വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ഋഭുക്കൾ ദേവത.
വാജ, ഋഭോ, ദേവന്മാരേ, ഈ മനുഷ്യരിൽവെച്ചു രമണീയരും ദിവസങ്ങളെ സുദിനങ്ങളാക്കാൻ യജ്ഞത്തെ നിലനിർത്തുന്നവരുമായ നിങ്ങൾ ദേവകളുടെ വഴിയിലൂടേ ഞങ്ങളുടെ യാഗത്തിൽ വന്നു ചേർന്നാലും! 1
ഇന്നു, നൈചേർന്നു മിന്നുന്ന ഈ പർയ്യാപ്തങ്ങളായ സോമങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ചു പ്രീതിയുളവാക്കട്ടെ; പിഴിഞ്ഞു നിറച്ച ഇവ നിങ്ങളെ തുലോം കാമിയ്ക്കുന്നു; ജോലിയിൽ ഉത്സാഹത്തിന്നായി കുടിയ്ക്കപ്പെട്ടിട്ട് ഇമ്പംകൊള്ളിയ്ക്കട്ടെ! 2
വാജ, ഋഭോ, നിങ്ങളെ മൂന്നുപ്രാവശ്യമുദിയ്ക്കുന്ന ദേവഹിതമായ സോമവും, നിങ്ങളെ സ്തോത്രവും വഹിയ്ക്കുമല്ലോ; അതിനാൽ അരികേ രസിയ്ക്കുന്ന മനുഷ്യരുടെയും ദേവന്മാരുടെയും ഇടയിൽ ഞാന്‍, മനുവെന്നപോലെ അതു നിങ്ങൾക്കായി ഒപ്പം ഹോമിച്ചുകൊള്ളുന്നു. 3
ഋഭുക്കളേ, തടിച്ച കുതിരയും, തിളങ്ങുന്ന തേരും ഇരിമ്പിന്നൊത്ത അണക്കടയും നല്ല ധനവുമുള്ളവരാണ്, നിങ്ങൾ; ഇന്ദ്രന്നരുമകളായ ബലിഷ്ഠന്മാരേ, നിങ്ങൾക്കു മത്തിന്നു വെയ്കുപ്പെട്ടതാണല്ലോ, അഗ്രഭാഗം. 4
ഋഭുക്കളേ, പരന്ന ശോഭയും പടയിൽ വന്‍കരുത്തും കുതിരകളും ഇന്ദ്രിയബലവുമുള്ള, തമ്മില്‍ച്ചേർന്ന, സദാ ദാനനിരതമായ, ധനരൂപമായ നിങ്ങളുടെ ഗണത്തെ ഞങ്ങൾ വിളിച്ചുകൊള്ളുന്നു. 5
ഋഭുക്കളേ, നിങ്ങളും ഇന്ദ്രനും യാതൊരു മനുഷ്യനെ രക്ഷിയ്ക്കുന്നുവോ; അവൻതന്നേ, അവൻതന്നേ കർമ്മഭാക്കാകട്ടെ! അവൻതന്നെ യാഗത്തിൽ അശ്വയുക്തനാകട്ടെ! 6
വാജ, ഋഭോ, നിങ്ങൾ ഞങ്ങൾക്കു യജ്ഞമാർഗ്ഗം പറഞ്ഞുതരുവിന്‍! സ്തുതിയ്ക്കപ്പെട്ട സൂരികളായ നിങ്ങൾ ഞങ്ങളെ ആശയെല്ലാം കടത്തിവിടുവിൻ! 7
വാജ, ഋഭോ, ഇന്ദ്രം അശ്വികളേ, നിങ്ങൾ മനുഷ്യരായ ഞങ്ങൾക്കു വളരെദ്ധനത്തെയും അശ്വത്തെയും വളരെ ദ്രവ്യം ദാനംചെയ്യാനായി കല്പിച്ചുതന്നാലും! 8
[2] പര്യാപ്തങ്ങൾ – മതിയാവോളമുള്ളവ. നിങ്ങളെ കാമിയ്ക്കുന്നു – നിങ്ങൾ കുടിയ്ക്കേണമെന്നിച്ഛിയ്ക്കുന്നു. ഒടുക്കത്തെ വാക്യത്തിലും കര്‍ത്തൃപദം, ഇവ എന്നതുതന്നെ.
[3] മൂന്നുപ്രാവശ്യമുദിയ്ക്കുന്ന – പ്രാതർമ്മധ്യാഹ്നസായംസവനങ്ങളിൽ ആവിർഭവിയ്ക്കുന്ന. വഹിയ്ക്കും – വാഹനംപോലെ ഇങ്ങോട്ടു കൊണ്ടുവരുമെന്നു സാരം. അരികേ – യജ്ഞസമീപത്ത്. അതു – സോമം.
[4] മത്തിന്നു – കുടിച്ചു മദിപ്പാൻ. അഗ്രഭാഗം – തൃതീയസവനത്തിന്റെ.
[6] അവൻതന്നേ, അവന്‍തന്നേ – അന്യനാകരുത്.
[7] കടത്തിവിടുവിൻ – നിറവേറിയവരാക്കുവിന്‍.