വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ദധിക്രാവ് ദേവത.
ദധിക്രാവിനെത്തന്നേ നാം ക്ഷിപ്രം സ്തുതിയ്ക്കുക: ഉഷസ്സുകളെല്ലാം എന്നെ പ്രേരിപ്പിയ്ക്കട്ടെ; ജലം, അഗ്നി, ഉഷസ്സ്, സൂര്യൻ, ആംഗിരസനായ ബൃഹസ്പതി, ഇന്ദ്രൻ എന്നിവരെയും സ്തുതിയ്ക്കുക. 1
നടക്കും, ഓടും, ചാടും – ഇങ്ങനെയുള്ള ഗന്താവും ഭരണനിപുണനും, ഗോക്കളെയും അന്നത്തെയും ഉഷസ്സിനെയും തേടുന്നവനും, പരിചാരകരിൽ വർത്തിയ്ക്കുന്നവനും, തിടുക്കംകൊള്ളുന്നവനും, സത്യനുമായ ദധിക്രാവ് അന്നവും ബലവും സ്വർഗ്ഗവും നല്കുമാറാകണം! 2
പോരാ, കൊതിയേറിയ ദധിക്രാവിന്റെ വെമ്പിക്കൊണ്ടുള്ള പാച്ചിലില്‍, പക്ഷിയുടെ പാറക്കലിലെന്നപോലെ, ആരും പിന്നിലായിപ്പോകും; പരുന്തുപോലെ പാറുന്ന ഈ താരയിതാവിന്റെ മാറിടത്തിനു ചുറ്റുമായി, കൂടെയുണ്ടാവും, ബലം! 3
പോരാ, ആ വാജി കഴുത്തിലും കക്ഷത്തിലും വായിലും കെട്ടപ്പെട്ടിട്ടു, തെളിയ്ക്കപ്പെടാൻ തിടുക്കംകൊള്ളും, ദധിക്രാവ് കർമ്മമനുസരിച്ചു പ്രവൃദ്ധബലനായിട്ടു, വഴിത്തിരിവുകളിലൂടേ വെച്ചടിയ്ക്കും! 4
ദ്യോവിൽ മേവുന്ന ഹംസനും, അന്തരിക്ഷത്തിൽ മേവുന്ന വസുവും, വേടിമേൽ മേവുന്ന ഹോതാവും, അതിഥിയും, ഗൃഹത്തിൽ മേവുന്നവനും, മനുഷ്യരിൽ മേവുന്നവനും, മണ്ഡലത്തിൽ മേവുനവനും യജ്ഞത്തിൽ മേവുന്നവനും, വ്യോമത്തിൽ മേവുന്നവനും, ജലത്തിൽ ജനിച്ചവനും, രശ്മികളിൽ ജനിച്ചവനും, സത്യത്തിൽ ജനിച്ചവനും, പർവതത്തിൽ ജനിച്ചുവനുമായ ഇവന്‍തന്നെ ബ്രഹ്മതത്ത്വം! 5
[2] സത്യന്‍ = സത്തുക്കളിൽ തഴയ്ക്കുന്നവന്‍.
[4] വാജി – അശ്വരുപനായ ദധിക്രാവ്. വെച്ചടിയ്ക്കാ – അതിവേഗത്തിൽ നടക്കും.
[5] ഈ ഋക്കിന്റെ ദേവത, സൂര്യനാണ്: വായ്വഗ്നിരൂപനായി അന്തരിക്ഷാദിസ്ഥാനങ്ങളിൽ വർത്തിയ്ക്കുന്ന സൂര്യന്‍തന്നേ പരബ്രഹ്മമെന്നു പ്രതിപാദിയ്ക്കുന്നു. ജലത്തിൽ ജനിച്ചവന്‍ – ജലമധ്യത്തിലാണല്ലോ, സൂര്യന്‍ ഉദിയ്ക്കുന്നത്. സത്യത്തിൽ ജനിച്ചവൻ – പ്രത്യക്ഷദൃശ്യൻ എന്നർത്ഥം. പർവതം – ഉദയാദ്രി. ഇവന്‍-ആദിത്യന്‍.