പുരുകുത്സപുത്തന്‍ ത്രസദസ്യ, ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; താനും ഇന്ദ്രാവരുണരും ദേവത.
ക്ഷത്രിയനും വിശ്വപതിയുമായ എനിയ്ക്കു, ദേവകളെല്ലാം നമുക്ക് എങ്ങനെയോ അങ്ങനെ രണ്ടു രാജ്യമുണ്ട്. വരുണനായ മനുഷ്യനും അയല്ക്കാരനും രൂപവാനുമായ എന്റെ കർമ്മത്തിൽ ദേവകൾ സംബന്ധിയ്ക്കും. രാജാവാണ്, ഞാന്‍! 1
ഞാൻതന്നേ, വരുണരാജാവ്: ആ മികച്ച ബലങ്ങൾ എനിയ്ക്കായി നിലക്കൊള്ളുന്നു. വരുണനായ മനുഷ്യനും അയല്ക്കാരനും രൂപവാനുമായ എന്റെ കർമ്മത്തിൽ ദേവകൾ സംബന്ധിയ്ക്കും. രാജാവാണ്, ഞാൻ! 2
ഇന്ദ്രനും, വരുണനും, ആ മഹത്ത്വമേറിയ ഗഭീരസുരൂപകളായ ദ്യാവാപൃഥിവികളും ഞാന്‍തന്നെ. വിദ്വാനായ ഞാന്‍, ത്വഷ്ടാവെന്നപോലെ, ഭുവനത്തെയെല്ലാം പ്രേരിപ്പിച്ചു; വാനൂഴികളെ താങ്ങി. 3
ഞാൻതന്നെയാണ്, നനവുണ്ടാക്കുന്ന വെള്ളം പൊഴിച്ചതും സൂര്യനെ അന്തരിക്ഷത്തിൽ നിർത്തിയതും. ഞാന്‍ ജലത്തിന്നുവേണ്ടി യജ്ഞവാനായ അദിതിപുത്രനായി ജനിച്ചു. ആകാശം മൂന്നുലകമാക്കപ്പെട്ടത്, എനിയ്ക്കുവേണ്ടിത്തന്നെ. 4
നല്ല കുതിരകളോടുകൂടിയ പടയാളികൾ എന്നെ പിന്തുടരുന്നു; സേന ചുഴന്നവര്‍ എന്നെ യുദ്ധത്തിലെയ്ക്കു വിളിയ്ക്കുന്നു. ഞാന്‍ മഘവാവായ ഇന്ദ്രനായിച്ചമഞ്ഞു പൊരുതുന്നു ധർഷകമായ ബലം പൂണ്ടുപൊടി പറപ്പിയ്ക്കുന്നു. 5
ഞാനാണ്, വിശ്വം സൃഷ്ടിച്ചത്. തടവുപെടാത്ത എന്നെയാതൊരു ദിവ്യബലവും തടയുകയില്ല. സോമവും ഉക്ഥവും എന്നെ ഇമ്പംകൊള്ളിയ്ക്കുമ്പോൾ, അറ്റമില്ലാത്ത വാനൂഴികൾ രണ്ടും നടുങ്ങിപ്പോകും! 6
സ്തോതാവേ, ആ വിശ്വവിദിതനായ വരുണനെ സ്തുതിയ്ക്കു. ഇന്ദ്ര, അവിടുന്നു വൃത്രരെ കൊന്നതായും, അവിടുന്നു മറയ്ക്കപ്പെട്ടിരുന്ന ജലങ്ങളെ പ്രവഹിപ്പിച്ചതായും കേട്ടിട്ടുണ്ടു്! 7
ഞങ്ങൾക്കിവിടെ, ദുർഗ്ഗഹപുത്രൻ തടവിലാക്കപ്പെട്ടപ്പോൾ, ആ സപ്തർഷികളാണ്, ഉല്‍പാദകരായത്: അവര്‍ ഇവളില്‍, ഇന്ദ്രന്‍ പോലെ വൃത്രഘ്നനും അർദ്ധദേവനുമായ ത്രസദസ്യുവിനെ ജനിപ്പിച്ചു. 8
ഇന്ദ്രാവരുണന്മാരേ, പുരുകുത്സപത്നി നിങ്ങളെ ഹവിസ്സുകൊണ്ടും നമസ്സുകൊണ്ടും പ്രസാദിപ്പിച്ചുവല്ലോ; അതിനാല്‍, നിങ്ങൾ ഇവൾക്കു വൃത്രഘ്നനും അർദ്ധദേവനുമായ ത്രസദസ്യുരാജാവിനെ കല്പിച്ചു നല്കി! 9
ഇന്ദ്രാവരുണന്മാരേ, സേവിയ്ക്കുന്ന ഞങ്ങൾ ധനംകൊണ്ടും, ദേവന്മാര്‍ ഹവിസ്സുകൊണ്ടും, ഗോക്കൾ പുല്ലുകൊണ്ടും ഇമ്പംകൊള്ളട്ടെ: പോയ്ക്കളയാത്ത ആ ധേനുവിനെ നിങ്ങൾ ഞങ്ങൾക്കു നിത്യം തന്നരുളുവിൻ! 10
[1] ദേവകളൊമക്ക നമ്മുടെയാണല്ലോ; അതുപോലെ, എനിയ്ക്കു രണ്ടു രാജ്യമുണ്ട്: ഭൂമിയും സ്വർഗ്ഗവും രണ്ടും എന്റെതാണ്. വരുണനും താനാണെന്ന്: അയല്ക്കാരന്‍ – ഏല്ലാവർക്കും അയല്‍പക്കക്കാരന്‍പോലെയുള്ളവന്‍.
[3] ഗഭീരസുരൂപകൾ = ഗഭീരകളും സുരൂപകളും. ത്വഷ്ടാവ് = പ്രജാപതി. പ്രേരിപ്പിച്ചു – സൃഷ്ടീച്ചയച്ചു.
[7] ഇതുമുതൽ ഇന്ദ്രവരുണസ്തുതീയാണ്; വൃത്രര്‍ = ശത്രുക്കൾ.
[8]ദുർഗ്ഗപുത്രനായ പുരുകുത്സനെന്ന രാജാവു ശത്രുക്കളാൽ തടവിലാക്കപ്പെട്ടതിനാൽ രാജ്യം അരാജകമായിപ്പോയി. അതു കണ്ടു് അദ്ദേഹത്തിന്റെ പത്നി, ഒരു പുത്രനുണ്ടാകാന്‍വേണ്ടി, യദൃച്ഛയാ വന്നുചേർന്ന സപ്തർഷികളെ പൂജിച്ചു. അവര്‍ പ്രസാദിച്ച്, ഇന്ദ്രവരുണന്മാരെ യജിപ്പാന്‍ ഉപദേശിച്ചു. രാജ്ഞി അതനുഷ്ഠിച്ചതിനാല്‍, തനിയ്ക്കു ത്രസദസ്യ, എന്ന പുത്രനുണ്ടായി. ഈ സ്വന്തം ഉല്‍പത്തിയെ ത്രസദസ്യ, സൂചിപ്പിയ്ക്കുന്നു: ഞങ്ങൾക്ക് – എനിയ്ക്ക് ഇവൾ – പുരുകുത്സപത്നി, ത്രസദസ്യുവിന്റെ അമ്മ. വൃത്രശബ്ദത്തിന്നു ശത്രുവെന്നും വൃത്രനെന്നും രണ്ടർത്ഥം. ത്രസദസ്യുവിനെ – എന്നെ.
[10] ആ ധേനു – പ്രീതികരമായ ധനം.