മിയ്ക്കുവിൻ! 6
ഹര്യശ്വ, രാവിലെ പിഴിഞ്ഞതു ഭവാന്‍ നുകർന്നു; ഉച്ചയ്ക്കലെ സോമം അങ്ങയ്ക്കുമാത്രമാണല്ലോ. ഇന്ദ്ര, ഇനി, ശോഭനകർമ്മംമൂലം അങ്ങയാൽ സഖാക്കളാക്കപ്പെട്ട രമ്യദാനന്മാരായ ഋഭുക്കളോടൊന്നിച്ചു പാനംചെയ്താലും 7
ശോഭനകർമ്മത്താൽ ദേവന്മാരായിത്തീർന്നു, പരുന്തുകൾപോലെ വാനിൽ പാർക്കുകയാണല്ലോ, നിങ്ങൾ കെല്പിടിയാത്ത സുധന്വപുത്രന്മാരേ, അമൃതത്വമടഞ്ഞ ആ നിങ്ങൾ ധനം തന്നരുളിയാലും. 8
കരകൌശലക്കാരായ ഋഭുക്കളേ, രത്നത്തെ നല്കുന്ന മൂന്നാം സവനത്തിൽ നിങ്ങൾ സംബന്ധിച്ചുവല്ലേ; സല്‍ക്കർമ്മേച്ഛയാല്‍, അതിന്റെ ഈ അരിച്ച സോമം നിങ്ങൾ, നിങ്ങളുടെ മത്തു പൂണ്ട ഇന്ദ്രീയങ്ങൾകൊണ്ടു കുടിയ്ക്കുവിൻ! 9
[1] മധുക്കൾ – മദകരങ്ങളായ സോമങ്ങൾ.
[2] രത്നദാനം – സോമാർപ്പണം.
[3] ഉരിയാടി – അഗ്നിയോടു പറഞ്ഞു. ഋഭുക്കളേ എന്നാദിയായ വാക്യം അഗ്നിയ്യുടെ മറുപടിയാകുന്നു. അമൃതം – സ്വർഗ്ഗം.
[4] നിങ്ങൾ എന്നു തുടങ്ങിയ വാക്യം ഋത്വിക്കുകളോടുള്ളതാണ്.
[5] രത്നമായ അന്നം – രമണീയമായ സോമം.
[8] അമൃതത്വം = ദേവത്വം.
[9] രത്നം – സോമം. നേത്രാദീന്ദിയങ്ങൾക്കു പാതൃത്വം ആരോപിച്ചിരിയ്ക്കുന്നതു, സോമത്തിന്റെ ഗുണാധിക്യം വ്യഞ്ജിപ്പിയ്ക്കാനാണ്.