വാമദേവൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ദധിക്രാവ് ദേവത.
ആ വേഗവാനായ ദധിക്രാവിതെത്തന്നേ നാം ക്ഷിപ്രം സ്തുതിയ്ക്കുക; വാനൂഴികളില്‍നിന്നു തീറ്റയും വിതറിക്കൊടുക്കുക. തമസ്സറകറ്റുന്ന ഉഷസ്സുകൾ എനിയ്ക്കായി ഫലങ്ങളെ രക്ഷിയയ്ക്കട്ടെ; എല്ലാപ്പാപത്തെയും കടത്തട്ടെ! 1
മഹാനായി ഗമനകുശലനായി ബഹുവരേണ്യനായി വൃഷാവായിരിയ്ക്കുന്ന ദധിക്രാവിനെ യജ്ഞപൂരകനായ ഞാന്‍ വളരെ സ്തുതിയ്ക്കുന്നു: മിത്രാവരുണരേ, മനുഷ്യർക്കായി നിങ്ങളാൽ നിർത്തപ്പെട്ടവനാണല്ലോ, തിളങ്ങുന്ന അഗ്നിപോലിരിയ്ക്കുന്ന ഈ താരയിതാവ്. 2
ആർ പുലര്‍കാലത്ത് അഗ്നിയെ ജ്വലിപ്പിച്ച്, അശ്വരൂപനായ ദധിക്രാവിനെ സ്തുതിച്ചുവോ; അവനെ മിത്രാവരുണരരോടൊപ്പം പ്രീതി പൂണ്ട് ഈ പരിപൂർണ്ണൻ പാപരഹിതനാക്കട്ടെ! 3
അന്നവും ബലവും കിട്ടിയ്ക്കുന്ന മഹാനായ ദധിക്രാവിന്റെ സ്തോതൃശുഭദമായ നാമത്തെ ഞങ്ങൾ സ്തുതിയ്ക്കുന്നു; വരുണന്‍, മിത്രന്‍, അഗ്നി, വജ്രപാണിയായ ഇന്ദ്രന്‍ എന്നിവരെയും നയ്മയ്ക്കായി വിളിക്കുന്നു. 4
മിത്രാവരുണരേ, മനുഷ്യപ്രേരകനായ യാതൊരശ്വരൂപനെ നിങ്ങൾ ഞങ്ങൾക്കുവേണ്ടി നിർത്തിയോ; ആ ദധിക്രാവിനെ, ഇന്ദ്രനെ എന്നപോലെ ഇരുകൂട്ടരും – യുദ്ധത്തിന്നൊരുങ്ങിയവരും, യജ്ഞം തുടങ്ങിയവരും – വിളിയ്ക്കുന്നു. 5
വിജയിയും അശ്വരൂപനുമായ ദധിക്രാവിനെ ഞാന്‍ സ്തുതിയ്ക്കാം: ആ വേഗവാന്‍ നമ്മുടെ മുഖങ്ങൾക്കു സൌരഭ്യം വരുത്തട്ടെ; നമുക്ക് ആയുസ്സും വളർത്തട്ടെ! 6