വാമദേവന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഋഭുക്കൾ ദേവത.
ഋഭുക്കളേ, കുതിരയും കടിഞാണും വേണ്ടാത്ത മൂവരുൾത്തേര്‍ സ്തുത്യർഹമായി അന്തരിക്ഷത്തിൽ ചുറ്റിനടക്കുന്നു; നിങ്ങൾ വനൂഴികളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ഇതു നിങ്ങളുടെ ദേവത്വത്തെ പ്രഖ്യാപിയ്ക്കുന്നു! 1
നേരേ പോകുന്ന സുചക്രമായ രഥത്തെ ശോഭനഹൃദയരായ യാവചിലര്‍ മനസ്സങ്കല്പംകൊണ്ടു നിർമ്മിച്ചുവോ; ഋഭോ, വാജ, ആ നിങ്ങളെ ഈ സവനത്തിൽ പാനംചെയ്വാൻ ഞങ്ങൾ ക്ഷണിയ്ക്കുന്നു. 2
വാജ, ഋഭോ, വാർദ്ധക്യംകൊണ്ടു ചുക്കിച്ചുളിഞ്ഞ അമ്മയച്ഛന്മാരെ നിങ്ങൾ വീണ്ടും സഞ്ചരിയ്ക്കുന്ന യുവാക്കളാക്കിയല്ലോ; വിഭുക്കളേ, നിങ്ങളുടെ ആ മഹത്ത്വം ദേവകളില്‍വെച്ചു പ്രശംസനീയംതന്നെ! 3
വാജ, ഋഭോ, നിങ്ങൾ ഒറ്റച്ചമസത്തിന്നു നാലു ശാഖകളുണ്ടാക്കി; വേലചെയ്തു പയ്യിനെ തോലണിയിച്ചു; അങ്ങനെ നിങ്ങൾ ദേവകളുടെ ഇടയിൽ അമൃതത്വം നേടി. അതു പൊടുന്നനെ പുകഴ്ത്തേണ്ടതുതന്നെ! 4
അന്നംകൊണ്ടു വിളിപ്പെട്ടു നേതാക്കളായ ഋഭുക്കൾ ഉല്‍പാദിപ്പിച്ച ധനത്തിന്റെ യശസ്സു കുറച്ചല്ല. ഋഭുക്കളുടെ തച്ചന്‍പണി യാഗങ്ങളിൽ സ്തുത്യമാകുന്നു; ദേവന്മാരേ, നിങ്ങൾ രക്ഷിക്കുന്ന അതു ദർശനീയംതന്നെ! 5
വാജനും വിദ്വാവും ഋഭുവും ആരെ രക്ഷിയ്ക്കുമോ, അവന്‍ ബലവാനായി സഞ്ചാരകശലനാകും അവന്‍ ഋഷിയായി സ്തുതിയ്ക്കും; അവന്‍ ശൂരനായി (ശത്രുക്കളെ) തള്ളിനീക്കും, യുദ്ധങ്ങളിൽ ദുസ്തരനുമാകും; അവന്നു ധനം വർദ്ധിയ്ക്കും; അവന്നു നല്ല വീര്യമുണ്ടാകും! 6
വാജ, ഋഭോ, മേന്മയേറിയതാണ്, ശ്രേഷ്ഠവും ദർശനീയവുമായ നിങ്ങളുടെ രൂപം. അതിനെക്കുറിച്ചുള്ള സ്തോത്രം കേട്ടാലും: ധീമാന്മാരും കവികളും വിദ്വാന്മാരുമാണല്ലോ, നിങ്ങൾ; ആ നിങ്ങളെ ഞങ്ങൾ ഈ മന്ത്രംകൊണ്ടു ക്ഷണിയ്ക്കുന്നു. 7
ഋഭുക്കളേ, നിങ്ങൾ ഞങ്ങളുടെ സ്തുതികളാല്‍, മനുഷ്യർക്കുവേണ്ടുന്ന ഭോഗ്യങ്ങളെല്ലാമറിഞ്ഞു, ഞങ്ങൾക്കു കാന്തിയും കരുത്തുമുള്ള, കെല്പന്മാരെ ഉണക്കുന്ന, മികച്ച ധനവും, അന്നവും ഉണ്ടാക്കിത്തരുവിന്‍! 8
ഋഭുക്കളേ, നിങ്ങൾ ഇവിടെ വിളയാടി ഞങ്ങൾക്കു സന്തതിയും, ഇവിടെ ധനവും, ഇവിടെ വീരസമേതമായ യശസ്സും ഉണ്ടാക്കുവിൻ; യാതൊന്നുകൊണ്ടു ഞങ്ങൾ മറ്റുള്ളവരെക്കൾ അറിയപ്പെടുമോ, ആ പൂജനീയമായ അന്നം ഞങ്ങൾക്കു തന്നരുളുപവിൻ! 9