വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ദ്യാവാപൃഥിവികളും ദധിക്രാവും ദേവത.
നിങ്ങളിരുവരുടെ പുരാതസ്വത്താണല്ലോ, ദാതാവായ ത്രസദസ്യു അർത്ഥികൾക്കു നല്കിയിരുന്നത്: അശ്വം, പുത്രൻ, ദസ്യുക്കളെ അമർത്തുന്ന ഉഗ്രായുധം എന്നിവയെയും നിങ്ങൾ കൊടുത്തു! 1
അത്രമാത്രമല്ല, അശ്വരൂപനും, വളരെപ്പേരെ തള്ളിനീക്കുന്നവനും, വിശ്വസേവിതനും. പരുന്തുപോലെ ഋജൂശീഘ്രഗാമിയും, ദീപ്തഗാത്രനും, കൂടലരെ കൊയ്യുന്ന ശുരനുമായ, ഒരു രാജാവുപോലുള്ള ദധിക്രാവിനെയും കൊടുത്തു: 2
താന്നേടത്തൂടേ പായും; ഒരു യുദ്ധേച്ഛുവായ ശുരൻപോലെ ദിക്കുകളെ കാല്‍നടയാൽ ലംഘിപ്പാനൊരുങ്ങും; തേരിൽ സഞ്ചരിയ്ക്കും – ഇങ്ങനെയുള്ള ആ വായുവേഗനെ മനുഷ്യരെല്ലാം ഇമ്പപ്പെടുത്തി സ്തുതിയ്ക്കുന്നു. 3
അവന്‍ യുദ്ധങ്ങളിൽ പടകളെ തടുത്തു, തുലോം ഇടപെട്ടു, ദിക്കുകളിൽ ചെന്നു സാധനങ്ങൾ നേടി, അറിയേണ്ടവ കണ്ടുവെച്ച്, ആപ്തനായ മനുഷ്യന്റെ എതിരാളിയെ ആട്ടിപ്പായിയ്ക്കും. 4
പോരാ, അന്നത്തെയോ മാടിൻകൂട്ടത്തെയോ നോക്കിച്ചെല്ലുന്ന അവനെക്കുറിച്ചു യുദ്ധങ്ങളിൽ ആളുകൾ വസ്ത്രം കക്കുന്ന തസ്കരനെക്കുറിച്ചെന്നപോലെയും, പശിമൂലം താന്നുപറക്കുന്ന പരുന്തിനെക്കുറിച്ചെന്നപോലെയും നിലവിളിക്കും! 5
പോരാ, അസുരപ്പടകജിലിറങ്ങാനൊരുങ്ങുന്ന ആ അത്യുകൃഷ്ടന്‍, കോപ്പണിഞ്ഞ കുതിരപോലെ ശോഭിച്ചും, പൊടി നക്കിയും, കടിഞാണ്‍ കടിച്ചും തേര്‍നിരയോടൊപ്പം പാഞ്ഞുനടക്കും! 6
പോരാ, സമരത്തിൽ സഹിഷ്ണുവും, ഋജുഗാമിയും, അന്നവാനുമായ ആ വാജി സ്വദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടും, വെമ്പുന്ന പടകളിൽ വെമ്പിയും, പൊടിയണിഞ്ഞ്, അതു പുരികത്തിൻമീതെ വിതറും! 7
പോരാ, തിളങ്ങുന്ന ഇടിവാൾപോലെ കൊന്നുകളയുന്ന അവനെ എതിരാളികൾ പേടിയ്ക്കുന്നു: എങ്ങും ആയിരംപേരോടു പൊരുതിത്തുടങ്ങിയാല്‍, കോപ്പണിഞ്ഞ അവന്‍ ഭയംകരനും ദുർന്നിവാരനുമായിത്തീരും! 8
പോരാ, ആ മനുഷ്യാഭിലാഷപൂരകനായ വേഗവാന്റെ ചെറുക്കലും കീഴമർത്തലും ആളുകൾ പുകഴ്ത്തിപ്പോരുന്നു; പോരാ, അവനെപ്പറ്റി യുദ്ധത്തിൽ നടക്കുന്നവര്‍ പറയും: – ‘ദധിക്രാവ് ആയിരമാളുകളോടുകൂടി മറ്റൊരേടത്തെയ്ക്കു തിരിച്ചു!’ 9
യാതൊരു ദധിക്രാവ് ബലംകൊണ്ടു, പഞ്ചജനങ്ങളെ തേജസ്സു കൊണ്ടു സൂര്യനെന്നപോലെ, ജലങ്ങളെ പരത്തിയോ; ആയിരവും നൂറും നല്കുന്ന ആ ഗമനകുശലനായ വാജി ഈ സ്തുതികളെ മധുരഫലത്തോടു ചേർക്കട്ടെ! 10
[1] ദ്യാവാപൃഥിവികളോടു പറയുന്നത്; ഇരുവരുടെ – ഇരുവരില്‍നിന്നു ലഭിച്ച. കൊടുത്തു – ത്രസദസ്യുവിന്ന്.
[2] അശ്വരുപന്‍ – അശ്വമായിച്ചമഞ്ഞ അഗ്നിയത്രേ, ദധിക്രാവ്. വളരെപ്പേരെ – ശത്രുക്കളെ. ദധിക്രാവ് ഒരു ദേവൻ; മുന്മണ്ഡലങ്ങളിലുണ്ട്.
[3] പായും – വെള്ളംപോലെ. വായുവേഗന്‍ ദധിക്രാവ്.
[4] ആപ്തനായ മനുഷ്യന്റെ – സ്തോതാവിന്റെ.
[5] നോക്കി – സമ്പാദിപ്പാന്‍ എന്നർത്ഥം. നിലവിളിയ്ക്കും – ശത്രുക്കൾ.
[9] മറ്റൊരേടത്തെയ്ക്കു – നമ്മെ വിട്ടു, മറ്റെതിരാളികളെ ഹനിപ്പാൻ.
[10] ചേർക്കട്ടെ – ഈ സ്തുതികൾക്ക് ആസ്വാദ്യമായ ഫലമുളവാക്കട്ടെ; സ്തോതാവിനെ സല്‍ഫലം നല്കി. അനുഗ്രഹിയ്ക്കട്ടെ.